കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 29 തടവുകാരെ വിട്ടയക്കാന്‍ ശുപാര്‍ശ

Friday 13 October 2017 9:21 pm IST

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കാലാവധി പൂര്‍ത്തിയാക്കിയ 42 തടവുകാരില്‍ 29 പേരെ വിട്ടയക്കാന്‍ ജയില്‍ ഉപദേശകസമിതിയോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 65 വയസ്സ് കഴിഞ്ഞ തടവുകാര്‍, 14 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാര്‍, ശിക്ഷാകാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിയവര്‍ എന്നിവരെയാണ് മോചനത്തിന് പരിഗണിച്ചത്. 25 പേരുടെ പരോള്‍ അപേക്ഷകളില്‍ 13 പേരെയും വനിതാ ജയിലില്‍ പരിഗണനക്കെത്തിയ മൂന്നുപേരില്‍ രണ്ടു പേരെയും വിട്ടയക്കാന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗം ശുപാര്‍ശ ചെയ്തു. ആറു മാസത്തിലൊരിക്കലാണ് ജയില്‍ ഉപദേശക സമിതി യോഗം ചേരുക. ശിക്ഷാ കാലാവധിയിലെ പെരുമാറ്റം, പരോള്‍ കാലത്ത് പുറത്ത് കേസുകളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് തടവുകാരുടെ മോചനം സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജെ.രഘു, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രം, അനൗദ്യോഗിക അംഗങ്ങളായ പി.ജയരാജന്‍, വത്സന്‍ പനോളി, അഡ്വ.എം.സി.രാഘവന്‍, വനിതാ അംഗങ്ങളായ പ്രൊഫ.കെ.എ.സരള, എം.വി.സരള, എം.സി. ജ്യോതി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.