ഐആര്‍ഇ ഖനനഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ കേന്ദ്രഅനുമതി

Thursday 12 October 2017 12:38 pm IST

കൊല്ലം: നീണ്ടകര വില്ലേജിലെ പുത്തന്‍തുറ, ചവറ വില്ലേജിലെ കരിത്തുറ, കോവില്‍തോട്ടം എന്നീ പ്രദേശങ്ങളില്‍ നിന്നും ഖനനത്തിനായി ഐആര്‍ഇ ഏറ്റെടുത്ത ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര അറ്റോമിക് എനര്‍ജി വകുപ്പ് മന്ത്രി ഡോ: ജിതേന്ദ്രസിങ്, എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയെ അറിയിച്ചതാണ് ഇക്കാര്യം. കരാര്‍ വ്യവസ്ഥ പ്രകാരം ഭൂമി ഉടമസ്ഥര്‍ക്ക് മടക്കി നല്‍കണമെന്ന് ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് സ്വീകരിച്ച നടപടിയാണ് മന്ത്രി രേഖാമൂലം അറിയിച്ചത്. ഖനനം പൂര്‍ത്തിയാക്കിയ ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കുവാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് വിഷയം അറ്റോമിക് എനര്‍ജി കമ്മിഷന്റെ ശുപാര്‍ശയോടുകൂടി ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഏറ്റെടുക്കുന്ന ഭൂമി മടക്കി നല്‍കുവാന്‍ കേന്ദ്ര കാബിനറ്റിന്റെ അനുമതി വേണമെന്ന 2011ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി കൈമാറ്റം അനിശ്ചിതത്വത്തിലായത്. വിഷയം ലോക്‌സഭയിലും കേന്ദ്രസര്‍ക്കാരിലും ഉന്നയിക്കുകയും നിരന്തരമായി ഇടപെടലുകള്‍ നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം ലഭ്യമായത്. ഭാവിയില്‍ ഐആര്‍ഇ ഖനനത്തിനായി ഏറ്റെടുക്കുന്ന ഭൂമി ഉടമസ്ഥര്‍ക്ക് മടക്കി നല്‍കുന്നതിന് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥയിലും ഇളവ് നല്‍കിയിട്ടുണ്ട്. ഭൂമി മടക്കി നല്‍കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.