വൈദ്യുതി മുടക്കം; ദ്വീപ് നിവാസികള്‍ വലയുന്നു

Wednesday 11 October 2017 8:45 pm IST

പെരുമ്പളം: ദ്വീപിലെ വൈദ്യുതി തടസ്സം. പരാതി കേള്‍ക്കാന്‍ കെഎസ്ഇബി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. മൂവായിരത്തോളം വൈദ്യുതി ഉപഭോക്താക്കളുള്ള ദ്വീപിലേക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വിമര്‍ശനം. ചെറിയ തകരാറുകള്‍ പരിഹരിക്കുന്നതിന് ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍. കെഎസ്ഇബിക്ക് ദ്വീപില്‍ ഓഫീസുണ്ടെങ്കിലും ഇവിടെ ആളും അനക്കവും ഇല്ലാതായിട്ട് നാളുകളായെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പരാതി രേഖപ്പെടുത്താനുള്ള ബുക്ക് പോലും ഓഫീസില്‍ ഇല്ലത്രേ. പരാതി പറയുന്ന നാട്ടുകാരോട് ജീവനക്കാര്‍ തട്ടിക്കയറുന്നതായും വിമര്‍ശനമുണ്ട്. രാത്രി ഡ്യൂട്ടിക്ക് ആളില്ലാത്തതിനാല്‍ ലൈന്‍ പൊട്ടി വീഴല്‍ അടക്കുള്ള സംഭവങ്ങള്‍ ഉണ്ടായല്‍ പരിഹരിക്കും വരെ ജനങ്ങളുടെ ഉള്ളില്‍ ഭീതിയാണ്. അരൂക്കുറ്റിയിലെ ഓഫീസിലേക്ക് പരാതി പറയാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. പഞ്ചായത്ത് നല്‍കിയ സ്ഥലത്താണ് കെഎസ്ഇബിക്കായി ദ്വീപില്‍ ഓഫീസ് നിര്‍മിച്ചത്. സബ് എന്‍ജിനിയറുടെ അഭാവമാണ് ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതിന് കാരണമെന്നും പെരുമ്പളം അടക്കം മൂന്ന് ഓഫീസുകളുടെ ചുമതല ഒരുസബ് എന്‍ജിനിയര്‍ക്കാണ് നല്‍കിയിട്ടുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു.