ജനരക്ഷായാത്ര; മറക്കാനാകുമോ ഈ ക്രൂരത...

Wednesday 11 October 2017 8:59 pm IST

പാലക്കാട് വിക്‌ടോറിയ കോളേജ് പ്രിന്‍സിപ്പാളിന്റെ വിരമിക്കല്‍ ദിനത്തില്‍ അവര്‍ക്കായി ശവകുടീരം തീര്‍ത്തവരാണ് കുട്ടി സഖാക്കള്‍. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കോളേജ് കോമ്പൗണ്ടില്‍ കൊണ്ടുവന്ന് ചാമ്പലാക്കി. ഇരുവരും മികച്ച അദ്ധ്യാപികമാരായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. അദ്ധ്യാപകരെ തല്ലാനും വിദ്യാര്‍ത്ഥികളെ കൊല്ലാനും ലൈസന്‍സുള്ള വിഭാഗമാണോ സിപിഎം വിദ്യാര്‍ത്ഥി സംഘടന? അല്ലെന്ന് എങ്ങനെ പറയാനാകും? 1996 സപ്തംബറില്‍ നടന്ന സംഭവം ഓര്‍മ്മയില്ലേ? കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ത്ഥികളെ മുക്കിക്കൊന്ന സംഭവം അതിനുമുമ്പുണ്ടായിട്ടില്ല. കയ്യൂരില്‍ സുബ്ബയ്യന്‍ എന്ന പോലീസുകാരനെ ചിമേനി പുഴയില്‍ തള്ളിയിട്ട് കരകയറാന്‍ വിടാതെ കല്ലെറിഞ്ഞ് പുഴയില്‍ മുക്കികൊന്ന സംഭവമുണ്ടായിട്ടുണ്ട്. മോറാഴയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കുട്ടിക്കൃഷ്ണമേനോനെ കല്ലെറിഞ്ഞും അടിച്ചും കൊന്നതും കമ്മ്യൂണിസ്റ്റുകാരാണ്. എന്നാല്‍ സഹപാഠികളെ പുഴയില്‍ ചാടിച്ച് കരകയറാന്‍ പറ്റാത്തവിധം കല്ലെറിഞ്ഞ് മുക്കിക്കൊന്നതാണ് പരുമല സംഭവം. എബിവിപി പ്രവര്‍ത്തകര്‍ എസ്എഫ്‌ഐക്കാരുടെയും അവരുടെ സംരക്ഷകരായ മാര്‍ക്‌സിസ്റ്റുകാരുടെയും സവിശേഷ ആക്രമണ ലക്ഷ്യങ്ങളാണല്ലൊ. ആട്ടിന്‍കുട്ടിയുടെയും ചെന്നായയുടെയും കഥയിലെന്ന പോലെ എബിവിപി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ അവര്‍ കാരണം കണ്ടെത്തുകയാണ്. അവരെ തേജോവധം ചെയ്യാനുള്ള കള്ളപ്രചരണങ്ങള്‍ നേരത്തെ അഴിച്ചുവിട്ടുകൊണ്ടാണ് കത്തിയും, വടിവാളും, മറ്റു മാരകായുധങ്ങളുമായി മാര്‍ക്‌സിസ്റ്റു ഗുണ്ടകള്‍ കോളേജ് വളപ്പില്‍ പ്രവേശിച്ച് എബിവിപിക്കാര്‍ക്കെതിരെ സംഹാരതാണ്ഡവം നടത്തിയത്. ക്ലാസുകള്‍ ആരംഭിക്കാന്‍ അല്‍പ്പസമയം മാത്രം ബാക്കിനില്‍ക്കെ പൊടുന്നനെ ആക്രമണമുണ്ടായപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അവര്‍ കണ്ടത് ഗേറ്റ് അടച്ചിട്ടതായാണ്. ഒരാള്‍പ്പൊക്കമുള്ള മതില്‍ കയറി, പമ്പയിലേക്ക് ചാടി രക്ഷപ്പെടാന്‍ മാത്രമേ അവര്‍ക്ക് പഴുതുണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങളായി നല്ല മഴയായിരുന്നതിനാല്‍ ആറ്റില്‍ വെള്ളം കൂടുതലായിരുന്നു. കരയോടടുത്ത് ചളി കൂടുതലായതുകൊണ്ട് എളുപ്പം നീങ്ങാനും ആ ഹതഭാഗ്യര്‍ക്ക് കഴിഞ്ഞില്ല. ആറേഴുപേര്‍ നീന്തി അക്കരപറ്റി. എന്നാല്‍ മൂന്നുപേര്‍ കരയില്‍ നിന്ന് മാര്‍ക്‌സിസ്റ്റു നരപിശാചുക്കളുടെ കല്ലേറ് മൂലം അവശരായി. കരകയറാന്‍ ശ്രമിച്ച ഒരാളെ ആ കാപാലികര്‍ ചെളിയില്‍ ചവിട്ടിത്താഴ്ത്തി. അടുത്തുള്ള കടവില്‍ കുളിച്ചുകൊണ്ടുനിന്ന സ്ത്രീകള്‍ സാരിയും മറ്റും എറിഞ്ഞുകൊടുത്ത് അവരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും ഭീഷണിപ്പെടുത്തിയത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പൈശാചികതയായി. ഇരുപതു വയസ്സിനു താഴെ മാത്രം പ്രായമുള്ള മൂന്നു ചെറുപ്പക്കാര്‍ തങ്ങള്‍ ജീവനു തുല്യം കരുതുന്ന ആദര്‍ശത്തെ ഭീഷണിക്കുമുമ്പില്‍ അടിയറവയ്ക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നുവെന്നതാണ് ഇവിടെ സംഭവിച്ചത്. ഉത്തരഭാരതത്തില്‍ ജോലി ചെയ്യുന്ന അമ്മയുടെയും വിമുക്തഭടനും ഹൃദ്രോഗിയുമായ അച്ഛന്റെയും ഏക പുത്രനായിരുന്നു രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായ കിം കരുണാകരന്‍. കോളേജിലെ ആര്‍ട്‌സ് ക്ലബിന്റെ മുന്‍ സെക്രട്ടറി പി.എസ്.അനുവും രണ്ടാംവര്‍ഷം പ്രീഡിഗ്രി വിദ്യാര്‍ത്ഥി സുജിത്തുമാണ് രക്തസാക്ഷികളായ മറ്റു രണ്ടുപേര്‍. മാര്‍ക്‌സിസ്റ്റുകാരുടെ പടപ്പുറപ്പാട് തുടങ്ങിയപ്പോള്‍ത്തന്നെ ഭയാക്രാന്തരായ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ പോലീസ് സഹായം തേടുകയും ചെയ്തിരുന്നു. യഥാസമയം പോലീസ് എത്തിയിരുന്നെങ്കില്‍ തടയാനാകുമായിരുന്നുവെന്നുറപ്പുണ്ട്. ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ പോലീസിന്റെ ഭാഗത്തുണ്ടായി. പരുമല സംഭവം മാര്‍ക്‌സിസ്റ്റ് കിരാത വാഴ്ചയിലെ ഏറ്റവും വലിയ ഉദാഹരണമാണ്. നായനാര്‍ മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം ഈ ഭാഗത്ത് അഞ്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അവരുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. എല്ലാ പാതകങ്ങളും അത്യന്തം ക്രൂരവും പൈശാചികവുമായ വിധത്തിലാണ് നടത്തിയത്. വധിക്കപ്പെട്ടവരുടെ സ്വഭാവഹത്യ നടത്തുന്ന പ്രചാരണം നേരത്തെ ആരംഭിക്കുന്നതും മാര്‍ക്‌സിസ്റ്റു ഗൂഢാലോചനയുടെ ഭാഗമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് പരുമലയ്ക്കടുത്ത് ചെന്നിത്തലയിലെ തൃപ്പെരുന്തുറയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലചെയ്തശേഷം മാര്‍ക്‌സിസ്റ്റുകാര്‍ പ്രചരിപ്പിച്ചത് അവര്‍ അയിത്തം ആചരിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഉണ്ടായ സംഘട്ടനത്തിലാണ് മരിച്ചതെന്നായിരുന്നു. കൂടാതെ ഈയിടെ കൊലയ്ക്കിരയായവര്‍ക്കെതിരെ സദാചാരവിരുദ്ധമായ നടപടികളാണ് ആരോപിച്ചത്. ഇത് മനഃപൂര്‍വ്വം സംഘട്ടനങ്ങള്‍ സൃഷ്ടിക്കാനും എതിരാളികളെ വകവരുത്താനുള്ള പുകമറയുണ്ടാക്കാനുമുള്ള കുതന്ത്രങ്ങള്‍ മാത്രമാണ്. ഇത്തരം അക്രമങ്ങളെ ന്യായീകരിക്കുന്നവിധത്തിലാണ് മാര്‍ക്‌സിസ്റ്റ് നേതൃത്വവും മുഖ്യമന്ത്രിയും പറഞ്ഞുവരുന്നത്. കയ്യൂരില്‍ പ്രാണരക്ഷാര്‍ത്ഥം പുഴയില്‍ചാടിയ പോലീസുദ്യോഗസ്ഥനെ കല്ലെറിഞ്ഞുകൊന്നതും, മൊറാഴ അക്രമവുമൊക്കെ 'തലമുറ തലമുറ കൈമാറി'ക്കൊണ്ടുവരാന്‍ കഴിഞ്ഞെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി നായനാര്‍ ഉള്ളുകൊണ്ട് ആനന്ദിക്കുന്നുണ്ടെന്നുവേണം വിചാരിക്കാന്‍. പാന്റിന്റെ പോക്കറ്റില്‍ കയറിയ വെള്ളത്തിന്റെ കനംമൂലം വിദ്യാര്‍ത്ഥികള്‍ മുങ്ങി എന്ന ന്യായമാണ് പരുമല സംഭവത്തില്‍ സിപിഎം നേതാക്കള്‍ നിയമസഭയില്‍ പറഞ്ഞത്. സംഭവം നിയമസഭയില്‍ കൊണ്ടുവന്ന ടി.എം.ജേക്കബിനെ അവഹേളിക്കാനും അന്ന് മുഖ്യമന്ത്രി തയ്യാറായി. അത് ഇപ്പോഴും തുടരുകയാണ്. തല്ലാനും കൊല്ലാനും അവകാശവും അധികാരവുമുള്ള പാര്‍ട്ടിയാണ് സിപിഎം എന്നവര്‍ ഊറ്റംകൊള്ളുന്നു. നിയമവാഴ്ചയെ അംഗീകരിക്കില്ല. ഘടകകക്ഷിയായ സിപിഐക്കുപോലും സ്വതന്ത്രാവകാശം നല്‍കാത്ത പാര്‍ട്ടി ഭൂമി കുഴിച്ചുനടക്കുന്ന ഭൂതമാണ്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുമെന്നാണ് ബംഗാള്‍ നല്‍കുന്ന അനുഭവം. (അവസാനിക്കുന്നില്ല)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.