കശുവണ്ടി കോര്‍പ്പറേഷനില്‍ ശമ്പളപുനര്‍നിര്‍ണയം വൈകുന്നു

Thursday 12 October 2017 12:37 pm IST

കൊല്ലം: സംസ്ഥാന കശുവണ്ടി ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ (കെഎസ്‌സിഡിസി) ജീവനക്കാരുടെ ശമ്പള പുനര്‍ നിര്‍ണയം വൈകുന്നു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പുനര്‍ നിര്‍ണയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇപ്പോള്‍ അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു. കശുവണ്ടി കോര്‍പറേഷനിലെ ജീവനക്കാര്‍, ഫാക്ടറി മാനേജര്‍മാര്‍ എന്നിവരുടെ ശമ്പള പുനര്‍നിര്‍ണയമാണ് വൈകുന്നത്. വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഡസ്ട്രീസ് റീലേഷന്‍ഷിപ്പ് കമ്മറ്റി (ഐആര്‍സി) ഒരു ഉപസമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ കമ്മറ്റി വേണ്ട രീതിയില്‍ മുന്‍പോട്ട് പോയില്ല. ഇതിനെതിരെ ഭരണാനുകൂല സംഘടനയും പ്രതിഷേധത്തിലാണ്. കൊല്ലത്ത് അറുനൂറിലധികം കശുവണ്ടി സംസ്‌ക്കരണ യൂണിറ്റുകളായിരുന്നു ഉണ്ടായിരുന്നത്. കോര്‍പ്പറേഷന് കീഴില്‍ കാപ്പക്‌സിന്റെ 10 ഉള്‍പ്പെടെ 40 കശുവണ്ടി സംസ്‌ക്കരണ ഫാക്ടറികളാണ് ഉള്ളത്. ബാക്കി സ്വകാര്യ മേഖലയിലാണ്. സ്വകാര്യ കശുവണ്ടി ഫാക്ടറി മുതലാളിമാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശമ്പള പുനര്‍ നിര്‍ണയം വൈകിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇടത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനമായിരുന്നു ശമ്പള പുനര്‍ നിര്‍ണയവും കശുവണ്ടി മേഖലയിലെ മുഴുവന്‍ ഫാക്ടറികളും തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നതും. എന്നാല്‍ സ്വകാര്യ മേഖലയിലെ പ്രധാന ഫാക്ടറി ഉടമകളായ വിജയലക്ഷ്മികമ്പനിയുടെ ഒരു ഫാക്ടറി പോലും തുറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 16 ഫാക്ടറികളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. കമ്പനി ഇപ്പോള്‍ തമിഴ്‌നാട്, ആന്ധ്ര കേന്ദ്രീകരിച്ചാണ് കശുവണ്ടി സംസ്‌ക്കരണ യൂണിറ്റ് നടത്തുന്നത്. ആയിരങ്ങള്‍ക്കാണ് ഇതു മൂലം സംസ്ഥാനത്ത് തൊഴില്‍ നഷ്ടപ്പെട്ടത്. ഇവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. സംസ്ഥാനസര്‍ക്കാരിന് കശുവണ്ടിമേഖലയോട് ചിറ്റമ്മ നയമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുവായ ടി.എഫ്. സേവ്യറിനെ ചട്ടം ലംഘിച്ചാണ് കോര്‍പറേഷന്‍ എംഡി ആക്കിയതെന്നും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.