ഹിമാചലില്‍ നവംബര്‍ 9ന് തെരഞ്ഞെടുപ്പ്; ഗുജറാത്തിലെ തീയതി പിന്നീട്

Thursday 12 October 2017 11:46 pm IST

ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന്. ഡിസംബര്‍ 18ന് വോട്ടെണ്ണും. ഡിസംബര്‍ 18ന് മുന്‍പായി ഗുജറാത്തിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. ഗുജറാത്തിലെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലാവധി ജനുവരി ഏഴിനാണ് അവസാനിക്കുന്നത്. അഴിമതി ആരോപണങ്ങളും ഗ്രൂപ്പു പോരുമാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരെ അഴിമതിക്ക് സിബിഐ കേസെടുത്തിട്ടുണ്ട്. ആറ് തവണ മുഖ്യമന്ത്രിയായ സിങ്ങാണ് ഇത്തവണയും കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അഴിമതി, വികസനമുരടിപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിക്കുന്ന ബിജെപി ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമല്‍, കേന്ദ്രമന്ത്രി ജെ.പി. നദ്ദ തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തും. യുപിയിലടക്കം സമീപകാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ വിജയം ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 2012ല്‍ കോണ്‍ഗ്രസ്സിനു 36ഉം ബിജെപിക്ക് 26ഉം സീറ്റുകളാണ് ലഭിച്ചത്. ആറിടത്ത് സ്വതന്ത്രര്‍ വിജയിച്ചു.