കുട്ടനാട്ടില്‍ നെല്ല് സംഭരണം മന്ദഗതിയില്‍

Wednesday 11 October 2017 9:07 pm IST

എടത്വാ: സര്‍ക്കാരും മില്ലുടമകളും തമ്മിലുള്ള തര്‍ക്കത്തിന് വിരാമമായെങ്കിലും കുട്ടനാട്ടില്‍ നെല്ല് സംഭരണം മന്ദഗതിയില്‍. കഴിഞ്ഞ ദിവസം കളക്‌ട്രേറ്റില്‍ കൂടിയ ചര്‍ച്ചയിലാണ് തര്‍ക്കത്തിന് വിരാമമായത്. കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ 12,453 ഹെക്ടര്‍ പാടത്തെ നെല്ല് സംഭരിക്കാന്‍ 30 മില്ലുടമകള്‍ തയ്യാറായതോടെ അനിശ്ചിതത്വത്തിന് വിരാമമായി. ഇന്നലെ മുതല്‍ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും ഏതാനും മില്ലുടമകള്‍ മാത്രമാണ് രംഗത്തെത്തിയത്. എടത്വാ കൃഷിഭവനിലെ പച്ച തെങ്കരപ്പച്ച പാടത്തെ നെല്ല് സംഭരണം മാത്രമാണ് ഇന്നലെ നടന്നത്. ചങ്ങംങ്കരി ചിറക്കകം പാടത്തെ വിളവെടുപ്പ് ഇന്നലെ ആരംഭിച്ചതോടെ എടത്വാ കൃഷിഭവന്‍ പരിധിയില്‍ ഏഴോളം പാടത്ത് സംഭരണം നടക്കാനുണ്ട്. തകഴി കൃഷിഭവന്‍ പരിധിയിലെ പോളേപ്പാടത്തെ നെല്ല് മാത്രമാണ് സംഭരിച്ചത്. കോനാട്ടുകരി, ചൂരനടി, നന്ത്യാട്ടുകരി, തെങ്ങരിവടക്കുപറ, കട്ടാപ്പറകടവ് എന്നീ പാടങ്ങളിലെ കൊയ്ത് കഴിഞ്ഞിട്ട് ആഴ്ച പിന്നിട്ടെങ്കിലും സംഭരണം നടന്നിട്ടില്ല. തര്‍ക്കം പരിഹരിച്ചതോടെ ഇന്നലെ മുതല്‍ സംഭരണം ദ്രുതഗതിയില്‍ നടക്കുമെന്നായിരുന്നു കര്‍ഷകരുടെ കണക്കുകൂട്ടല്‍. കൊയ്ത് കഴിഞ്ഞ പാടത്തെ നെല്ല് വയലിലും പറമ്പിലും കൂട്ടിയിട്ടിരുക്കുകയാണ്. രണ്ടാംഘട്ട സംഭരണം തെപ്പച്ചയില്‍ ആരംഭിച്ചതോടെ സമീപ പഞ്ചായത്തില്‍ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. സംഭരണം നടക്കാത്ത 13 ഓളം പാടത്ത് കര്‍ഷകരുടെ നെല്ല് കൂനകൂട്ടി ഇട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട മഴ കര്‍ഷകരെ വലക്കുന്നത് കാരണം നെല്ല് ഉണക്കാന്‍ ദിവസേന ആയിരങ്ങള്‍ ചിലവഴിക്കേണ്ടി വരുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. മുന്‍കാലങ്ങളില്‍ രണ്ടാംകൃഷിക്ക് ഭരിച്ച ചിലവാകാറില്ലെങ്കില്‍ ഇക്കുറി കര്‍ഷകര്‍ കടക്കെണിയില്‍ എത്താനാണ് സാധ്യത. തുലമഴ ശക്തിപ്രാപിക്കുന്നതിന് മുമ്പ് വിളവെടുപ്പും സംഭരണവും പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.