ദേശീയത രാഷ്ട്രരക്ഷയുടെ കാതല്‍

Wednesday 11 October 2017 8:49 pm IST

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നല്‍കിയ സന്ദേശത്തിന്റെ ചുരുക്കം. ഈ വര്‍ഷത്തെ വിജയദശമിയുടെ പുണ്യമുഹൂര്‍ത്തത്തെ സമ്പന്നമാക്കുവാനാണ് നാം ഇവിടെ കൂടിയിരിക്കുന്നത്. ഈ വര്‍ഷം പരമപൂജനീയനായ പദ്മഭൂഷണ്‍ കുശോക ബകുലാ റിംപോചെയുടെ ജന്മശതാബ്ദി വര്‍ഷമാണ്. ഒപ്പം സ്വാമി വിവേകാനന്ദന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വര്‍ഷവും. അതുപോലെ അദ്ദേഹത്തിന്റെ ശിഷ്യയായ ഭഗിനി നിവേദിതയുടെ 150-ാം ജന്മവര്‍ഷവുമാണ്. പൂജ്യ കുശോക് ബകുലാ ബൗദ്ധധര്‍മത്തിലെ 16 അര്‍ഹതങ്ങളില്‍പ്പെട്ട ബകുളിന്റെ അവതാരമാണെന്ന് ഹിമാലയപ്രദേശങ്ങളിലെ സമസ്ത ബൗദ്ധരും കരുതി ആരാധിക്കുന്നു. ഈ കാലഘട്ടത്തില്‍ അദ്ദേഹം ലഡാക്കിലെ ഏറ്റവും അധികം ആദരിക്കപ്പെടുന്ന പേരാണ്. മുഴുവന്‍ ലഡാക്കിലും വിദ്യാഭ്യാസ പ്രചാരണത്തിലും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടച്ചുനീക്കുന്നതിനും ഒപ്പം സാമൂഹ്യപരിഷ്‌കരണത്തിനും ദേശീയബോധം ഉണര്‍ത്തുന്നതിനും അദ്ദേഹം മഹത്വപൂര്‍ണമായ പങ്കുവഹിച്ചു. 1947-ല്‍ കസായിലി എന്ന ഗോത്രവിഭാഗങ്ങളെപ്പോലെ വേഷം ധരിച്ച് ജമ്മുകാശ്മീരിനെ ആക്രമിച്ച സമയത്ത് അദ്ദേഹത്തിന്റെ പ്രേരണയാല്‍ അവിടെ യുവാക്കള്‍ നൂസ്രാ സേന ഉണ്ടാക്കി സ്‌ക്കര്‍ദു എന്ന സ്ഥലത്തിനപ്പുറത്തേക്ക് കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ജമ്മുകാശ്മീര്‍ നിയമസഭാംഗം, സംസ്ഥാനതല മന്ത്രി ഒപ്പം ലോക്‌സഭ അംഗം എന്ന നിലയിലും അഖിലഭാരതീയതലത്തിലും അദ്ദേഹത്തിന്റെ മഹത്വപൂര്‍ണമായ സംഭാവനയുണ്ടായി. അദ്ദേഹം 10 വര്‍ഷത്തോളം മംഗോൡയയില്‍ ഭാരതത്തിന്റെ നയതന്ത്രപ്രതിനിധിയായിരുന്നു. ആ കാലഘട്ടത്തില്‍ മംഗോൡയയില്‍ ഏകദേശം 80 വര്‍ഷം തുടര്‍ന്നുപോന്ന കമ്മ്യൂണിസ്റ്റ് ഭരണവ്യവസ്ഥയുടെ അന്ത്യത്തിനുശേഷം അവിടുത്തെ പരമ്പരാഗതമായ ബൗദ്ധപരമ്പരയുടെ പുനരുജ്ജീവിനത്തിനായുള്ള സമൂഹത്തിന്റെ എല്ലാവിധ പ്രയത്‌നങ്ങള്‍ക്കും അദ്ദേഹം നല്‍കിയ പിന്തുണ പ്രശംസിക്കപ്പെട്ടു. 2001-ല്‍ അവിടുത്തെ പോളാര്‍സ്റ്റാര്‍ എന്ന ബഹുമതി നല്‍കി ആദരിച്ചു. ആധ്യാത്മികമായ അനുഭവസമ്പത്തും, അചഞ്ചലമായ രാഷ്ട്രനിഷ്ഠയും ഒപ്പം നിസ്വാര്‍ത്ഥബുദ്ധിയോടെ നിരന്തരം ബഹുജനഹിതകരമായ കാര്യങ്ങളില്‍ മുഴുകി എന്നതുകൊണ്ട് തന്നെ അദ്ദേഹം നമുക്കെല്ലാം ആദരണീയനും അനുകരണീയനുമാണ്. സ്വാമിവിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രസംഗത്തില്‍ ഭാരതത്തിന് വിശ്വമാനവികതയോടുള്ള ഏതുതരം ദേശീയ വീക്ഷണമാണ് വേണ്ടത് എന്നതിന്റെ വ്യക്തിപരവും സാമൂഹ്യപരവുമായ ഉദാഹരണമാണ് ആചാര്യ ബകുലായിലൂടെ ഉണ്ടായത്. ഈ ദേശീയ വീക്ഷണം നമ്മുടെ പാരമ്പര്യമാണ്. ആദികവിയായ വാല്മീകി ഈ വീക്ഷണത്തോടെയാണ് മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ജീവിതത്തെ തന്റെ ചിരഞ്ജീവമായ രാമായണ കൃതിയില്‍ വിഷയമാക്കിയത്. നമ്മുടെ അതിഥി ഭക്തിപ്രസ്ഥാനത്തിന്റെ ആചാര്യന്‍ സ്വാമി രവിദാസ്ജീ മഹാരാജ് സ്വന്തം ജീവിതംകൊണ്ട് ധാര്‍മിക ഉപദേശങ്ങളാലും ഇതേ വീക്ഷണത്തിനെ പുനര്‍ജ്ജീവിപ്പിച്ചിരിക്കുകയാണ്. ഭഗിനിനിവേദിതയിലൂടെയും അതേ ദേശീയ വീക്ഷണത്തോടെ ദേശീയചാരിത്ര്യം ഉറപ്പിക്കുന്നതിനുള്ള ഹിന്ദുസമൂഹത്തിന്റെ സദാ ഉണര്‍വ്വിനായുള്ള നിരന്തര സാമൂഹ്യജാഗരണ പ്രവര്‍ത്തനങ്ങളും പ്രബോധനങ്ങളുമാണ് നടന്നത്. സ്വധര്‍മത്തിന്റെയും സ്വദേശത്തിന്റെയും അഭിമാനം നിരന്തരം മനസ്സില്‍ ഉണര്‍ത്തിക്കൊണ്ട് തന്റെ കോടിക്കണക്കിന് ദേശവാസികളെ നിരന്തരം സേവിച്ചുകൊണ്ട് അവരിലെ അജ്ഞാനത്തേയും ഇല്ലായ്മകളേയും ദൂരീകരിച്ചുകൊണ്ട് സംഘടിത സമാജത്തില്‍ പ്രേരണയായി. സമൂഹത്തെ രാഷ്ട്രഭിമാനത്തിന്റെ സമ്പൂര്‍ണ്ണ മൂര്‍ത്തിമദ്ഭാവമാക്കി മാറ്റുന്നതിന് ഈ നാട്ടിലെ ബുദ്ധിജീവികളും, ചിന്തകന്മാരും നമ്മളെ ഗ്രസിച്ച ആത്മാഭിമാനമില്ലായ്മയും, ഭ്രമാത്മകചിന്തകളും കൊണ്ട് മലിനമാക്കപ്പെട്ട ആ വൈദേശിക ചിന്താഗതികളില്‍നിന്നും വീക്ഷണത്തില്‍നിന്നും മുക്തരായേ മതിയാകൂ. ജന്മം നല്‍കിയ യൂറോപ്യന്‍ ഭരണകൂടത്തില്‍നിന്ന് പൂര്‍ണമായും മുക്തയായി സമ്പൂര്‍ണമായി ഭാരതീയ ജനതയുടെ മനസ്സിലും, മൂല്യംകൊണ്ടും ഭരണകൂടവുമായി താദാത്മ്യം പ്രാപിച്ച ഭഗിനിനിവേദിതയുടെ സാധന നമ്മള്‍ ഭാരതീയര്‍ക്ക് സനാതന വീക്ഷണത്തോടെ മൂല്യവത്തായ ചിന്തകളോടെ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നു. രാഷ്ട്രം കൃത്രിമമായ പദ്ധതികളാല്‍ രൂപപ്പെടില്ല. വ്യവസ്ഥാപിത രാജ്യം എന്ന സങ്കല്‍പത്തില്‍നിന്ന് നമ്മുടെ സംസ്‌കാരവും ജനകീയവുമായ രാഷ്ട്രമെന്ന വസ്തുത തികച്ചും വിഭിന്നവും വിശിഷ്ടവുമാണ്. നമ്മുടെ എല്ലാം ഭാഷ, സംസ്ഥാനം, ആചാരാനുഷ്ഠാനങ്ങള്‍, ജാതി, ഉപജാതി, ജീവിതശൈലികള്‍, ഇടപെടലുകള്‍, സഹവാസം എന്നീ വൈവിധ്യങ്ങളെ ഒറ്റനൂലില്‍ കോര്‍ത്തിണക്കി ബന്ധിപ്പിക്കുന്ന സംസ്‌കാരം അതിന്റെ പിതൃത്വം, വിശ്വമാനവികതയെ കുടുംബ സങ്കല്പത്താല്‍ വികസിതമാക്കിയ സനാതന ജീവിതമൂല്യമായ 'നമ്മള്‍' എന്ന ഭാവനയാണ്. ആ രാഷ്ട്രത്തിന്റെ മണ്ണില്‍ നൂറ്റാണ്ടുകളായി സമൂഹമൊരുമിച്ച് ജീവിച്ചുവന്ന അനുഭവങ്ങളും, അതിലൂടെ നേടിയ ജീവിതമൂല്യവും, സാമുഹ്യസത്യങ്ങളുടെ സാക്ഷാത്കാരവും അതിലൂടെ വികസിച്ച സാമൂഹ്യമായ ബോധത്തില്‍ നിന്നുമാണ് ഉരുത്തിരിയുന്നത്. ഈ ചിന്ത സമൂഹത്തിലെ വ്യക്തി, കുടുംബം, മറ്റ് സമൂഹത്തിലെ എല്ലാ മേഖലകളിലും സംക്രമിച്ച് അവരവരുടെ കര്‍മങ്ങളില്‍കൂടി ആവിഷ്‌കരിക്കപ്പെടുന്നു. അപ്പോള്‍ മാത്രമാണ് രാഷ്ട്രത്തിന്റെ വാസ്തവികമായ വികാസം ഉണ്ടാകുന്നത്; അതിലൂടെയാണ് ലോകത്തില്‍ മാന്യത കിട്ടുന്നത്; ലോകജീവിതത്തില്‍ നമ്മുടെ കടമ യോഗ്യവും സാമര്‍ത്ഥ്യപൂര്‍ണവുമായ രീതിയില്‍ നിര്‍വ്വഹിച്ചുകൊണ്ട് രാഷ്ട്രം സാര്‍ത്ഥകമായ പങ്ക് വഹിക്കാന്‍ സാധിക്കുന്നത്. ഈ ശാശ്വത സത്യത്തിന്റെ അനുഭവം കുറച്ചു ശതമാനമെങ്കിലും ഇന്നത്തെ അവസ്ഥയില്‍ കുറേശ്ശെയായി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. യോഗവിദ്യയിലും പാരിസ്ഥിതികമായ നമ്മുടെ മുന്നേറ്റത്തിലൂടെ അന്താരാഷ്ട്രസമൂഹത്തില്‍ അതിന് കിട്ടിക്കൊണ്ടിരിക്കുന്ന ഗൗരവവും സ്വീകാര്യതയും നമ്മുടെ പ്രാചീന രാഷ്ട്രത്തെപ്പറ്റിയുള്ള അഭിമാനവും അനുഭൂതിയും നല്‍കുകയാണ്. പോരാട്ടം രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനും വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയും നടത്തിയതിനെ തുടര്‍ന്ന് 'ഡോക്‌ലം' പോലുള്ള സംഭവങ്ങളിലൂടെ ശ്രദ്ധ നേടിയ ഭാരതത്തിന്റെ അതിര്‍ത്തിയോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ രാജ്യനയങ്ങളോടുള്ള ശക്തമായ സമീപനം നമ്മുടെ മനസ്സില്‍ നമ്മുടെ കഴിവിനെപ്പറ്റിയുള്ള ആശ്വാസകരമായ അനുഭൂതി ഉണര്‍ത്തുന്നു. ഒപ്പം അന്താരാഷ്ട്ര സമൂഹത്തില്‍ ഭാരതത്തെപ്പറ്റി ആദരഭാവത്തിന്റെ പുതിയ ഉണര്‍വ്വ് പ്രദാനം ചെയ്തിരിക്കുന്നു. ബഹിരാകാശ വൈജ്ഞാനികമേഖലയില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ നേടിയ വിജയങ്ങള്‍ ബുദ്ധി വൈഭവത്തിന്റെ കാര്യത്തിലും നമ്മുടെ നാടിന്റെ യശസ്സ് ഉണര്‍ത്തുന്നു. ദേശത്തിനകത്തും ആന്തരികസുരക്ഷ ശക്തമാക്കുന്നതില്‍ നാം മുന്നേറിയിട്ടുണ്ട്. ഉപരിതല ഗതാഗതമാര്‍ഗങ്ങളുടെ വളര്‍ച്ചയിലും അരുണാചല്‍ പോലുള്ള അതിര്‍ത്തി പ്രദേശങ്ങളിലും വ്യാപിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു. സ്ത്രീകളുടെ ഉയര്‍ച്ചക്കായി 'ബേഠീ ബച്ചാവോ ബേഠി പഠാവോ' എന്നീ യോജനകളും നടന്നുകൊണ്ടിരിക്കുന്നു. ശുചിത്വബോധത്തിനായുള്ള ബോധവല്‍ക്കരണം ജനപങ്കാളിത്തത്തോടെ ചെയ്യുന്നതിലേക്ക് വളര്‍ന്നിരിക്കുന്നു. പരമ്പരാഗതമായി ചിന്തിച്ചിരുന്ന പല മേഖലകളിലും നാടിന്റെ ഉള്ളില്‍ ചെറുതും വലുതുമായ നിരവധി മാറ്റങ്ങള്‍ക്കായുള്ള പരിശ്രമം സാമാന്യസമൂഹത്തില്‍ പുതിയ പ്രതീക്ഷകള്‍ മുളപൊട്ടി തുടങ്ങിയിട്ടുണ്ട്. അതായത് കാശ്മീര്‍ താഴ്‌വരയില്‍ അതിശക്തമായി അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നുഴഞ്ഞുകയറ്റവും അകാരണമായ വെടിവെയ്പിലും നമ്മുടെ ചെറുത്തുനില്‍പ്പിന് സാര്‍വത്രികമായ സ്വീകരണമാണ് ലഭിക്കുന്നത്. സേനക്കൊപ്പം എല്ലാവിധ സുരക്ഷാവിഭാഗത്തിനും പരിപൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു. വിഘടനവാദികളുടെ പ്രകോപനപരമായ പ്രവൃത്തികള്‍ക്കും, പ്രചാരണങ്ങള്‍ക്കും തടയിടാന്‍ അവരുടെ അനധികൃതമായ സാമ്പത്തിക സ്രോതസ്സുകളെ കണ്ടെത്തിയും ദേശവിരുദ്ധശക്തികളുമായി അവര്‍ക്കുള്ള ബന്ധം പരസ്യമാക്കിയും നിയന്ത്രിക്കാന്‍ സാധിച്ചിരിക്കുന്നു. എന്നാല്‍ ലഡാക്ക്, ജമ്മു അടക്കമുള്ള സമ്പൂര്‍ണ ജമ്മുകാശ്മീര്‍ രാജ്യത്ത് ഭേദഭാവങ്ങളില്ലാതെ, എല്ലാവരേയും ഒരുമിച്ച് ചേര്‍ത്ത് സുതാര്യമായ, സുശക്തമായ ഭരണസംവിധാനത്താല്‍ വികസനത്തിന്റെ നേട്ടം വേഗത്തിലും കൂടുതലായും അവരിലേക്ക് എത്താന്‍ വേണ്ട പ്രയത്‌നം ഇനിയും ആവശ്യമുണ്ട്. സംസ്ഥാനത്ത് നിലവിലെ അഭയാര്‍ത്ഥിപ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. നിരവധി വര്‍ഷങ്ങളായി അഭയാര്‍ത്ഥികളായി ഒന്നിച്ചുകഴിയേണ്ടിവന്നവരിലെ ഒരു തലമുറ ഹിന്ദുവായും ഭാരതത്തില്‍ തന്നെ ഉറച്ചു നില്‍ക്കണമെന്നും ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ ഭാഗമായിരുന്നിട്ടും തികച്ചും ഭേദഭാവങ്ങളാല്‍ ചുറ്റപ്പെട്ട അധികാര വ്യവസ്ഥിതികളില്‍പെട്ട് ഉഴറിയ അവര്‍ നിത്യനിദാന ഭരണകൂട സൗകര്യങ്ങള്‍ ലഭിക്കാതെ ഏറെ പിന്തള്ളപ്പെട്ടിരിക്കുന്നു. 1947-ല്‍ പാക് അധീന കാശ്മീരി നിന്ന് വന്നവരും 1990-ല്‍ കാശ്മീര്‍ താഴ്‌വരയില്‍നിന്ന് ഓടിക്കപ്പെട്ട് സ്ഥിരതാമസമാക്കിയവരുടെ പ്രശ്‌നങ്ങളും അതേപോലെ തുടരുകയാണ്. ഭാരതത്തോടുള്ള ഭക്തിയും സ്വധര്‍മത്തോടുള്ള ഭക്തിയും മുറുകെ പിടിച്ചുകൊണ്ടുതന്നെ നമ്മുടെ ഈ ബന്ധുജനങ്ങളെ തുല്യരായി കണ്ട് ജനാധിപത്യപരമായ കര്‍ത്തവ്യം ജനാധിപത്യപരമായ അധികാരങ്ങളും ഉപയോഗപ്പെടുത്തണം. അവരുടെ സുരക്ഷയും, അംഗീകാരവും, സുഖവും തിരികെ നല്‍കിക്കൊണ്ട് ഈ ദേശത്തിലെ ജനതക്കൊപ്പം നിര്‍ത്താനുള്ള അന്തരീക്ഷം സംജാതമാക്കേണ്ടതുണ്ട്. ഈ ന്യായമായ കാര്യം പൂര്‍ത്തീകരിക്കാന്‍ ആവശ്യമെങ്കില്‍ ഭരണഘടനാപരമായ ഭേദഗതി നടത്തുകയും പഴയതില്‍ മാറ്റം വരുത്തുകയും വേണം. എന്നാല്‍ മാത്രമേ ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് ഭാരതത്തിലെ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് സമ്പൂര്‍ണ രാഷ്ട്രത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയൂ. സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്കൊപ്പം തന്നെ സമൂഹത്തിന്റെ കടമയും ഇതില്‍ മഹത്വപൂര്‍ണമാണ്. രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലെ ജനത നിരന്തരം അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെടിവെയ്പും, ഭീകരന്മാരുടെ നുഴഞ്ഞുകയറ്റത്തിനുമിടയില്‍ ധീരതയോടെ പോരാടുകയാണ്. അവര്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരായി യുദ്ധം ചെയ്യുകയാണ്. അവര്‍ക്കൊന്നും ഇത്തരം നിരന്തരമായ അസുരക്ഷിത അന്തരീക്ഷത്തില്‍ അസ്വസ്ഥതയോടെ ജീവിക്കേണ്ടിവരുന്നു. ഭരണകൂടങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ക്കപ്പുറത്ത് മറ്റ് വിവിധ സംഘടനകള്‍ക്കും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും നിരന്തരം ബന്ധം വയ്ക്കുകയും ചെയ്യേണ്ടതാണ്. ഈ തരത്തില്‍ സംഘത്തിന്റെ സ്വയംസേവകര്‍ നേരത്തെ തന്നെ അവിടെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സമൂഹത്തിന്റെ ചിന്ത, പ്രവൃത്തികള്‍, ഭരണകൂടവും സമൂഹവും ചേര്‍ന്നുള്ള പ്രയത്‌നം എന്നിവവഴി കൂടുതല്‍ മികച്ച സംവിധാനങ്ങള്‍ ചെയ്യാനാകും. കാശ്മീര്‍ താഴ്‌വരയിലും ലഡാക്കിലുമുള്ള വിദൂരങ്ങളായ പ്രദേശങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ അതേപോലെ ധാര്‍മിക വിദ്യാഭ്യാസം എന്നിവ ചെയ്യാനുള്ള കാര്യങ്ങളുടെ ആവശ്യം കൂടുതലായുള്ളതായി അനുഭവപ്പെടുന്നു. സമാജത്തിലെ സകാരാത്മകമായ ബന്ധപ്പെടലും, ബോധവല്‍ക്കരണവും വേണ്ട ഉപദേശങ്ങള്‍ നല്‍കലും സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ സമൂഹത്തില്‍ നിന്ന് തന്നെ പരിശ്രമം നടത്തേണ്ട അനിവാര്യമായ ആവശ്യമുണ്ട്. വര്‍ഷങ്ങളായി നടന്നുവരുന്ന അസത്യപ്രചാരങ്ങളുടെ മറവില്‍ രൂപപ്പെട്ടിരിക്കുന്ന വിഘടനചിന്തയും അസന്തുഷ്ടിയും ചേര്‍ന്നുള്ള വിഷത്തെ ഇല്ലായ്മ ചെയ്യാന്‍ സ്വാഭാവികവും അകൃത്രിമവുമായ ആത്മീയതയുടെ പരിചയം സമൂഹത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന സകാരാത്മകമായ കാര്യങ്ങളിലൂടെ നല്‍കേണ്ടതുണ്ട്. രാഷ്ട്രവിരുദ്ധ ശക്തികളുടെ ഗൂഢാലോചനകളെ ദൃഢതയോടെയും സാമര്‍ത്ഥ്യത്തോടെയും എതിരിടാനുള്ള സുചിന്തിതമായ നയങ്ങള്‍ക്കു പിന്നില്‍ സമ്പൂര്‍ണ്ണ സമാജവും തങ്ങളുടെ പൂര്‍ണ്ണശക്തിയും ഒരുമിച്ച് ചേര്‍ത്ത് എപ്പോഴാണോ അണിനിരക്കുക അപ്പോഴാണ് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള മാര്‍ഗം തെളിഞ്ഞുവരിക. ഇത്തരം ചിന്ത ഉയര്‍ന്നുവന്നിരിക്കുന്നതിന്റെ കാരണം ഭാഷ, സംസ്ഥാനം, വിശ്വാസരീതികള്‍, സമൂഹത്തിലെ സ്ഥാനീയവും സാമൂഹികവുമായ എല്ലാ മഹത്വാകാംക്ഷകളെയും കടപുഴക്കി സമൂഹത്തിനിടയില്‍ അസന്തുഷ്ടി, വിഘടനവാദം, കൊല, ശത്രുത, വിദ്വേഷം തുടങ്ങി ഭരണകൂടത്തോടുള്ള അനാദരവ് എന്നീ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അരാജകത്വത്തിന്റെ രീതി ഉണ്ടാക്കാനുള്ള കളി രാഷ്ട്രവിരുദ്ധ ശക്തികള്‍ എല്ലാ അതിര്‍ത്തി സംസ്ഥാനങ്ങളിലും നടത്തിക്കൊണ്ടിരിക്കുകയാണ്. ബംഗാളിലേയും കേരളത്തിലേയും പരിസ്ഥിതി ആരില്‍നിന്നും മറച്ചുവയ്ക്കാനില്ല. അവിടത്തെ സംസ്ഥാന സര്‍ക്കാരുകള്‍ അഥവാ അവരിലൂടെ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി രാഷ്ട്രീയനിറം കൊടുത്തിരിക്കുന്ന ഭരണകൂടം ഇത്തരം അതീവ ഗുരുതരമായ ദേശീയ പ്രശ്‌നങ്ങളോട് തികഞ്ഞ ഉദാസീനതയ്ക്കപ്പുറം, തികഞ്ഞ രാഷ്ട്രീയ സങ്കുചിത കാഴ്ചപ്പാടുകളോടെ നിന്നുകൊണ്ട് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായം നല്‍കുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തീര്‍ച്ചയായും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടാകും. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുകൊണ്ടുള്ള ഗോ-മോഷണം തുടങ്ങി എല്ലാത്തരം വിഷയങ്ങളും ഏറെ ഗൗരവം അര്‍ഹിക്കുന്നു. ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റം ഏറെ പ്രശ്‌നം സൃഷ്ടിച്ചിരിക്കുകയാണ്. അതിനിടെയാണ് റോഹിംഗ്യകളുടെ പലായനം ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. ഒപ്പം അതിലേറെപ്പേര്‍ നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുന്നു. മ്യാന്‍മറില്‍ മുന്നേതന്നെ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിഘടനവാദ പ്രശ്‌നങ്ങളാണ് അവരെ അവിടെനിന്ന് തുരത്താന്‍ ഇടയാക്കിയതും. ഇവിടെ ഇവര്‍ ദേശത്തിന്റെ ഏകതയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായിരിക്കും എന്ന ചിന്ത മാത്രം വച്ചുകൊണ്ടേ ഈ പ്രശ്‌നത്തിന് ഒരു തീരുമാനമെടുക്കാനാവൂ. ഭരണകൂടത്തിന്റെ ചിന്തയും അതേ ദിശയിലാണെന്ന് തോന്നുന്നു. എന്നാല്‍ പരിസ്ഥിതിയുടെ ഈ കുഴപ്പത്തില്‍നിന്ന് പൂര്‍ണവിജയം നേടാന്‍ സാമൂഹ്യമായ പങ്കാളിത്തം അനിവാര്യമാണ്. അതിനാല്‍ ഈ പ്രദേശത്തുള്ള സജ്ജനശക്തി നിര്‍ഭയത്വത്തോടെ രംഗത്തിറങ്ങണം. സംഘടിതമായി കൂടുതല്‍ സക്രിയരായി സമൂഹത്തെ നിര്‍ഭയരും ജാഗ്രതയുള്ളവരുമാക്കിമാറ്റണം. രാജ്യ അതിര്‍ത്തിയിലെ അല്ലെങ്കില്‍ ആഭ്യന്തരസുരക്ഷയുടെ ഉത്തരവാദിത്തം സൈന്യത്തിനോ, അര്‍ദ്ധസൈനികവിഭാഗത്തിനോ അഥവാ പോലീസിനോ ആണ്. സ്വാതന്ത്ര്യാനന്തരം അവര്‍ അത് ത്യാഗപൂര്‍ണമായി നിര്‍വഹിച്ചുവരുന്നു. എന്നാല്‍ അവരില്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ നല്‍കല്‍, വാര്‍ത്താ-വിനിമയ സംവിധാനങ്ങളുമായി അവരുടെ നിരന്തരബന്ധം ഊട്ടിയുറപ്പിക്കല്‍, അവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമം ഉറപ്പിക്കല്‍, യുദ്ധസാമഗ്രികളുടെ കാര്യത്തില്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തത, ഈ സേനകളില്‍ വേണ്ടത്ര പുതിയ നിയമനങ്ങള്‍, പരിശീലനം എന്നിവ മുന്‍പത്തേതിനേക്കാള്‍ അധികമാക്കേണ്ടതുണ്ട്. സമൂഹവും അവരോട് കൂടുതല ആത്മീയതയോടും ആദരവോടും കൂടി അവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ദേശീയമായ നയം, ദേശീയതാല്‍പ്പര്യം, മറ്റ് വികാരങ്ങള്‍ എന്നിവയ്‌ക്കൊത്ത് ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതില്‍ നല്ല ദേശീയബോധമുള്ള മൂല്യബോധമുള്ള സമൂഹത്തിന്റെ കൂടി സഹകരണം ആവശ്യമായി വന്നിരിക്കുകയാണ്. അതിനായി ഭരണകൂടം ഇത്തരം ആന്തരിക നയങ്ങളുടെ അന്തഃസത്ത തിരിച്ചറിഞ്ഞ് അത് നടപ്പാക്കാനുള്ള മാനസികാവസ്ഥയില്‍ എത്തുകയും വേണം. സാമ്പത്തിക അടിത്തറ അഴിമതി വിമുക്തമാക്കല്‍, അതിവേഗത്തിലുള്ള വികസനത്തിന്, സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ ജന്‍ധന്‍, മുദ്ര, ഗ്യാസ് സബ്‌സിഡി, കാര്‍ഷിക സുരക്ഷ തുടങ്ങി നിരവധി ധീരമായ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍വസാധാരണക്കാരായ ഭൂരഹിത കൂലിപ്പണിക്കാര്‍, കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്കും വലുതും ചെറുതുമായ നിരവധി വ്യവസായങ്ങള്‍ക്കും ഒക്കെ ഗുണകരമാകുംവിധം വ്യവസായം, വ്യാപാരം, കൃഷി, പരിസ്ഥിതി എന്നിവയെ എല്ലാം ചേര്‍ത്തുള്ള സമഗ്രമായ ദേശീയമായ വൈവിധ്യങ്ങളേയും ആവശ്യങ്ങളേയും കോര്‍ത്തിണക്കുന്ന സമഗ്രമായ നയത്തിന്റെ ആവശ്യകതയുമുണ്ട്. എന്നാല്‍ ഒരുപരിധിവരെ നിലവില്‍ ഒപ്പുവച്ചിരിക്കുന്ന വിദേശ വാണിജ്യ കരാറുകളുടെ സമ്മര്‍ദ്ദം, അവ തട്ടിപ്പും, കൃത്രിമവും, സമൃദ്ധിക്ക് തടസ്സവും, മൂല്യങ്ങള്‍ക്ക് വിരുദ്ധവും, പരിസ്ഥിതി, തൊഴില്‍, സ്വയംപര്യാപ്തത എന്നിവയ്ക്ക് വിഘാതവുമാണെന്ന് കാണുന്നുണ്ട്. എന്നിരുന്നാലും ഇന്ന് ലോകം മുഴുവന്‍ ഇത്തരം ചിന്തകളും നയങ്ങളും അതാത് രാജ്യത്തിന്റെ തനതായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുനര്‍വിചിന്തനം ചെയ്ത് നടപ്പില്‍ വരുത്താമെന്നും സമ്മതിച്ചിട്ടുമുണ്ട്. നമ്മുടെ നാടിന്റെ നിലവിലെ യാഥാര്‍ത്ഥ്യങ്ങളെ മുഖവിലക്കെടുത്ത് നിതി ആയോഗിന്റെയും സംസ്ഥാനത്തെ സാമ്പത്തിക ഉപദേശകന്മാരും എല്ലാം ചേര്‍ന്ന് പഴയ സാമ്പത്തിക 'ഇസ'ങ്ങളില്‍നിന്ന് പുറത്തുവന്ന് നവീന സാമ്പത്തിക സംവിധാനങ്ങളെ ഏകോപിപ്പിക്കേണ്ട സമയമായി. ഇത്തരം പ്രക്രിയയില്‍ രാജ്യത്തിന്റെ ദേശീയ ബിംബങ്ങളും, പാരമ്പര്യവും, ആവശ്യങ്ങളും, വിഭവങ്ങളും എന്തൊക്കെയാണെന്ന് കൃത്യമായി പരിഗണിക്കുന്നു. ജനങ്ങളും അവരുടെ നിത്യോപയോഗ സാധനങ്ങള്‍ മേടിക്കാന്‍ പോകുന്ന സമയത്ത് സ്വദേശീ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സമീപനങ്ങള്‍ സ്വീകരിക്കണം. സാധാരണക്കാരന്റെ ക്ഷേമ ഐശ്വര്യത്തിനാണ് എല്ലാ സര്‍ക്കാര്‍ സേവനങ്ങളും നയങ്ങളും. അവരും ജനങ്ങളെ സംരംഭകാരാകാനും കൂടുതല്‍ പരിശ്രമിക്കാനും പ്രേരിപ്പിക്കണം. ഭരണപരമായ സംവിധാനങ്ങളിലൂടെ ഏറ്റവും താഴേതട്ടിലേക്ക് ഇത്തരം പദ്ധതികള്‍ എത്തുംമുന്നേ എല്ലാ മേഖലകളില്‍നിന്നുമുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ആദ്യമേ തന്നെ സ്വരുക്കൂട്ടാനുള്ള സംവിധാനം ഉണ്ടായിരിക്കണം. നിലവില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയിലും, ഒരു കാര്യം നടപ്പാക്കുന്നതില്‍ കാണിക്കുന്ന സത്യസന്ധതയിലും, പ്രമുഖ സ്ഥാനത്തിരിക്കുന്നവരുടെ സുതാര്യമായ പ്രവൃത്തിയിലും, കഠിനപരിശ്രമത്തിന്റെ കാര്യത്തിലും ജനങ്ങള്‍ക്ക് അതിയായ വിശ്വാസം വന്നിട്ടുണ്ട്. ഏറെ വര്‍ഷങ്ങളായി കിട്ടിയ ഈ സൗഭാഗ്യങ്ങള്‍ പൂര്‍ണമായി ഫലവത്താകണമെങ്കില്‍ മേല്‍പറഞ്ഞ വിഷയങ്ങള്‍ പരിഗണിക്കണം. കുറവുകള്‍ ഉണ്ടായിട്ടും സാമ്പത്തിക ആരോഗ്യത്തിന്റേയും വളര്‍ച്ചയുടെയും മാനദണ്ഡമായി ഇന്നും ജിഡിപിയാണ് കണക്കാക്കുന്നത്. ഏവര്‍ക്കും തൊഴിലും മാന്യമായ കൂലിയും ലഭിക്കുന്നതിലൂടെ കിട്ടുന്ന സുഭദ്രമായ ജീവിതം ഇതാണ് നമ്മുടെ പ്രധാന പരിഗണന. ഈ മാനദണ്ഡം വച്ചിട്ടാണെങ്കില്‍ ഏറ്റവും അധികം പങ്കാൡത്തം വരുന്നത് ചെറുകിട, ഇടത്തരം കരകൗശല വ്യവസായങ്ങള്‍, ചെറുകിട വ്യാപാരം, സ്വയംതൊഴില്‍ പദ്ധതികള്‍, സഹകരണമേഖല, കാര്‍ഷികേതര-കൃഷി മേഖലകളാണ്. ഇവയാണ് ലോകത്തിലെ വലിയ സാമ്പത്തിക ഭൂകമ്പങ്ങള്‍ക്കിടയില്‍ നമ്മുടെ സുരക്ഷാവലയമായി നില്‍ക്കുന്നത്. നമ്മുടെ കുടുംബങ്ങളുടെ അടിത്തറ ഇന്നും ശക്തമാണ്. അതേപോലെ ചെറിയ ജോലികളിലൂടെ സ്ത്രീകളും കുടുംബഭദ്രയ്ക്കായി പരിശ്രമിക്കുന്നു. പൊതു അഴിമതിയുടെ തോതും ഇവിടെ കുറവാണ്. കോടിക്കണക്കിന് ആളുകള്‍ക്ക് ഇവിടെ ഇത്തരം മേഖലകളിലൂടെ തൊഴില്‍ ലഭിക്കുന്നു. സമൂഹത്തിലെ ഏറ്റവും പുറകില്‍നില്‍ക്കുന്നവരും ഈ മേഖലയില്‍നിന്നുള്ളവര്‍ തന്നെ. സാമ്പത്തികരംഗത്തെ പരിഷ്‌കരണവും ശുദ്ധീകരണവും നടക്കുമ്പോള്‍ ചില പൊട്ടിത്തെറികളും അസ്ഥിരതയും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു കാര്യം മനസ്സില്‍ വയ്‌ക്കേണ്ടത് നമ്മുടെ ഇത്തരം മേഖലകളില്‍പ്പെട്ടവരെ ആ ചൂട് പരമാവധി ബാധിക്കാതിരിക്കാനും ഗുണഫലങ്ങള്‍ വഴി ശക്തിപ്പെടാനും സാധിക്കണം. പരമ്പരാഗതമായി നിരവധി മൂല്യങ്ങള്‍ നിറഞ്ഞതുകൊണ്ട് നമ്മുടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, വന്‍കിട വ്യവസായസംരംഭങ്ങള്‍ എന്നിവര്‍ ഇപ്പോഴത്തെ സിഎസ്ആര്‍ പദ്ധതികള്‍ വരുംമുന്നേ സാധാരണക്കാരന്റെ ജീവിതം കരുപിടിപ്പിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഒപ്പം അവരുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം കൂട്ടുന്നതിനും, പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനും മികച്ച കമ്പോളം കണ്ടെത്തുന്നതിനും സഹായിച്ചിരുന്നു. മുന്നേറാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഒരു ഉപാധിയാണ്. എന്നാല്‍ ആകെമൊത്തം നമ്മുടെ സാമ്പത്തിക ചിന്തകളില്‍ സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ വികേന്ദ്രീകരണം, ഉപഭോഗനിയന്ത്രണം, തൊഴില്‍ വര്‍ധനവ്, ഊര്‍ജസംരക്ഷണം, പരിസ്ഥിതിസംരക്ഷണം ഒപ്പം വ്യക്തികളുടെ സംസ്‌കാരയുക്തമായ വളര്‍ച്ച എന്നിവയില്‍ ഊന്നിയുള്ളതല്ലെങ്കില്‍ നമ്മുടെ സ്വപ്‌നത്തിലുള്ള 'അന്ത്യോദയം' എന്ന ഏറ്റവും അടിസ്ഥാനപരമായ സാമ്പത്തിക ഉന്നതി സാധ്യമല്ല. നിലവിലെ സാമ്പത്തിക നിലയില്‍നിന്ന് മുന്നേറുമ്പോള്‍ ഈ അടിസ്ഥാന വിഷയങ്ങള്‍ ചിന്തിക്കണം. പട്ടികജാതി, പട്ടിവര്‍ഗ, ഗിരിവര്‍ഗ-വനവാസി മേഖലയിലുള്ളവര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ക്ഷേമപദ്ധതികളുണ്ട്. അവയെല്ലാം എല്ലാവരിലും എത്തണം. സര്‍ക്കാരും ഉദ്യോഗസ്ഥന്മാരും ജാഗ്രതയുള്ളവരും സംവേദനക്ഷമതയുള്ളവരുമായിരിക്കണം. ഇത്തരം കാര്യത്തില്‍ സമൂഹത്തിന്റെ സംവേദനപൂര്‍വമായ അടിയന്തര ഇടപെടല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം വേണം. വിളകള്‍ സംരക്ഷിക്കണം രാജ്യത്ത് വ്യവസായം, വാണിജ്യം, കൃഷി എന്നിവ ഒരിക്കലും മത്സരസ്വഭാവത്തില്‍ വളര്‍ന്നിട്ടില്ല. ഇവ പരസ്പര പൂരകങ്ങളായി കണക്കാക്കണം. കാര്‍ഷികമേഖല നമ്മുടെ നാട്ടിലെ ഏറ്റവും വലുതാണ്. കര്‍ഷകന്‍ താന്‍ വിളയിക്കുന്ന ധാന്യം തന്റെ കുടുംബത്തിന് മാത്രമല്ല ഈ രാജ്യത്തുള്ളവര്‍ക്കെല്ലാമാണെന്ന സ്വഭാവത്തില്‍ വളര്‍ന്നു. അവന്‍ ഇന്ന് ദുഃഖത്തിലാണ്. അയാള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത് നിരന്തരമായ പ്രളയം, കാലവര്‍ഷക്കെടുതി, ഇറക്കുമതി-കയറ്റുമതി നയങ്ങള്‍, വിലക്കുറവ്, കടം, വിളനഷ്ടം എന്നിവകൊണ്ടാണ്. ഇന്ന് പൊതുവേ കാണുന്ന ദൈന്യത നഗരത്തിലെ ചെറുപ്പക്കാര്‍ വിദ്യാസമ്പന്നരായിട്ടും തൊഴില്‍രഹിതരാകുന്നു. അല്ലെങ്കില്‍ കൃഷിയിടങ്ങളില്‍ പണിയെടുത്താല്‍ വിദ്യാഭ്യാസം മുടങ്ങും. അവര്‍ ഗ്രാമത്തില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ടവനാകും,. മറ്റ് സൗകര്യങ്ങള്‍ അന്യമാകും. അതുകൊണ്ട് ഇന്ന് ഗ്രാമങ്ങള്‍ ആളൊഴിഞ്ഞുവരുന്നു, നഗരങ്ങള്‍ ജനസംഖ്യാ നിബിഡമാകുന്നു. ഇരുവിഭാഗവും വികസനത്തിന്റെ തിക്തഫലം അനുഭവിക്കുന്നു. നഗരത്തില്‍ അക്രമവാസനകള്‍ വര്‍ധിക്കുന്നു. ഏറെ ശ്ലാഘിക്കപ്പെടേണ്ട വിള സുരക്ഷാപദ്ധതി, മണ്ണ് പരിശോധന, ഇ-മാര്‍ക്കറ്റിങ് എന്നിവ ഈ മേഖലയിലുള്ള ഗുണകരമായ നടപടികളാണ്. എന്നിരുന്നാലും ഇവ താഴേതട്ടില്‍ നടപ്പില്‍ വരുത്തനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണം. കിട്ടാക്കടം എഴുതിത്തള്ളല്‍ എന്നത് സംവേദനക്ഷമതയുടെ ലക്ഷണമായിക്കാണാമെങ്കിലും ഇത്തരം താല്‍ക്കാലിക നടപടികള്‍ യഥാര്‍ഥപ്രശ്‌നങ്ങളുടെ പരിഹാരമല്ല. പുതിയ സാങ്കേതികവിദ്യയും പരമ്പരാഗത മാലിന്യരഹിത പദ്ധതികളും സംയോജിപ്പിച്ചുള്ള കാര്‍ഷികരീതി ചെറിയ മുതല്‍മുടക്കില്‍ കൃഷി ചെയ്യാനും വലിയ കടബാധ്യതയിലേക്ക് വീഴാതെയും സംരക്ഷിക്കും. പുതിയ സാങ്കേതികവിദ്യ ഏറെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കില്‍ അവ മണ്ണിന്റെ ഫലഭൂയിഷ്ടിയേയും പരിസ്ഥിതിയേയും മനുഷ്യനേയും ഗുരുതരമായി ബാധിക്കും. കര്‍ഷകന് കുറഞ്ഞ കൂലി കൃത്യമാവുകയും ഒപ്പം ലാഭം ലഭിക്കുകയും ചെയ്താല്‍ അയാളുടെ സമ്പാദ്യത്തിലെ നീക്കിയിരിപ്പ് വരുംവര്‍ഷത്തെ കൃഷിക്ക് ഉപയോഗപ്പെടും. ഒപ്പം കുടുംബഭദ്രതയും. വിളസംഭരണം താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ജൈവകൃഷി, സംയോജിത കൃഷിരീതികള്‍, ഗോ ആധാരിത കൃഷി എന്നിവ പുതിയ രീതികളായിട്ടുണ്ട്. നമ്മുടെ ഭക്ഷണം, വെള്ളം, മണ്ണ് എന്നിവയെ വിഷലിപ്തമാക്കുകയും കര്‍ഷകന് വന്‍ ചെലവ് ഉണ്ടാക്കുന്ന രാസവള ഉപയോഗം ഇതോടൊപ്പം പതുക്കെ പിന്തള്ളപ്പെടുന്നുമുണ്ട്. വേണം ഗോസംരക്ഷണം കുറഞ്ഞ മൂലധനത്തിലെ കൃഷിയെപ്പറ്റിയും, ജൈവകൃഷിയെപ്പറ്റിയും നാം പറയുമ്പോള്‍ പൊതുവേ ഉയര്‍ന്നുവരുന്ന ഒരു ചോദ്യം നമ്മുടെ കര്‍ഷകര്‍ ചെറുകിടക്കാരും കുറച്ചു ഭൂമിയുള്ളവരുമാണ് ഒപ്പം ജലസേചന സൗകര്യം ഇല്ലാത്തവരുമാണ് എന്നതാണ്. അത്തരക്കാര്‍ക്ക് ഏറെ പ്രയോജനകരവും എളുപ്പവും ഗോ ആധാരിതമായ, വിഷമില്ലാത്ത കുറഞ്ഞ മൂലധനമുള്ള കൃഷിരീതിയാണ്. അതിനാല്‍ സംഘ സ്വയംസേവകര്‍, സന്ന്യാസിമാര്‍, മറ്റ് സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ ഗോ സംരക്ഷണവും പ്രചാരണവും നടത്തുന്നു. നമ്മുടെ സംസ്‌കാരത്തില്‍ പശു എന്നാല്‍ ആരാധനാമൂര്‍ത്തിയാണ്. പശു സംരഷണം എന്നാല്‍ മാര്‍ഗദര്‍ശക തത്ത്വമായി നമ്മുടെ ഭരണഘടനയിലും പറഞ്ഞിരിക്കുന്നു. വിവിധ രാഷ്ട്രീയകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിവിധ സമയത്തായി ഇതേകാര്യത്തിനായി വിവിധ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഭാരതീയ ജനുസ്സില്‍പ്പെട്ട ഗോക്കളുടെ ഔഷധഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഗോമൂത്രം-ചാണകം എന്നിവ മനുഷ്യനും മണ്ണിനും ഒക്കെ നല്ലതാണ്. മണ്ണിന്റെ ഫലഫൂയിഷ്ടത വര്‍ധിക്കുന്നു. നിരവധി അസുഖങ്ങളില്‍നിന്നും ആധുനിക മരുന്നുകള്‍കൊണ്ടുള്ള അസുഖങ്ങള്‍ക്കും പ്രതിവിധിയായി പറയുന്നു. ഗോക്കളെ തട്ടിക്കൊണ്ടുപോകല്‍ ഒരു പ്രശ്‌നമായിവന്നിരിക്കുന്നു, പ്രത്യേകിച്ച് ബംഗ്ലാദേശ് അതിര്‍ത്തിയില്‍. ഇത്തരം സാഹചര്യത്തില്‍ ഗോസംരക്ഷണവും ഗോപ്രചരണവും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തിരിക്കുന്നവര്‍ നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാകണം പ്രവര്‍ത്തനം . നിലവിലെ വിവിധ സംഭവങ്ങളുടെ അന്വേഷണത്തില്‍, നടന്ന അക്രമങ്ങളിലും പ്രശ്‌നങ്ങളിലും ഇത്തരം പ്രവര്‍ത്തകരാരും കുറ്റക്കാരല്ല. എന്നാല്‍ ഇതിനുവിരുദ്ധമായി ഗോസംരക്ഷകരായ നിരവധി പ്രവര്‍ത്തകര്‍ ശാന്തിയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടതൊന്നും ചര്‍ച്ചയായിട്ടില്ല, അന്വേഷിച്ചിട്ടില്ല. യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ഗോസംരക്ഷകരേയും പ്രചാരകരേയും വിവിധ അക്രമങ്ങളുടെ പേരില്‍ കുറ്റക്കാരാക്കുന്നതും വര്‍ഗീയ ചിന്ത നിറയ്ക്കുന്നതും. മുസ്ലീംമതത്തില്‍പ്പെട്ട നിരവധി വിശ്വാസികള്‍ ഗോസംരക്ഷണത്തിലും, ഗോ പ്രചാരണത്തിലും ഗോശാല നടത്തിപ്പിലും പ്രവര്‍ത്തിക്കുന്നു. അവരില്‍ പലരും എന്നോട് പറഞ്ഞത് അടിസ്ഥാനരഹിതവും നിര്‍ലജ്ജവുമായ ആരോപണങ്ങള്‍ വഴി വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുകയാണെന്നാണ്. ഇത്തരം സാഹചര്യങ്ങളില്‍ ആത്മീയതയോടെ ഗോസംരക്ഷണം നടത്തുന്നവര്‍ ഉന്നതസ്ഥാനത്തിരിക്കുന്നവരുടേയോ സുപ്രീംകോടതിവിധിയുടെ പശ്ചാത്തിലോ പേടിക്കേണ്ടതില്ല. അക്രമികളായി ഇതില്‍ ഭാഗമായവരാണ് പേടിക്കേണ്ടത്. വലിയ ബഹുജനപിന്തുണ കിട്ടാനാണ് തല്‍പ്പരകക്ഷികള്‍ വസ്തുതകള്‍ വളച്ചൊടിച്ച് പ്രസ്താവനകള്‍ നടത്തുന്നത്. വസ്തുതകള്‍ തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കാനും നിരപരാധികളെ സംരക്ഷിക്കാനും ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും തയ്യാറാകണം. ജലസംരക്ഷണ മാര്‍ഗ്ഗം ജലസേചന സംവിധാനങ്ങളാണ് കാര്‍ഷിക വിജയത്തിന് മറ്റൊരു ആധാരം. നമ്മള്‍ സമഗ്രമായി ഒരു വര്‍ഷം കിട്ടുന്ന വെള്ളം എങ്ങനെ ഉപയോഗിക്കണമെന്ന് ശാസ്ത്രീയമായി ചിന്തിക്കണം. വിഷമുക്ത കൃഷിയിലും ജലസേചന സംവിധാനങ്ങളിലും ഭരണകൂടം ജലസംരക്ഷണത്തിനും, നദീശുചീകരണത്തിനും നദിയിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും തടയണപദ്ധതികള്‍ക്കും, മരംവച്ചുപിടിപ്പിക്കലിനും ശ്രദ്ധ നല്‍കുന്നുണ്ട്. സാമൂഹ്യമേഖലകളിലും നിരവധി പേര്‍ സര്‍ക്കാരേതര പദ്ധതികളിലൂടെ ഫലപ്രദമായി ജലസംരക്ഷണം നടത്തുന്നു. 'റാലി ഫോര്‍ റിവേഴ്‌സ്' പോലുള്ള പ്രചരണങ്ങള്‍ വഴി ജലത്തെ മരങ്ങളും കുഴികളുമായി ബന്ധിപ്പിക്കുന്നു. ഇത്തരം ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൃഷിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതില്‍ വലിയ പ്രതീക്ഷ നല്‍കുന്നു. പ്രധാനം വിദ്യാഭ്യാസം ദേശീയ പുനരുജ്ജീവനത്തില്‍ സമൂഹത്തിന്റെ കൂട്ടായ്മയാണ് ഭരണകൂടത്തേക്കാളും ഉദേ്യാഗസ്ഥരേക്കാളും ഫലപ്രദമാവുക. ഈ ദിശയില്‍ വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് വിദേശഭരണാധികാരികള്‍ നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ നിരവധി നശീകരണങ്ങളായ മാറ്റങ്ങള്‍ വരുത്തി. ഭാരതീയ സാമൂഹ്യമനസ്സില്‍ അപകര്‍ഷതാബോധം വരുത്തലായിരുന്നു സുപ്രധാന ലക്ഷ്യം. വിദ്യാഭ്യാസം ഇത്തരം തിക്തഫലങ്ങളില്‍ നിന്ന് മുക്തമാവണം. ഉള്‍വനത്തിലും ഗ്രാമത്തിലും വരെ വസിക്കുന്ന യുവതീയുവാക്കള്‍ക്ക് പ്രയോജനകരമാകുംവിധം വിദ്യാഭ്യാസരംഗത്ത് മാറ്റം വരണം. ഏവര്‍ക്കും പ്രാപ്തമാവുകയും വേണം. പാഠ്യപദ്ധതികള്‍ എല്ലാത്തരം 'ഇസ'ങ്ങള്‍ക്കും അതീതമാവണം, ഒപ്പം സത്യത്തെ അറിയാനും, ദേശീയ സ്വാഭിമാനത്തിലേയ്ക്കും, ദേശീയതയിലേയ്ക്കും നയിക്കുന്നതാകണം. ഇത്തരം വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം, മികവ് നേടാനുള്ള ഇച്ഛ, വിജ്ഞാനം, വിനയം, പരിശ്രമം എന്നിവ എല്ലാം വിദ്യാര്‍ത്ഥികളില്‍ നിറയുന്നതോടൊപ്പം സ്വഭാവശുദ്ധി, വിനയം, സംവേദനക്ഷമത, വിവേചനബുദ്ധി, ഉത്തരവാദിത്തം എന്നീ ഗുണങ്ങളും നേടണം. അധ്യാപകര്‍ കുട്ടികളുമായി ഇഴുകിച്ചേര്‍ന്ന് പഠിപ്പിക്കണം,. ശരിയായ രീതിയിലുള്ള സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, ലൈബ്രറി, പരീക്ഷണശാലകള്‍ എന്നിവ ഉണ്ടാക്കണം. വിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മികച്ച ഗുണനിലവാരം ഉറപ്പുവരുത്തണം. സമൂഹത്തില്‍ നടന്ന വിവിധപരീക്ഷണങ്ങളെ ഉപയോഗപ്പെടുത്തണം. അധ്യാപകരുടെ ജീവിതനിലവാരം വര്‍ധിപ്പിക്കണം. പഠനമെന്ന പ്രക്രിയ സ്‌കൂളുകളില്‍ മാത്രം നടക്കുന്ന ഒന്നാണോ? നമ്മുടെ കുടുംബത്തിലെ അംഗങ്ങള്‍, അച്ഛനമ്മമാര്‍, മറ്റ് മുതിര്‍ന്നവര്‍, അയല്‍പക്കക്കാര്‍ എന്നിവരില്‍ നിന്നെല്ലാം സത്യസന്ധത, നന്മ, സ്‌നേഹവും സംവേദനയും നിറഞ്ഞ ശരിയായ മാനുഷികവൃത്തി എന്നിവയെല്ലാം പ്രവൃത്തികളിലൂടെ നമ്മള്‍ക്ക് കിട്ടുന്നില്ലേ? ഈ സമൂഹത്തിലെ ആഘോഷങ്ങളും, മറ്റ് മുന്നേറ്റങ്ങളും നമ്മുടെ മനസ്സിനേയും ചിന്തകളേയും രൂപപ്പെടുത്തുന്നില്ലേ? ഇന്നത്തെ മാധ്യമങ്ങള്‍ പ്രതേ്യകിച്ച് ഇന്റര്‍നെറ്റ് നമ്മുടെ പ്രവൃത്തിയേയും ചിന്തയേയും സ്വാധീനിക്കുന്നില്ലേ? 'ബ്ലൂവെയില്‍' കളി മികച്ച ഉദാഹരണമല്ലേ. നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം അപകടകരമായ ദുരന്തക്കയങ്ങളില്‍നിന്ന് രക്ഷിക്കാന്‍ കുടുംബവും സമൂഹവും ഭരണകൂടവും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. വളരണം മൂല്യബോധം മൂല്യബോധമുള്ള വ്യക്തിയും സാമൂഹ്യമായ പ്രവൃത്തിയും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതില്‍ കുടുംബത്തിനും സമൂഹത്തിനും പങ്കുണ്ട്. ചൂഷണത്തിന്റേയും അസമത്വത്തിന്റെയും അസഹിഷ്ണുതയുടേയും വിഷവിത്തുകള്‍ കാരണമാണ് സ്വാര്‍ത്ഥപരമായ രാഷ്ട്രീയം വിധ്വംസനത്തിന്റെയും ഭേദഭാവത്തിന്റെയും വൈരുധ്യങ്ങളുടേയും വിളവെടുക്കുന്നത്. സമരസഭാവത്തിന്റെ കുറവാണ് ഇതിനു കാരണം. സംഘസ്വയംസേവകര്‍ക്കൊപ്പം നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളും നിരന്തരമായ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ നീതിയും, സഹാനുഭൂതിയും, സമരസതയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ആഗ്രഹിച്ച ഫലം ലഭിക്കാന്‍ മുഴുവന്‍ സമൂഹവും ഭേദഭാവങ്ങളെ ദൂരീകരിച്ച് സമൂഹത്തെ ഇണക്കിച്ചേര്‍ക്കുന്ന മൂല്യങ്ങളെ വളര്‍ത്തുകതന്നെ വേണം. ഇത്തരം സമീപനത്തോടെ നാം ഓരോരുത്തരും സ്വന്തം ജീവിതത്തെ ശുദ്ധീകരിച്ച് ഇതിനായി സമര്‍പ്പിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.