ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരിക്കണം

Thursday 12 October 2017 3:43 pm IST

കൊച്ചി: ഈ മാസം പതിനാറിന് യുഡി‌എഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ത്താലിനെക്കുറിച്ച് വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ഹര്‍ത്താലിനെക്കുറിച്ച് ഭയമുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ ഭയം അകറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തംഗം സോജന്‍ പവിയാനോസാണ് ഹര്‍ജി നല്‍കിയത്. ഹര്‍ത്താല്‍ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നടപടി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166 -ാം വകുപ്പനുസരിച്ച് കുറ്റകരമാണ്. ഈ വകുപ്പു ചുമത്തി കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കു മേല്‍ ചുമത്തി തുക ഈടാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.