ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ ഉടന്‍: സുശീല്‍ മോദി

Thursday 12 October 2017 11:29 pm IST

കൊച്ചി: ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ രാജ്യത്ത് പെട്ടെന്ന് തന്നെ പ്രകടമാകുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച് അടുത്ത മാസം ഒന്‍പതിന് ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച നടക്കും. സെന്‍ട്രല്‍ എക്‌സൈസ് നികുതിയും വാറ്റും ചേര്‍ന്നതായിരുന്നു കേരളത്തിന്റെ നികുതി ഘടന. ഇതില്‍ സെന്‍ട്രല്‍ എക്‌സൈസ് നികുതി പ്രകടമായിരുന്നില്ല. ഉല്‍പ്പന്നവിലയില്‍ ഉള്‍പ്പെടുത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്. പുറമേ വരുന്നത് വാറ്റ് മാത്രമായിരുന്നു. ജിഎസ്ടി നടപ്പാക്കിയതോടെ ഉപഭോക്താവിന് ഏത് വിധത്തിലുള്ള നികുതിയാണ് ഈടാക്കുന്നതെന്നും അത് എത്ര ശതമാനമാണെന്നും അറിയാന്‍ സാധിച്ചു. വില്‍പ്പന വില ഉയര്‍ന്നിട്ടില്ല. ഇവ മറ്റൊരു പേരില്‍ നേരത്തെ ഉപഭോക്താവില്‍ നിന്ന് ഈടാക്കിയിരുന്നതാണ്. പല സംസ്ഥാനങ്ങളും ഉല്‍പ്പന്നങ്ങളുടെ മേല്‍ പല പേരിലാണ് ടാക്‌സ് ഈടാക്കിയിരുന്നത്. ഇവ ഏകികരിക്കുമ്പോള്‍ വില്‍പ്പന വില എങ്ങനെയാണ് വര്‍ദ്ധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 95 ശതമാനം നികുതി അടക്കുന്നത് നാല് ലക്ഷം വരുന്ന വ്യവസായികളാണ്. ബാക്കി അഞ്ച് ശതമാനം നികുതി മാത്രമാണ് ചെറുകിട വ്യവസായികള്‍ നല്‍കുന്നത്. ഒരു ശതമാനം ടാക്‌സ് ഈടാക്കുന്നത് ഒരു കോടി രൂപ വിറ്റുവരവുള്ളവരില്‍ നിന്നുമാണ്. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ ചെറുകിട വ്യവസായികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളാണ് ലഭിച്ചത്. പ്രതിമാസ വരവ് ഫയല്‍ ചെയ്യേണ്ടിവരുന്നില്ല. എസി ഹോട്ടലുകള്‍ക്ക് 18 ശതമാനവും, നോണ്‍ എ.സി ഹോട്ടലുകള്‍ക്ക് 12 ശതമാനവും, മറ്റുള്ളവര്‍ക്ക് അഞ്ച് ശതമാനവും എന്ന കണക്കിലാണ് നികുതി ഈടാക്കുന്നത്. ഇതെല്ലാം ശരിയായ നിലയില്‍ ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈടുക്കണം. ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ പൊതു അംഗീകാരത്തോടെയാണ്. ഇതില്‍ നിന്ന് ഒരു സംസ്ഥാനത്തിനും മാറിനില്‍ക്കാനാവില്ല. വിവിധ ഇടപാടുകള്‍ നടത്തിയാലും ഏറ്റവുമൊടുവില്‍ ഒറ്റ നികുതി മാത്രം അടച്ചാല്‍ മതിയെന്നതാണ് ഉപഭോക്താവിനുള്ള ഗുണം. ജിഎസ്ടിക്കു കീഴില്‍ നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറാനാവില്ല. നികുതി വെട്ടിപ്പ് തടയാനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.