സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടംനേടാന്‍ കോര്‍പ്പറേഷന്‍

Wednesday 11 October 2017 10:06 pm IST

കോഴിക്കോട്: കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടം നേടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടി തുടങ്ങി. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നഗരങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ട് മത്സരത്തിലേക്ക് പരിഗണിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സപ്ലിമെന്ററി അജണ്ടയായാണ് അപേക്ഷ സമര്‍പ്പിക്കുന്ന കാര്യം കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് സംസ്ഥാനത്ത് നിന്നും തിരുവനന്തപുരം, കൊച്ചി നഗരങ്ങളെ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. ഇനിയും പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള ശ്രമമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ നടത്തുക. ഇതിനായി കൂട്ടായ പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റിയായി കേന്ദ്രം അംഗീകരിക്കുന്ന നഗരത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനായി കുറഞ്ഞത് 500 കോടി രൂപയുടെ പദ്ധതികള്‍ ലഭിക്കും. നഗരത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വികസനം ഇതിലൂടെ സാധ്യമാക്കാനാകും. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കാനുള്ളത്. കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയ പ്രമേയം സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കി കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കും. എന്നാല്‍ ഇത്രയം ഗൗരവമുള്ള വിഷയം സപ്ലിമെന്ററി അജണ്ടയായി മാത്രം പരിഗണിച്ച നിലപാടിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നഗരത്തിലെ വിവിധ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് ഹോമിയോ മരുന്ന് നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ ഹോംകോയ്‌ക്കെതിരേ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ ബദല്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം രൂപയാണ് മരുന്നിനായി കോര്‍പ്പറേഷന്‍ ഈ ഏജന്‍സിക്ക് നല്‍കിയത്. എന്നാല്‍ മലാപ്പറമ്പ്, ബേപ്പൂര്‍ ഡിസ്‌പെന്‍സറികളില്‍ 78000 രൂപയുടെ മരുന്ന് ഹോംകോ നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ക്ക് പ്രതിമാസ വാടക നിരക്കില്‍ രണ്ട് കാറുകള്‍ വാങ്ങാനായുള്ള അജണ്ടയും ബഹളത്തില്‍ മുങ്ങി. 32000 രൂപ വാടകയായി നല്‍കിയാണ് കാറുകള്‍ വാടകക്കെടുക്കുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് സംസ്ഥാനം ആഥിത്യമരുളുമ്പോള്‍ കോഴിക്കോടിന് വേദി നഷ്ടമായത് ഒരു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ അഭാവം കൊണ്ടാണെന്നും ആധുനിക സൗകര്യങ്ങളുള്ള ഒരു സ്‌റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ കോര്‍പ്പറേഷന്‍ മുന്‍കൈ എടുക്കണമെന്നും കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു ശ്രദ്ധ ക്ഷണിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.