റോബന്‍ കളി മതിയാക്കി

Wednesday 11 October 2017 10:23 pm IST

ആംസ്റ്റര്‍ഡാം: ഡച്ച് ഫുട്‌ബോളിലെ വിഖ്യാത സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞു. ടീമിനെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് എത്തിക്കാന്‍ കഴിയാഞ്ഞതിനു പിന്നാലെയായിരുന്നു റോബന്റെ വിരമിക്കല്‍ പ്രഖ്യാപനം. സ്വീഡനെതിരായ മത്സരത്തില്‍ 2-0ന് ജയിച്ചതിനു പിന്നാലെയാണ് ബയേണ മ്യൂണിക്ക് താരമായ ഈ സൂപ്പര്‍സ്റ്റാര്‍ തീരുമാനം പ്രഖ്യാപിച്ചത്. അവസാന കളിയിലെ രണ്ട് ഗോളുകളും റോബനാണ് നേടിയത്. ഈ തീരുമാനത്തിലേക്ക് എത്തുകയെന്നത് അനായാസമായിരുന്നില്ല. എന്നാല്‍ 33 കാരനായ താന്‍ ക്ലബ് കരിയറിലാണ് ഇനി ശ്രദ്ധവയ്ക്കുന്നതെന്നും റോബന്‍ പറഞ്ഞു. സുന്ദരമായ ഡ്രിബിളിങ്ങിലും പന്തുമായി അതിവേഗത്തില്‍ മുന്നേറാനും കണിശതയാര്‍ന്ന പാസുകള്‍ക്കും ഡച്ച് ഫുട്‌ബോളില്‍ മാത്രമല്ല, ലോക ഫുട്‌ബോളില്‍ തന്നെ റോബനോളം പോന്നവര്‍ ഏറെയൊന്നുമില്ല. ലോകത്തെ ഏറ്റവും മികച്ച വിംഗര്‍മാരില്‍ ഒരാളായാണ് റോബന്‍ കണക്കാക്കപ്പെടുന്നത്. ഏത് ആംഗിളില്‍ നിന്നും ഗോളിലേക്ക് ഷോട്ട് ഉതിര്‍ക്കാന്‍ കഴിയുന്ന താരമാണ് റോബന്‍. ദേശീയ ടീമിനായി 96 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകള്‍ നേടിയാണ് റോബന്‍ ഡച്ച് ജേഴ്‌സി അഴിച്ചുവെക്കുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നെതര്‍ലന്‍ഡ്‌സിന് വേണ്ടി കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് റോബന്‍. റോബിന്‍ വാന്‍പേഴ്‌സി (50), ക്ലാസ് യാന്‍ ഹണ്ട്‌ലര്‍ (42), പാട്രിക് ക്ലൈവര്‍ട്ട് (40) എന്നിവരാണ് റോബന് മുന്നിലുള്ളത്. 79 കളികളില്‍ നിന്ന് 37 ഗോള്‍ നേടിയ ഡെന്നിസ് ബെര്‍ഗ്കാമ്പ് റോബന് ഒപ്പമാണ്. 2003 ഏപ്രിലില്‍ പോര്‍ച്ചുഗലിനെതിരെ 19-ാം വയസ്സിലാണ് റോബന്‍ ആദ്യമായി നെതര്‍ലന്‍ഡ്‌സിന്റെ ഓറഞ്ച് ജേഴ്‌സി അണിഞ്ഞത്. പതിനാലു വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഡച്ചുനിരയ്ക്കുവേണ്ടി 2006, 2010, 2014 എന്നീ ലോകകപ്പുകള്‍ കളിച്ചിട്ടുണ്ട് റോബന്‍. ഇതില്‍ 2010 റണ്ണറപ്പുകളും 2014ല്‍ മൂന്നാം സ്ഥാനക്കാരുമായി ടീം. കഴിഞ്ഞ വര്‍ഷം നടന്ന യൂറോ ഫൈനല്‍ റൗണ്ടിനും ഹോളണ്ടിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.