ശബരിമല മേല്‍ശാന്തി നറുക്കെടുക്കാനുള്ള കുട്ടികളെ തിരഞ്ഞെടുത്തു

Thursday 12 October 2017 7:49 pm IST

പന്തളം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിനുള്ള നിയോഗം പന്തളം കൊട്ടാരത്തിലെ സൂര്യ അനൂപ് വര്‍മ്മയ്ക്കും ഹൃദ്യാവര്‍മ്മയ്ക്കും. ശബരിമല മേല്‍ശാന്തിയെ സൂര്യയും മാളികപ്പുറം മേല്‍ശാന്തിയെ ഹൃദ്യയും നറുക്കെടുക്കും. പന്തളം മംഗളോദയം കൊട്ടാരത്തില്‍ അനൂപ് വര്‍മ്മയുടെയും ചേര്‍ത്തല വയലാര്‍ രാഘവപറമ്പുമഠം സന്ധ്യാ വര്‍മ്മയുടെയും മകനാണ് സൂര്യ അനൂപ് വര്‍മ്മ. തിരുവാലൂര്‍ ശ്രീസായി വിദ്യാ വിഹാറിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പന്തളം കൈപ്പുഴ തെക്കേടത്തു കൊട്ടാരത്തില്‍ സജീവ് വര്‍മ്മയുടെയും താമരശ്ശേരി തെക്കേ കോവിലകത്ത് ധന്യ വര്‍മ്മയുടെയും മകളാണ് ഹൃദ്യാവര്‍മ്മ. ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മ രാജയും കൊട്ടാരം നിര്‍വ്വാഹക സംഘം ഭാരവാഹികളും ചേര്‍ന്നാണ് കുട്ടികളെ തിരഞ്ഞെടുത്തത്. വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി 16ന് ഉച്ചയോടെ തിരുവാഭരണ മാളികയുടെ മുന്നില്‍വച്ചു കെട്ടു നിറച്ച് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് കുട്ടികള്‍ മല ചവിട്ടുക. കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, മറ്റു ഭാരവാഹികള്‍ എന്നിവരും കുട്ടികളെ അനുഗമിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.