ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കുന്നതെന്തിന്

Wednesday 11 October 2017 9:27 pm IST

വിഘ്‌നങ്ങള്‍ അകറ്റാന്‍ ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കുകയെന്നത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഭഗവാനു നമ്മെ പൂര്‍ണമായും സമര്‍പ്പിക്കുന്നതിനൊപ്പം ഞാന്‍ എന്ന ഭാവത്തെയും ഉടച്ചുകളയുന്നു. ഗണപതി ഭഗവാന്റെ പ്രീതിക്കായാണ് ഈ കര്‍മം അനുഷ്ഠിക്കുന്നത്. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിക്കും സന്താനസൗഭാഗ്യത്തിനു മലയാലപ്പുഴ ക്ഷേത്രത്തിലെ ബാലഗണപതിക്കും നാളികേരം ഉടയ്ക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ഗണങ്ങളുടെ അധിപനായ ഗണപതിക്ക് മൂന്നു കണ്ണുള്ള നാളികേരം അര്‍പ്പിക്കുന്നതിലൂടെ സകല വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ശുഭകാര്യങ്ങള്‍ക്കു മുമ്പ് ഗണപതിഹോമം നടത്തുന്നതും ഹൈന്ദവര്‍ക്കിടയില്‍ പതിവാണ്. വിഘ്‌നനിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവയ്‌ക്കെല്ലാം ഗണപതിഹോമം നടത്താറുണ്ട്. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായും ഗണപതി ഹോമം നടത്താം. സാധാരണ സൂര്യോദയത്തിനു മുമ്പാണ് ഹോമം ചെയ്യുക. സൂര്യോദയത്തോടെ സമാപിക്കുകയും ചെയ്യുന്നു. വീടുകളില്‍ ഗണപതി ഹോമം നടത്തുമ്പോള്‍ ചാണകം തളിച്ച് ശുദ്ധമാക്കിയിരിക്കണം. വ്രതമെടുക്കുന്നതും ഉത്തമം. പൂജകള്‍ നടക്കുമ്പോള്‍ മൂല മന്ത്രമോ, ഗണപതി സ്തുതികളോ ജപിക്കാം. ഹോമത്തിനുപയോഗിക്കുന്ന പ്ലാവിന്‍ വിറകില്‍ ഉറുമ്പ്, ചിതല്‍ തുടങ്ങിയവ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. പൂജയ്ക്ക് പൂക്കളുടെ മൊട്ടുപയോഗിക്കരുത്. വാടിയ പൂക്കളും എടുക്കരുത്.