നിലയ്ക്കാത്ത കാവിതരംഗം

Thursday 12 October 2017 8:58 pm IST

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും ഭരണാധികാരികളുടെയും അംഗീകാരം നിര്‍ണയിക്കപ്പെടുന്നത് തെരഞ്ഞെടുപ്പുകളിലൂടെയാണ്. തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഇതിന്റെ മാനദണ്ഡം. വിചിത്രമെന്നു പറയട്ടെ, ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കാര്യം വരുമ്പോള്‍ രാഷ്ട്രീയ പ്രതിയോഗികളും ഒരുവിഭാഗം മാധ്യമങ്ങളും കടകവിരുദ്ധമായാണ് പെരുമാറുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുപ്പ് വിജയങ്ങളടെ ഘോഷയാത്ര തന്നെയാണ് രാജ്യമെമ്പാടും ബിജെപിയെ എതിരേല്‍ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും, പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ എന്നിങ്ങനെ ബിജെപിയും,പാര്‍ട്ടിനേതൃത്വം കൊടുക്കുന്ന സഖ്യവും വിജയക്കൊടി പാറിച്ചതിന്റെ ചിത്രം ആവേശദായകമാണ്. ഇതിനുനേരെ കണ്ണടച്ചുകൊണ്ടാണ് കേന്ദ്രഭരണം ജനവിരുദ്ധമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയമാണെന്നും തല്‍പരകക്ഷികള്‍ കുപ്രചാരണം നടത്തുന്നത്. ഈ പ്രചാരണത്തിന് ജനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന തിരിച്ചടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയം. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന 3884 പഞ്ചായത്തുകളില്‍ 2974 എണ്ണത്തില്‍ ഫലമറിഞ്ഞപ്പോള്‍ 1457 പഞ്ചായത്തുകളും പിടിച്ചെടുത്താണ് ബിജെപി ജനകീയാടിത്തറയുടെ ശക്തിയും വ്യാപ്തിയും തെളിയിച്ചത്. കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേനയെങ്കിലും സ്ഥാനത്തും അസ്ഥാനത്തും ബിജെപിയെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് വിമതവേഷം കെട്ടിയാണ് നടപ്പ്. മഹാരാഷ്ട്രയില്‍ തങ്ങള്‍ക്കാണ് ശക്തിയും സ്വാധീനവുമെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഒറ്റയ്ക്ക് മത്‌സരിച്ച് ബിജെപി വിജയം നേടിക്കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ജനപിന്തുണയെന്ന് ആവര്‍ത്തിച്ച് വ്യക്തമാവുകയാണ്. ശിവസേനയുടെ ദുരുപദിഷ്ടമായ പ്രസ്താവനകള്‍ സ്വന്തം ശത്രുക്കളെത്തന്നെയാണ് സന്തോഷിപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ദീര്‍ഘവീക്ഷണം പോലും ആ കക്ഷിയുടെ നേതൃത്വത്തിന് ഇല്ലാതെ പോകുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടപ്പ് അടുക്കുന്തോറും പ്രതിപക്ഷകക്ഷികളുടെ അധികാരമോഹികളായ നേതാക്കളുടെ മനസ്സില്‍ ആശങ്ക നിറയുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍നിന്ന് കരകയറാനാവാതെ അവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആസൂത്രിതമായ നുണപ്രചാരണമാണ് നടത്തുന്നത്. ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജനപിന്തുണയാര്‍ജിക്കുന്നതിനു പകരം വളഞ്ഞവഴിയിലൂടെ അധികാരത്തില്‍ തിരിച്ചെത്താനാണ് അവര്‍ വ്യാമോഹിക്കുന്നത്. ജനക്ഷേമം ജീവിതവ്രതമാക്കിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും ചെയ്യാത്തതും വിഭാവനം ചെയ്യാത്തതുമായ പരിപാടികളാണ് ഒന്നിനുപുറകെ ഒന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം എത്രതന്നെ കുപ്രചാരണം നടത്തിയാലും ഇതിന്റെയൊക്കെ ഗുണഫലം ലഭിക്കുന്ന സാധാരണ ജനങ്ങള്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പമാണ്. തുടരെത്തുടരെയുണ്ടാകുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഇതിന് തെളിവാണ്. ഇത് ബിജെപിക്കും മോദിക്കും അനുകൂലമായി വരാനിരിക്കുന്ന മഹാവിജയത്തിന്റെ മുന്നോടിയാണെന്ന് വിശ്വസിക്കുന്നത് തികച്ചും യുക്തിസഹമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.