പട്ടാമ്പി പാലം തകര്‍ച്ചയില്‍

Wednesday 11 October 2017 8:03 pm IST

പട്ടാമ്പി:ഭാരതപ്പുഴക്ക് കുറുകെയുള്ള അരനൂറ്റാണ്ട് പഴക്കമുള്ള പട്ടാമ്പിപ്പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് കമ്പികള്‍ പുറത്തുകാണുന്നുണ്ട്. പാലത്തിന്റെ കൈവരികള്‍ പല ഭാഗത്തും തകര്‍ന്ന നിലയിലാണ്.ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്. 2012ല്‍ പാലത്തിന് മുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് കമ്പികള്‍ പുറത്ത് വന്നപ്പോള്‍ വിദഗ്ദ്ധര്‍ പരിശോധന നടത്തി പാലത്തിന് ഭീഷണിയില്ലെന്ന് പറഞ്ഞിരുന്നു.എന്നാല്‍ നിലവിലെ സ്ഥിതി ആശങ്കാജനകമാണ്. പട്ടാമ്പി നഗരത്തിന് ചേര്‍ന്നുള്ള പാലത്തില്‍ ഗതാഗത തടസ്സമുണ്ടായാല്‍ നഗരവും കുരുക്കില്‍ കുരുങ്ങും. രണ്ട് വലിയ വാഹനങ്ങള്‍ ഒരേ സമയം വന്നാല്‍ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണിപ്പോല്‍.1966ല്‍ സ്ഥാപിച്ച പാലം കോസ് വേ ആയാണ് നിര്‍മിച്ചത്. ആറ് മീറ്റര്‍ വീതി മാത്രമുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് കുറ്റികളില്‍ കനം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചാണ് കൈവരി തീര്‍ത്തിട്ടുള്ളത്'' കാലാകാലങ്ങളായി കൈവരികള്‍ മാറ്റാത്തതിനാല്‍ അപകട സാധ്യത ഏറിയിരിക്കുകയാണ്. അനിയന്ത്രിതമായ മണലെടുപ്പാണ് പാലത്തിന്റെ തകര്‍ച്ചക്ക് മറ്റൊരു കാരണം.പാലത്തില്‍ നിന്ന് നിശ്ചിത അകലം പാലിച്ചെ മണലെടുക്കാവൂയെന്ന നിയമം കാറ്റില്‍ പറത്തിയാണ് തൂണുകളുടെ അടിവശത്ത് മണലൂറ്റ് നടക്കുന്നത്. ഇത് ബലക്ഷയത്തിന് കാരണമായി.പട്ടാമ്പിയില്‍ പുതിയ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2012 ല്‍ ഇതിനായി ജനപ്രതിനിധികളുടെയും സര്‍വകക്ഷി യോഗം ചേരുകയും സ്ഥലപരിശേധന നടത്തുകയും ചെയ്തു. പഴയകടവില്‍ നിന്ന് പുതിയ പാലം പണിയാന്‍ തീരുമാനിക്കുകയും പ്രസ്തുതഭാഗത്ത് പുഴയില്‍ ബല പരിശോധന നടത്തുകയും ചെയ്തിരുന്നു. പഴയപാലം പൊളിച്ച് പുതിയത് പണിയുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത പ്രശ്‌നം മൂലം പട്ടാമ്പി ക്ഷേത്രം, മറ്റ് കെട്ടിടങ്ങള്‍ എന്നിവക്ക് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പഴയ കടവില്‍ നിന്ന് പുതിയ പാലമെന്ന നിര്‍ദ്ദേശം വന്നത്.പ്രാഥമിക പരിശോധനകള്‍ നടന്നെങ്കിലും പിന്നീട് മൂന്ന് വര്‍ഷക്കാലം തുടര്‍നടപടിയുണ്ടായില്ല. ഇതിനിടയില്‍ കെഎസ്ടിപി പദ്ധതിയായ പെരുമ്പിലാവ് നിലമ്പൂര്‍ റോഡ് വികസനത്തില്‍ പട്ടാമ്പി പാലം കൂടി ഉള്‍പ്പെടുത്തിയതോടെ പാലം പണി അനന്തമായി നീണ്ടു. റോഡുപണിയുമായി ബന്ധപ്പെട്ട സര്‍വ്വെ നടപടികള്‍ നീണ്ട് പോകുകയാണ്.ഇതുമൂലം ശോചനീയവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലമെന്നത് സ്വപ്‌നമായി അവശേഷിക്കുകയാണ്. ഒരു ഭാഗത്ത് റെയില്‍വെയും മറുഭാഗത്ത് ഭാരതപ്പുഴയും പട്ടാമ്പി ടൗണിന്റെ വികസനത്തിന് പരിമിതി സൃഷ്ടിക്കുമ്പോള്‍ ഇടുങ്ങിയ പാലം വികസന കുതിപ്പിന് വിഘാതമാവുകയാണ്. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബലക്ഷയം അപകടത്തിനിടയാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.