റിയല്‍ എസ്‌റ്റേറ്റും ജിഎസ്ടിയില്‍ പെടുത്തിയേക്കും

Thursday 12 October 2017 7:08 pm IST

വാഷിങ്ങ്ടണ്‍: റിയല്‍ എസ്‌റ്റേറ്റ് മേഖലയേയും ചരക്ക് സേവന നികുതി സംവിധാനത്തില്‍ പെടുത്തിയേക്കും. ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടക്കുന്ന ഈ മേഖലയേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം നവംബര്‍ ഒന്‍പതിന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ അടിസ്ഥാനപരമായ പരിഷ്‌ക്കാരമായിരുന്നു. ഇത് ഇന്ത്യയെ, ജനങ്ങള്‍ നികുതി നിയമം അനുസരിക്കുന്ന രാജ്യമാക്കി മാറ്റും.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള, ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ്. ഇത് ജിഎസ്ടിക്കു പുറത്താണ്. ഇത് ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ജിഎസ്ടി ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും. ഇനി അവര്‍ ഒരു ഉല്പ്പന്നത്തിന് ചെറിയ ഒരു നികുതി അടച്ചാല്‍ മതിയാകും. നിലവില്‍ കെട്ടിട നിര്‍മ്മാണത്തിന് 12 ശതമാനമാണ് ജിഎസ്ടി. എന്നാല്‍ ഭൂമിയും മറ്റ് സ്ഥാവര സ്വത്തുക്കളും ജിഎസ്ടിയില്‍ പെടുത്തിയിട്ടില്ല.