ഗണേശകഥകള്‍ ; ലക്ഷ്യം മറന്നവനെ ഓര്‍മപ്പെടുത്തണം

Wednesday 11 October 2017 9:26 pm IST

സര്‍വജ്ഞനായ ശിവപെരുമാളിന്റെ രഹസ്യമന്ത്രണത്തിനു മുന്നില്‍ വഴങ്ങി ശ്രീമുരുകന്‍ കൂടെത്തിരിക്കാന്‍ എന്താണ് കാരണം? മുരുകന്റെ വാശിയിളക്കിയ ആ രഹസ്യത്തില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജമെന്ത്? ഇതെല്ലാം അറിയാന്‍ ശ്രീനാരദര്‍ക്ക് അതിയായ താല്‍പര്യമുണ്ട്. ത്രികാലജ്ഞാനിയാണെങ്കിലും ഇതറിയാഞ്ഞ് ചിന്താവശനായ് ദേവര്‍ഷി. ഹരഹരോഹര. ഭഗവാനെ നീ തന്നെ രക്ഷ. അടിയന്‍ തോറ്റു. അങ്ങയെ പരീക്ഷിക്കാന്‍ വന്ന ഞാന്‍ ഇപ്പോള്‍ പരീക്ഷണത്തിലായി.ഒടുക്കം ശ്രീപരമേശ്വരനോടുതന്നെ ചോദിച്ചു. ഭഗവാനേ , അങ്ങ് ശ്രീമുരുകനോട് ചെവിയില്‍ പറഞ്ഞ രഹസ്യമെന്തായിരിക്കും. ഹാ, നാരദരേ, അതിലിത്ര രഹസ്യമൊന്നുമില്ല. ചില കാര്യങ്ങള്‍ മുരുകനെ ഓര്‍മിപ്പിച്ചുവെന്നുമാത്രം. പിന്നെ ഇതറിയാഞ്ഞിട്ട് നാരദര്‍ക്കെന്താ ഇത്ര വിഷമം. അല്ലാ, ഭഗവാന്‍ മുരുകനോട് ചെവിയില്‍ രഹസ്യം പറയുന്നതുകണ്ടു. അതാണ്. ഹേ നാരദരേ, അതെന്തിനാണ് ഒളിഞ്ഞുനോക്കാന്‍ നിന്നത്. പിന്നെ രഹസ്യമാണ് പറയുന്നതെന്ന് തോന്നിയാല്‍ ഒട്ടും ഒളിഞ്ഞുനോക്കാന്‍ പാടില്ലാത്തതാണ.് രഹസ്യമെന്നു തോന്നിയെങ്കില്‍ പിന്നെ എന്തിനാണ് ചോദിക്കുന്നത്. ഭഗവാനേ, അതൊരു ശീലമായിപ്പോയതുകൊണ്ടാ. ക്ഷമിച്ചാലും. ഏതായാലും ഇതില്‍ ഇത്ര രഹസ്യമൊന്നുമില്ല. മുരുകന്റെ ജന്മ ഉദ്ദേശ്യത്തെക്കുറിച്ച് ഒന്ന് ഓര്‍മിപ്പിച്ചുവെന്നുമാത്രം. താരകാസുരനെ നിഗ്രഹിക്കാന്‍ വേണ്ടിയാണ് മുരുകന്റെ ജന്മംതന്നെ. ജന്മോദ്ദേശ്യം മറന്ന് വാശിപിടിച്ചുപോയാലോ എന്ന ചോദ്യം മുരുകന്‍ ഉള്‍ക്കൊണ്ടു. ആര് ഏതു കാര്യത്തില്‍ വാശിപിടിച്ചാലും ലക്ഷ്യത്തെ മറക്കരുത്. ലക്ഷ്യം നേടാനുള്ള ശ്രമത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. ലക്ഷ്യം ലോകനന്മയ്ക്കുള്ളതായിരിക്കണം. ശിവപ്പെരുമാള്‍ പറഞ്ഞതെല്ലാം തല്‍ക്കാലത്തേക്കെങ്കിലും ശ്രീനാരദര്‍ ഉള്‍ക്കൊണ്ടു. ഭഗവാന്‍ തുടര്‍ന്നു. നാരദര്‍ക്ക് ഇതു മനസ്സിലാക്കാന്‍ ഇത്രയേറെ ആലോചിട്ടും പിടികിട്ടിയില്ല അല്ലേ. ഇവിടെ കുട്ടികള്‍പോലും ഇതെല്ലാം ആരും പറയാതെ തന്നെ മനസ്സിലാക്കുന്നു. മുരുകന്‍ കൂടെ തിരിച്ചുവന്നപ്പോള്‍തന്നെ ശ്രീഗണേശന്‍ ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരി കണ്ട് പാര്‍വതീദേവി കാര്യമന്വേഷിച്ചു. അച്ഛന്‍ താരകാസുരന്റെ കാര്യമല്ലേ ഓര്‍മപ്പെടുത്തിയത് എന്ന് ഗണേശന്‍ ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തില്‍ എല്ലാ അംഗങ്ങളും പരസ്പരം മനസ്സിലാക്കിയിരിക്കണം. കൂടെയുള്ളവരുടെ മനസ്സ് വായിച്ചറിയാന്‍ പഠിക്കണം. എന്നാല്‍ ഒരിക്കലും സ്ത്രീകളുടെ രഹസ്യമറിയാനായി ശ്രമിക്കയുമരുത്. ശ്രീപരമേശ്വരന്‍ പറഞ്ഞുനിര്‍ത്തി.