നെഹ്‌റ വിരമിക്കുന്നു

Thursday 12 October 2017 6:19 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. നവംബര്‍ ഒന്നിന് ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന കിവീസുമായുള്ള ട്വന്റി 20 മത്സരത്തോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നെഹ്‌റ പ്രഖ്യാപിച്ചു. ഇതോടെ നെഹ്‌റയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കു വിരാമമായി. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎലില്‍ നിന്നും നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ മികച്ചൊരു അവസരം ഇനി ലഭിക്കില്ല. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളി അവസാനിപ്പിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ വിരമിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്തുകൊണ്ടു വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുമ്പോഴല്ല വിരമിക്കേണ്ടത്- വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ നെഹ്‌റ പറഞ്ഞു. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും നന്നായി കളിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഇനി എന്റെ ആവശ്യമില്ലെന്നും നെഹ്‌റ വ്യക്തമാക്കി. 1999ല്‍ മുഹമ്മദ് അസ്ഹറുദിന്റെ നായകത്വത്തിന്‍ കീഴിലാണ് നെഹ്‌റ ആദ്യമായി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 26 ട്വന്റി-20 കളിലും നെഹ്‌റ ഇന്ത്യക്കായി ജേഴ്‌സിയണിഞ്ഞു. 44 ടെസ്റ്റ് വിക്കറ്റുകളും 157 ഏകദിന വിക്കറ്റുകളും 34 ട്വന്റി-20 വിക്കറ്റുകളും നെഹ്‌റ സ്വന്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.