പുഴനികത്തി പാലം ; പ്രക്ഷോഭവുമായി പുഴക്കൊക്കുകള്‍

Wednesday 11 October 2017 8:57 pm IST

തളിപ്പറമ്പ്: പുഴയുടെ പകുതിഭാഗം മണ്ണിട്ട് വീതികുറച്ച് പാലം നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പുഴക്കൊക്കുകള്‍ എന്ന സംഘടനയുമായി നാട്ടുകാര്‍ രംഗത്ത്. പട്ടുവം കാവിന്‍മുനമ്പില്‍ നിന്നും ചെറുകുന്ന് പ്രദേശത്തേക്ക് അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിക്കുന്ന പാലത്തിനെതിരെയാണ് പട്ടുവം പഞ്ചായത്ത് പത്താംവാര്‍ഡായ കൂത്താട്ടെ ജനങ്ങള്‍ സംഘടന രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ എന്ന സംഘടന നടത്തിയ പ്രക്ഷോഭം ഏറെ വിവാദമായിരുന്നു. സിപിഎം ശക്തികേന്ദ്രത്തിലൂടെയായിരുന്നു കീഴാറ്റൂരില്‍ റോഡ് നിര്‍മ്മിക്കാനുദ്ദേശിച്ചത്. അതുകൊണ്ടുതന്നെ വയല്‍കിളികള്‍ നടത്തിയ പ്രക്ഷോഭം സിപിഎമ്മിനായിരുന്നു ഏറെ പ്രയാസമുണ്ടാക്കിയത്. പട്ടുവത്ത് നടക്കാന്‍പോകുന്ന സമരവും സിപിഎമ്മിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെ നിര്‍മ്മിക്കുന്ന പാലത്തിന് 1200 മീറ്ററാണ് നീളം. ഇതില്‍ 800 മീറ്റര്‍ മണ്ണിട്ട് നികത്തി ബാക്കിയുള്ള സ്ഥലത്ത് മൂന്ന് ചെറുപാലങ്ങള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 35 കോടി രൂപയുടെ പ്രഥമിക എസ്റ്റിമേറ്റാണ് നല്‍കിയിട്ടുള്ളത്. മണ്ണിടാതെ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറ്റിക്കോല്‍ മുതല്‍ വെള്ളിക്കീല്‍, അരിയില്‍, മുള്ളൂല്‍, കൂത്താട്ടുവഴി മാട്ടൂലൂവരെ ഒഴുകി കടലുമായി ബന്ധിപ്പിക്കുന്ന ഈ പുഴയുടെ സമീപ്രദേശങ്ങളായ കൂത്താട്ട് മുള്ളൂല്‍, കതിരപ്പുറം, വെള്ളിക്കീല്‍ പ്രദേശങ്ങളില്‍ നിരവധി മത്സ്യതൊഴിലാളികള്‍ ഈ പുഴയിലെ മത്സ്യ സംബത്തിനെ ആശ്രയിച്ചുകഴിയുന്നുണ്ട്. മണ്ണിട്ട് നികത്തിയാല്‍ കടലില്‍ നിന്നുള്ള മീനുകള്‍ പുഴയിലേക്ക് വരാതിരിക്കും. ഇതുകൂടാതെ പലഭാഗങ്ങളില്‍ നിന്നും പല കൈവഴികളിലായി വരുന്ന മഴവെള്ളം ഒഴുകിയെത്തുന്നത് ഈ പുഴയിലാണ്. പുഴ മണ്ണിട്ട് തടയപ്പെട്ടാല്‍ കൂത്താട്ട് ഉള്ളൂല്‍ ഭാഗത്ത് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍ പെടാന്‍ സാധ്യതയുണ്ട്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ കണ്ടല്‍സമൃദ്ധമായ മൂന്ന് തുരുത്തുകളുണ്ട്. ഈ തുരുത്തുകള്‍ ബന്ധിപ്പിച്ചുകൊണ്ട് മണ്ണിട്ടുനികത്തി പാലം നില്‍മ്മിക്കുന്നതിനുപിന്നില്‍ ചില തല്‍പരകക്ഷികളുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ജൈവവൈവിധ്യം നിറഞ്ഞ പരിസ്ഥിതി പ്രദേശമായ കൈപ്പാടും കണ്ടല്‍വനങ്ങളും വിവിധ തരം പക്ഷികളുടെ ആവാസകേന്ദ്രവുമായ ഈ പ്രദേശത്തെ നശിപ്പിക്കുന്നതരത്തിലാണ് പുതിയ പാലത്തിന്റെ മാതൃകയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം കുറേക്കൂടി കിഴക്കോട്ട് മാറി കൂത്താട്ടുനിന്നും പാലം പണി ആരംഭിക്കുകയാണെങ്കില്‍ 250 മീറ്റര്‍ നീളത്തില്‍ പാലം മതിയാകും. പുഴയുടെ ഒഴുക്കോ കണ്ടല്‍വനങ്ങളോ നശിപ്പിക്കേണ്ട അവസ്ഥയുമുണ്ടാകില്ല എന്നാണ് നാട്ടുകാരുടെ വാദം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങാനാണ് വാര്‍ഡ് മെമ്പര്‍ രാജീവന്‍ കപ്പച്ചേരിയുടെ നേതൃത്വത്തിലുള്ള നാട്ടുകൂരുടെ തീരുമാനം.