ധീരബലിദാനികള്‍ക്ക് പ്രണാമം അര്‍പ്പിച്ച്...

Thursday 12 October 2017 10:48 pm IST

ബലിദാനികളുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തുന്നു

2016 ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ വൈക്കം, കുമരകം, ഏറ്റുമാനൂര്‍ മേഖലകളില്‍ നിരന്തരം അക്രമങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് ജന രക്ഷായാത്ര ജില്ലയിലെത്തിയത്.

സംഘ പരിവാര്‍ പ്രസ്ഥാനങ്ങളിലുള്‍പ്പെട്ടവരെ കൂടാതെ സ്വന്തം പക്ഷത്തുള്ളവരെ പോലും മാര്‍ക്‌സിസ്റ്റ് അക്രമികള്‍ കൊലക്കത്തിക്കിരയാക്കിയിട്ടുള്ള ജില്ലിയാണ് കോട്ടയം. ഈരാറ്റുപേട്ടയില്‍ പാര്‍ട്ടിക്കുള്ളില്‍ പരാതി പറഞ്ഞതിന് ലോക്കല്‍ കമ്മിറ്റി അംഗത്തെയും, സംക്രാന്തിയില്‍ ചുമട് തൊഴിലാളിയായ സിപിഐ പ്രവര്‍ത്തകനെയും വകവരുത്തി ഇവര്‍ വര്‍ഗ്ഗ ബോധം തെളിയിച്ചിട്ടുണ്ട്.

ജന്മനാടിന് വേണ്ടി ജീവന്‍ വെടിയേണ്ടിവന്ന ബലിദാനികളുടെ സ്മരണകള്‍ക്ക് മുന്നില്‍ ജന രക്ഷായാത്രാ നായകന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് നാഗമ്പടം നെഹ്രു സ്‌റ്റേഡിയത്തിന് സമീപമുള്ള വേദിയില്‍ ഇന്നലെ സമ്മേളനം ആരംഭിച്ചത്.
കേരളത്തിലെ രണ്ടാമത്തേതും ജില്ലയിലെ ആദ്യ ബലിദാനിയാണ് പൊന്‍കുന്നം ശ്രീധരന്‍ നായര്‍. ഭാരതീയ ജനസംഘത്തിന്റെ ജില്ലാ ഉപാദ്ധ്യക്ഷനായിരിക്കെ 1969 സപ്തംബര്‍ 7ന് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് അക്രമികളാലാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ജനസംഘത്തിലെത്തി ശക്തമായ സംഘടനാ അടിത്തറ ഉണ്ടാക്കിയതിലുള്ള അസഹിഷ്ണുതയാണ് കൊലപാതകത്തിന് കാരണം.

1967ല്‍ പി.പരമേശ്വരന്‍ ചിറക്കടവില്‍ ജനസംഘത്തിന്റെ യൂണിറ്റ് രൂപീകരിച്ചപ്പോള്‍ ചേനപ്പാടിയിലെ പ്രധാന പ്രവര്‍ത്തകനായിരുന്ന ശ്രീധരന്‍ നായരും പങ്കെടുത്തു. ജനസംഘത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം പാര്‍ട്ടി ചുമതലകള്‍ ഉപേക്ഷിച്ചാണ് ജനസംഘത്തിന്റെ ഭാഗമായത്. ശ്രീധരന്‍ നായരുടെ വരവ് ചിറക്കടവ്, കൂരാലി, എലിക്കുളം മേഖലയില്‍ ബിജെപിയുടെ പൂര്‍വ്വരൂപമായ ജനസംഘത്തിന്റെ അടിത്തറ ശക്തമാക്കുന്നതിന് സഹായകമായി.

ചെങ്കൊടി മാത്രം ഉയര്‍ന്നിരുന്ന മേഖലകളില്‍ ദേശീയതയുടെ ശബ്ദം മുഴങ്ങി. കൂരാലിയിലും സമീപപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ നിരന്തരം ആക്രമണം നടത്തി ഭീതി സൃഷ്ടിച്ചു. ഇതിനെതിരെ രൂപീകൃതമായ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ 1969 സപ്തംബര്‍ 7ന് കമ്മ്യൂണിസ്റ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടന്നു. ഇളങ്ങുളത്തു നിന്ന് കൂരാലിയിലേക്ക് നടന്ന പ്രകടനത്തിന് നേരെ മാര്‍ക്‌സിസ്റ്റുകാര്‍ ബോംബെറിഞ്ഞു. ഈ ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജനസംഘം പ്രവര്‍ത്തകനെ ശ്രുശ്രൂഷിക്കുന്നതിനായി ശ്രീധരന്‍ നായര്‍ അടുത്തുള്ള വൈദ്യശാലയിലേക്ക് പോയപ്പോള്‍ പിന്നാലെ ചെന്ന മാര്‍ക്‌സിസ്റ്റുകാര്‍ വൈദ്യശാലക്കുള്ളിലിട്ട് അദ്ദേഹത്തെ മൃഗീയമായി വെട്ടിക്കൊല്ലുകയായിരുന്നു.

ജില്ലയില്‍ ശക്തമായ സംഘടനാ അടിത്തറ ഉണ്ടാക്കിയതില്‍ അസിഹിഷ്ണുത പൂണ്ട കമ്മ്യൂണിസ്റ്റുകാരുടെ അജണ്ടയായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം. അദ്ധ്യാപകനും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന ശ്രീധര നായര്‍ അദ്ധ്യാപനം രാജിവച്ച് മുഴുവന്‍ സമയ സംഘ പ്രവര്‍ത്തകനായി. ധീരബലിദാനിയായ ശ്രീധരന്‍ നായര്‍ ചിറക്കടവ് പുന്നാംപതാലില്‍ വീട്ടില്‍ ശങ്കരന്‍ നായരുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ്.

1987 ജൂലൈ 20ന് ആണ് ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ പി. കെ. മധുലാലിനെ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ അക്രമിച്ച് കൊലപ്പെടുത്തിയത്. ആര്‍എസ്എസ് മണ്ഡല്‍ ബാലപ്രമുഖ് ആയിരുന്നു. ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് അക്രമം നടന്നത്. നിഷ്‌ക്കരുണം വെട്ടിക്കൊല്ലുകയായിരുന്നു. വെങ്കോട്ട എന്ന സ്ഥലത്തുവെച്ചായിരുന്നു അക്രമം നടന്നത്.

1991 മെയ് 27ന് വൈക്കത്ത് സിപിഐ യുടെ കൊലക്കത്തിയില്‍ ജീവന്‍ പൊലിഞ്ഞത് ഒരു വീട്ടമ്മയടേതാണ്. മഹിളാ മോര്‍ച്ച വൈക്കം നിയോജക മണ്ഡലം പ്രസിഡന്റും പട്ടികജാതിക്കാരിയുമായ ചെമ്മനാകരി പുത്തന്‍തറ വീട്ടില്‍ കൗസല്യയെ വിട്ടില്‍ക്കയറിയാണ് സിപിഐ അക്രമികള്‍ വെട്ടിയത്. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അവരെ വൈക്കത്തെ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നാലെയെത്തിയ അക്രമികള്‍ കൗസല്യയെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികളുടെയും ഡോക്ടര്‍മാരുടെയും കണ്‍മുമ്പിലിട്ടാണ് ഈ കൊലപാതകം നടത്തിയത്. കൗസല്യയുടെ ഇളയമകന്‍ മകന്‍ ഷണ്മുഖന്‍ ഇപ്പോള്‍ എസ്‌സി മോര്‍ച്ച വൈക്കം നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ്.

അടിയന്തരാവസ്ഥ കാലം മുഴുവന്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിനായി അക്ഷീണം യത്‌നിച്ച കോത്തല പൗവ്വത്ത് പറമ്പില്‍ വി.പി. ശിവരാമന്‍ നായരെ ഇല്ലായ്മ ചെയ്തത് കേരളാ കോണ്‍ഗ്രസ് ഗുണ്ടകളായിരുന്നു. 1997 ആഗസ്റ്റ് 9 നാണ് ഈ കൊലപാതകം നടന്നത്. കൂരോപ്പട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. എന്‍. ശിവരാമന്‍ നായരെ(പിഎന്‍എസ്) ലക്ഷ്യമിട്ടെത്തിയ സംഘം വി.പി. ശിവരാമന്‍ നായരെ ഇല്ലായ്മ ചെയ്യുകയായിരുന്നു.

പുത്തന്‍കണ്ടം കുഞ്ഞുമോന്‍ എന്നയാള്‍ക്ക് കൂരോപ്പട സഹകരണബാങ്കില്‍ നിന്ന് ലോണ്‍ നല്‍കുന്നതിന് കാലതാമസം വന്നതിന്റെ പേരില്‍ ബാങ്ക് പ്രസിഡന്റ് പി. എന്‍. ശിവരാമന്‍ നായരെ ചെന്നാമറ്റത്ത് വെച്ച് ഇയാളുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കൂരോപ്പടയില്‍ യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടയ്ക്കാട്ടുകുന്ന് താഴത്തെ കവലയില്‍ വെച്ച് കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റത്തിന് മുതിര്‍ന്നു. ഇവരില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണുപോയ വി.പി. ശിവരാമന്‍ നായരെ അക്രമികള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

എബിവിപി പ്രവര്‍ത്തകനായതിന്റെ പേരില്‍ സിഐടിയു-സിപിഎം ക്രിനലുകളാല്‍ അരുംകൊല ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയാണ് ചങ്ങനാശേരി പെരുന്ന വെസ്റ്റ് ബിംബീസ് വീട്ടില്‍ ചിദംബരന്‍ പിള്ള-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകനാണ് സി. ബിംബി. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിയേറ്റ ബിംബി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 1996 ഒക്ടോബര്‍ 20നാണ് മരണമടഞ്ഞത്. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയായ ബിംബി ഒക്ടോബര്‍ 16ന് ക്ലാസ് കഴിഞ്ഞ് ചങ്ങനാശേരിയില്‍ ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അക്രമിക്കപ്പെട്ടത്. അന്ന് ചങ്ങനാശേരി എന്‍എസ്എസ് കോളേജിലുണ്ടായ നിസ്സാര അടിപിടിയുടെ തുടര്‍ച്ചയെന്നോണമാണ് സിഐടിയു അക്രമികള്‍ ബിംബിയെ മര്‍ദ്ദിച്ചത്.

ബിംബി ഈ സംഘര്‍ഷവുമായി ഒരുതരത്തിലും ബന്ധമുള്ള ആളല്ലായിരുന്നു. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിയേറ്റ ബിംബിയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും, കോമയിലേക്ക് വഴുതുകയും ചെയ്തു. ഒക്ടോബര്‍ 20ന് മരണമടഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.