ഉദ്യാനവിസ്തൃതി കുറയ്ക്കാന്‍ നീക്കം

Wednesday 11 October 2017 8:07 pm IST

രാഷ്ട്രീയ അട്ടിമറിയെത്തുടര്‍ന്ന് അന്തിമ വിജ്ഞാപനമിറക്കാതെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. 2017 മാര്‍ച്ച് 27ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ ഗൂഢനീക്കം വ്യക്തമാകും. റിപ്പോര്‍ട്ടിലെ മൂന്നാം പേജില്‍ 'നീലക്കുറിഞ്ഞി  ഉദ്യാനമായി പ്രഖ്യാപിച്ച പ്രദേശത്തെ പ്രശ്‌നങ്ങള്‍' എന്ന തലക്കെട്ടില്‍ 2006ലെ വിജ്ഞാപനം പ്രഹസനമാകുമെന്ന പരോക്ഷ സൂചനയുണ്ട്. 2006 ലെ വിജ്ഞാപനത്തില്‍ പട്ടയ ഭൂമികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ വിശദീകരണം. വാണിജ്യസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നിടം കൂടി ഉള്‍പ്പെടുത്തിയാണ് ആദ്യവിജ്ഞാപനമിറക്കിയതെന്നാണ്  വിചിത്രവാദം. ബ്ലോക്ക് നമ്പര്‍ 58, 62 എന്നിവിടങ്ങളിലെ കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് ഈ നീക്കം. കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍പ്പെട്ടിരിക്കുന്ന ജോയ്സ് ജോര്‍ജിനും കുടുംബക്കാര്‍ക്കും ഭൂമി സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെന്ന ആക്ഷേപം ശക്തമാണ്. അടുത്ത ദിവസം കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിര്‍ത്തി കുറച്ച് പേരിനൊരു ഉദ്യാന പ്രഖ്യാപനം നടത്തുന്നതാകും സര്‍ക്കാരിന് താല്‍പര്യമത്രെ.കുറിഞ്ഞി ഉദ്യാനത്തില്‍ വ്യാപക കയ്യേറ്റമാണെന്ന് ദേവികുളം സബ്കളക്ടര്‍ ദേശീയ ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം നടപ്പാക്കാന്‍ റവന്യു വകുപ്പ് നടത്തിയ നീക്കങ്ങള്‍ സമരത്തിലൂടെ രാഷ്ട്രീയ കക്ഷികള്‍ തടസ്സപ്പെടുത്തിയെന്നും അഞ്ച് പേജുള്ള റിപ്പോര്‍ട്ടിലുണ്ട്. 2016ല്‍ ആര്‍ഡിഒ വിളിച്ച ഹിയറിങ് തടയാന്‍ ഓഫീസ് ഉപരോധിച്ചതായും ഇപ്പോഴത്തെ ദേവികുളം സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറയുന്നു. കുറിഞ്ഞി ഉദ്യാനത്തിനായി 2006ല്‍ ഇറക്കിയ വിജ്ഞാപനം അന്തിമവിജ്ഞാപനമായി  ഇറക്കണമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ അഭിപ്രായം. കുറിഞ്ഞി ഉദ്യാനം കത്തിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഹരിത ട്രിബ്യൂണലില്‍ എത്തിയിട്ടുണ്ട്. ഉദ്യാന പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് ട്രിബ്യൂണലില്‍ വാദം തുടരുകയാണ്. അടുത്തമാസം ആദ്യം ഈ കേസ് ട്രിബ്യൂണല്‍ വീണ്ടും പരിഗണിക്കും. ഉദ്യാനം കത്തിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത ജില്ലാഭരണകൂടത്തിനും വനംവകുപ്പിനുമെതിരെ ട്രിബ്യൂണല്‍ ശക്തമായ നടപടി കൈക്കൊണ്ടേക്കും. കൈയേറ്റക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്ന കേരളത്തിലെ സര്‍ക്കാരുകള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമവിജ്ഞാപനത്തില്‍ എത്ര ഹെക്ടര്‍ വസ്തു ഭൂമാഫിയയ്ക്ക് തീറെഴുതുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. (അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.