ടയര്‍ ക്ഷാമം രൂക്ഷം; ആനവണ്ടികള്‍ കട്ടപ്പുറത്ത്

Thursday 12 October 2017 8:46 pm IST

ഇടുക്കി: ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ടയര്‍ ക്ഷാമം രൂക്ഷമായി. ടയറില്ലാത്തതിനാല്‍ തൊടുപുഴ, മൂലമറ്റം, എന്നീ ഡിപ്പോകളിലായി നാല് ബസുകള്‍ രണ്ട് ദിവസമായി സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്. തൊടുപുഴ ഡിപ്പോയിലെ തൊടുപുഴ-പിറവം, തൊടുപുഴ-ആനക്കയം എന്നീ സര്‍വ്വീസുകളും മൂലമറ്റം ഡിപ്പോയിലെ മൂലമറ്റം-തൊടുപുഴ, മൂലമറ്റം-കാക്കൊമ്പ് എന്നീ സര്‍വ്വീസുകളുമാണ് ടയറില്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പുറമെ, ആയിരക്കണക്കിന് രൂപയാണ് രണ്ട് ഡിപ്പോകളിലും ഓരോ ദിവസവും ട്രിപ്പ് റദ്ദാക്കല്‍ മൂലം നഷ്ടമായിരിക്കുന്നത്. നെടുങ്കണ്ടം, കട്ടപ്പന, കുമളി, മൂന്നാര്‍ എന്നീ ഡിപ്പോകളിലും ടയര്‍ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. സര്‍വ്വീസ് റദ്ദാക്കലോളം കാര്യങ്ങളെത്തിയിട്ടില്ലെങ്കിലും ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് മാറിയിടാന്‍ ടയറില്ലാതെ സര്‍വ്വീസുകള്‍ മുടങ്ങിയ സംഭങ്ങളുണ്ടെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നു. ഇടുക്കിയിലെ വിവിധ ഡിപ്പോകളിലേയ്ക്ക് ആലുവയില്‍ നിന്നാണ് കട്ടചെയ്ത ടയറുകള്‍ എത്തിക്കാറുള്ളത്. ഒരാഴ്ചയായി ടയറുകള്‍ എത്താത്തതാണ് സര്‍വ്വീസ് റദ്ദാക്കണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ടയര്‍ ഉടനെയെത്തിച്ചിട്ടില്ലെങ്കില്‍ ഇരുപതിനായിരത്തിന് മേല്‍ കളക്ഷനുള്ള ദീര്‍ഘദൂര ബസുകളുടെ ഓട്ടം നിലയ്ക്കും. ഇത് കൂടുതല്‍ നഷ്ടത്തിലേക്ക് ഡിപ്പോകളെ എത്തിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.