തകര്‍ന്ന റോഡുകള്‍ ശബരിമല തീര്‍ത്ഥാടനം ദുരിതമാകും

Wednesday 11 October 2017 9:32 pm IST

പൊന്‍കുന്നം: തീര്‍ത്ഥാടനകാലത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ശബരിമലയിലേയ്ക്കുള്ള പാതകള്‍ അവഗണനയില്‍. പ്രധാന പാതകളില്‍ തിരക്കിട്ട് പുനരുദ്ധാരണ ജോലികള്‍ തുടങ്ങിയെങ്കിലും ഇടറോഡുകളെല്ലാം ഒഴിവാക്കിയ നിലയിലാണ്. തിരക്കിട്ടുള്ള പണികള്‍ നടക്കുന്നതിനാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലവാരത്തിലല്ലെന്ന ആക്ഷേപമുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍പ്പെട്ട റോഡുകള്‍ എല്ലാം തന്നെ തകര്‍ന്നു കിടക്കുകയാണ്. കൊല്ലം- തേനി ദേശീയപാതയുടെ ഭാഗമായ കോട്ടയം മുതലുള്ള റോഡുകളിലെ കുഴികള്‍ അടക്കുന്ന ജോലികള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. റോഡില്‍ ഭൂരിഭാഗവും വന്‍ കുഴികള്‍ രൂപപ്പെട്ട അവസ്ഥയിലാണ്. തീര്‍ത്ഥാടകര്‍ക്ക് ദൂരം ഏറെ ലാഭിക്കാന്‍ വേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഹരിവരാസനം റോഡ് പദ്ധതി മരവിച്ച സ്ഥിതിയാണ്. കാലടിയില്‍ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ–കൂത്താട്ടുകുളം–ഉഴവൂര്‍, മരങ്ങാട്ടുപിള്ളി,–പാലാ, മുത്തോലി, കൊഴുവനാല്‍, പള്ളിക്കത്തോട്, കൊടുങ്ങൂര്‍, മണിമല, പൊന്തന്‍പുഴ, എരുമേലി വഴിയാണ് റോഡ് വിഭാവനം ചെയ്തിരുന്നത്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരവും, ദൂരക്കുറവും ലഭിക്കുമായിരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമായി കിടക്കുകയാണെങ്കിലും കടമ്പകളേറെ കടക്കണം. തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണകരമായിരുന്ന മെയ്ന്‍ ഈസ്റ്റേണ്‍ ഹൈവേയായ പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ നിര്‍മ്മാണവും അനിശ്ചിത്വത്തിലാണ്. പാല മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും പൊന്‍കുന്നത്തു നിന്ന് പുനലൂര്‍ വരെയുള്ള 82 കിലോമീറ്റര്‍ റോഡിന്റെ വികസനം നിലച്ചിരിക്കുകയാണ്. കെഎസ്ടിപിക്കാണ് നിര്‍മ്മാണ ചുമതല. ലോകബാങ്ക് ധ നസഹായം നിലച്ചതോടെ റോഡ് പണിയും അനശ്ചിതത്വത്തിലായി. ഇതിനു പുറമെ റാന്നി മേഖലയിലും വിവിധ റോഡുകള്‍ തകര്‍ന്നു കിടക്കുന്നത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. പുനലൂര്‍ -മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ റാന്നി മുതല്‍ പ്ലാച്ചേരി വരെയുള്ള പ്രധാന റോഡില്‍ പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ശബരിമലയിലേയ്ക്കുളള പ്രധാനപാതയായ മണ്ണാറകുളഞ്ഞി-ചാലക്കയം റോഡ് ബിഎംആര്‍സി നിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ചെങ്കിലും തകര്‍ന്നു. ഇപ്പോള്‍ കുഴികള്‍ അടക്കുന്ന ജോലികളാണ് നടക്കുന്നത്. റാന്നി-അത്തിക്കയം-പെരുനാട്, റാന്നി -ബംഗ്‌ളാംക്കടവ് റോഡുകളും തകര്‍ന്നു കിടക്കുകയാണ്. സംസ്ഥാനത്തിന്റെ വടക്കു ഭാഗത്തു നിന്നുമെത്തുന്ന തീര്‍ത്ഥാടകര്‍ ഏറെയും ആശ്രയിക്കുന്ന ഇരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റോഡ് നിര്‍മ്മാണവും മാസങ്ങളായി അനിശ്ചിതത്വത്തിലാണ്. റോഡിന്റെ ഭാഗമായ പാലം നിര്‍മ്മാണം ഉള്‍പ്പെടെയുള്ളവ തീര്‍ത്ഥാടനകാലത്തിനു മുന്‍പ് പൂര്‍ത്തീകരിക്കാനാവില്ല. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ 26-ാം മൈല്‍ പാലത്തിന്റെ ശോചനീയാവസ്ഥ ഇതുവരെയും പരിഹരിച്ചിട്ടില്ല. കോട്ടയത്തു നിന്ന് നിരവധി തീര്‍ത്ഥാടക വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. പാലം ബലക്ഷയമായതിനെ തുടര്‍ന്ന് ഒരു വശത്തു കൂടിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. ചങ്ങനാശേരി-കറുകച്ചാല്‍- മണിമല റോഡിന്റെ അവസ്ഥയും ഏറെ പരിതാപകരമാണ്. കൊടുങ്ങൂര്‍-മണിമല റോഡും തകര്‍ന്നു കിടക്കുന്നു. എരുമേലി -പമ്പ പാതയിലും പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. പുതുതായി നിര്‍മ്മിച്ച കണമല പാലത്തിന്റെ അപ്രോച്ച് റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞു. റോഡിന്റെ വശങ്ങളില്‍ ഓടകള്‍ നിര്‍മ്മിക്കാത്തതാണ് രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തികരിച്ച റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.