ജ്യോല്‍സ്യന്‍ പറഞ്ഞു 60 ലക്ഷം മോഷ്ടിച്ചു, ഒടുവില്‍ അകത്തായി

Thursday 12 October 2017 5:03 pm IST

ബെംഗളൂരു: നല്ല സമയമാണെന്നും മോഷണം നടത്തിയാല്‍ പോലും ആരും പിടിക്കില്ലെന്നും ജ്യോല്‍സ്യന്‍ പറഞ്ഞതു കേട്ട് 60 ലക്ഷം രൂപയുടെ ഇലക്‌ട്രോണിക് സാധനങ്ങള്‍ മോഷ്ടിച്ചയാള്‍ അകത്തായി. ജ്യോല്‍സ്യന്റെ വാക്ക് അക്ഷരം പ്രതി അനുസരിച്ച ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വില്ക്കുന്ന കമ്പനിയുടെ മാനേജരും മൂന്നു കൂട്ടാളികളും ജ്യോല്‍സ്യനുമാണ് ഒടുവില്‍ പോലീസ് പിടിയിലായത്. ബെംഗളൂരൂര കെഎസ് ഗാര്‍ഡനില്‍ ദാമോദരന്‍( 42) ജ്യോല്‍സ്യന്‍ കൃഷ്ണരാജു(58) ദാമോദരന്റെ സഹായികളായ രാംദാസ്( 38) ശരവണന്‍(40) സീനു(34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൂപ്പര്‍ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ വിശ്വസ്തനായ മാനേജരായിരുന്നു ദാമോദരന്‍. സമയ ദോഷത്തെ തുടര്‍ന്ന് ദാമോദരന്‍ ജോസ്യനായ കൃഷ്ണരാജുവിനെ കാണാനെത്തി. കൃഷ്ണരാജുവിനോട് ചോദിച്ചപ്പോള്‍ ശ്രാവണ മാസം വന്നാല്‍ പിന്നെ വലിയ മോഷണം നടത്തിയാല്‍ പോലും ആരും പിടിക്കില്ലെന്നാണ് ജാതക വശാല്‍ കാണുന്നതെന്നായിരുന്നു ജ്യോല്‍സ്യന്റെ മറുപടി. അതോടെയാണ് തന്റെ കമ്പനിക്ക് അടുത്തതായി വരാനുള്ള ആയിരം മോണിറ്ററുകള്‍ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. ശ്രീപെരുംപുത്തൂരിലെ കമ്പനിയില്‍ നിന്ന് കൊറിയര്‍ കമ്പനിയുടെ വാഹനങ്ങൡ വന്ന ആയിരം മോണിറ്ററുകള്‍ ഏറ്റെടുത്ത് ദാമോദരന്‍ സ്വന്തമായി വാടകയ്ക്ക് എടുത്ത വാഹനത്തില്‍ കയറ്റി സ്വന്തം കെട്ടിടത്തിലേക്ക് കടത്തി. അവിടെ നിന്ന് കുറേയെണ്ണം വിറ്റു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോണിറ്ററുകള്‍ തന്റെ ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് കമ്പനിയുടമ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങിയതോടെ ജ്യോല്‍സ്യന്റെ വാക്ക് പൊളിഞ്ഞു, ദാമോദരനും കൂട്ടാളികളും പിടിയിലായി, ഒപ്പം ജ്യോല്‍സ്യനും. പോലീസ് 671 മോണിറ്ററുകളും പത്തു ലക്ഷം രൂപയും കണ്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.