മേല്‍പാലം അലൈന്‍മെന്റ് മാറ്റിയെന്ന് ആരോപണം

Thursday 12 October 2017 12:38 pm IST

കുണ്ടറ: പള്ളിമുക്കില്‍ പുതിയതായി വരുന്ന റെയില്‍വേ മേല്‍പാലത്തിന്റെ അലൈന്‍മെന്റ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ചില വ്യക്തികളുടെ പ്രത്യേക താല്‍പര്യങ്ങള്‍ക്കു വേണ്ടി മാറ്റിയെന്നാരോപിച്ച് വ്യാപാരികളുടെയും റസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനുവേണ്ടി കിറ്റ്‌കോ തയ്യാറാക്കിയ രൂപരേഖയാണ് ഇ പ്പോള്‍ അംഗീകരിച്ചിട്ടുള്ളത്. ഇത് സര്‍ക്കാരിന് വളരെയേറെ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്. ഏകദേശം 800 മീറ്ററോളം നീളം ഇതിനു വരും. നിരവധി വീടുകളും ധാരാളം കടകളും ഒഴിപ്പിക്കേണ്ടതായി വരും. എന്നാല്‍ ജൂണില്‍ വൈഎംസിഎയില്‍ കൂടിയ യോഗത്തില്‍ മന്ത്രി അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടുവരുന്നവരെയോ കടയുടമകളെയോ പിഡബ്ല്യുഡി, റെയില്‍വെ അധികൃതരെയോ പങ്കെടുപ്പിക്കാതെ ചില പ്രത്യേക വ്യക്തികളുമായി മാത്രം ചര്‍ച്ച നടത്തിയെന്നും അവരുടെ താല്‍പ്പര്യത്തില്‍ അലൈന്‍മെന്റ് തയാറാക്കുകയുമായിരുന്നെന്നാണ് പരാതി. വീട് നഷ്ടപ്പെടുന്ന ഒരു വീട്ടമ്മ പ്രത്യേകമായും പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് പറഞ്ഞിരുന്നതുപോലെ പള്ളിമുക്ക് ചന്തയുടെ സമീപത്തുനിന്നും തുടങ്ങി ഗുരുമന്ദിരത്തിലേക്ക് എത്തുന്നവിധം രൂപരേഖ തയാറാക്കിയിരുന്നുവെങ്കില്‍ സ്വകാര്യ വ്യക്തികളുടെ വസ്തുക്കള്‍ വളരെ കുറച്ചുമാത്രമേ ഏറ്റെടുക്കേണ്ടി വരുമായിരുന്നുള്ളു. കൂടുതലായും സര്‍ക്കാര്‍, റെയില്‍വേ പുറമ്പോക്കുകളാണുള്ളത്. നീളവും കുറവാണ്. സര്‍ക്കാരിന് സാമ്പത്തിക ലാഭവും ഉണ്ടാകും. ഇത് മാറ്റി സെന്റ് കുറിയാക്കോസ് സ്‌കൂളിന് സമീപത്തു നിന്നും തുടങ്ങി ഈസ്റ്റ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം, കുണ്ടറ-ചിറ്റുമല റോഡ് എന്നിവയ്ക്കു മുകളിലൂടെ വൈഎംസിഎ ജങ്ഷനില്‍ എത്തിച്ചേരും വിധമാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് പരാതിക്കാര്‍ പറയുന്നു. തര്‍ക്കംമൂലം അതിര്‍ത്തിക്കല്ലുകള്‍ ഇതുവരെ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുമില്ല.