റോഡ് വികസനത്തിന് തടസമായി ട്രാന്‍സ്‌ഫോര്‍മര്‍

Thursday 12 October 2017 8:47 pm IST

ചെറുതോണി: റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുതപോസ്റ്റും ട്രാന്‍സ്‌ഫോര്‍മറും മാറ്റി സ്ഥാപിക്കാന്‍ നടപടിയായില്ല. ഭൂമിയാംകുളം വാസുപ്പാറ റോഡിലാണ് അപകടകരമായ നിലയില്‍ ട്രാന്‍സ്‌ഫോര്‍മറും പോസ്റ്റും നില്‍ക്കുന്നത്. ടാറിങ് പൂര്‍ത്തിയായിരിക്കുന്ന സ്ഥലത്തുനിന്നും മുന്നൂറുമീറ്ററോളം ദൂരംമാത്രമാണ് ടാറിങ് ജോലികള്‍ നടക്കാനുള്ളത്. റോഡിന് നടുവിലുള്ള വൈദ്യുതപോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും മാറ്റി സ്ഥാപിച്ചാല്‍ മാത്രമെ ടാറിങ് ജോലികള്‍ നടത്താനാവൂ. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമൊവശ്യപ്പെട്ട് വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, വകുപ്പ് മന്ത്രി എം.എം.മണിക്കും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടും ബോര്‍ഡ് അധികൃതര്‍ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റാന്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. വാഴത്തോപ്പ് പഞ്ചായത്ത് വക ഹോമിയോ ആശുപത്രിയും, മിനി സ്റ്റേഡിയവും സ്ഥിതിചെയ്യുന്നിടത്തേക്കുള്ള റോഡാണ് ടാറിങ് നടത്താനാകാതെ കിടക്കുന്നത്. കനത്ത മഴയില്‍ റോഡിലെ മണ്ണ് ഒഴുകിപോയി വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഗതാഗതം തടസപ്പെട്ടിരിക്കുയാണ്. റോഡ് ടാറ് ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും വൈദ്യുതബോര്‍ഡ് ഉദ്യോഗസ്ഥരുടെ അനങ്ങാപ്പാറനയം റോഡ് വികസനത്തിന് വിലങ്ങുതടിയായിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യാത്രക്കാരും സഞ്ചരിക്കുന്ന വഴിയില്‍ മൂന്നടിയോളം ഉയരത്തില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന് സ്ഥലം വൈദ്യുതി ബോര്‍ഡിന് വിട്ടുനല്‍കുകയും സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്യുകയും ചെയ്തിട്ടുള്ളതാണ്.കൊച്ചുകുട്ടികള്‍ക്കുപോലും എത്താവുന്ന വിധം ട്രാന്‍ഫോര്‍മറിന്റെ ഫ്യൂസ് ഉള്‍പ്പെടെ നില്‍ക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.