കണ്ണൂര്‍ ജയിലില്‍ ആശുപത്രി ഇടിമുറി

Friday 13 October 2017 10:26 pm IST

കണ്ണൂര്‍ ജയിലില്‍ പരിശോധന നടത്തിയപ്പോള്‍ പിടിച്ചെടുത്ത ആയുധങ്ങള്‍ (ഫയല്‍ ചിത്രം)

സിപിഎമ്മിന്റെ കൊടുംകുറ്റവാളികള്‍ക്ക് സുഖവാസകേന്ദ്രമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. കൊലക്കുറ്റത്തിന് തൂക്കിലേറ്റിയ സഖാക്കള്‍ക്ക് ജയില്‍ വളപ്പില്‍ സ്മാരകം തീര്‍ത്ത ലോകത്തിലെ തന്നെ ഏക തടവറയായിരിക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. പാര്‍ട്ടി ഓഫീസും ജയില്‍ സെല്ലും പാര്‍ട്ടി ഗ്രാമവും കണ്ണൂരിലുണ്ട്. ജയില്‍ ഉപദേശക സമിതി അംഗമായി പി.ജയരാജനുണ്ടെങ്കില്‍ കുറ്റക്കാര്‍ക്ക് പിന്നെന്തുവേണം? ജയില്‍ ആശുപത്രി ഭരണം സിപിഎം തടവുകാര്‍ക്കാണ്. ആശുപത്രിയാകട്ടെ പലപ്പോഴും ഇടിമുറിയാക്കാനും അവര്‍ മുതിരും.

രണ്ടുമാസത്തിലൊരിക്കല്‍ പരിശോധന നടത്തുമെന്നൊക്കെ വീമ്പടിക്കാറുണ്ട്. ഒന്നും നടക്കാറില്ല. 2010 ജൂണ്‍ 16 ന് കണ്ണൂര്‍ ജയിലില്‍ അഞ്ചുമണിക്കൂറോളം പരിശോധന നടത്തിയപ്പോള്‍ കിട്ടിയ വസ്തുക്കള്‍ കണ്ട് എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഞെട്ടി. നാലു ലോറികള്‍ വേണ്ടിവന്നു സാധനങ്ങള്‍ നീക്കം ചെയ്യാന്‍. ഭീകരന്‍ തടിയന്റവിട നസീറും സര്‍ഫറാസ് നവാസും ജയിലിലുള്ളപ്പോഴായിരുന്നു ഇത്. ഇരുവരും ലഷ്‌കര്‍ ഇ തൊയിബ, ജമാഅത്ത ഉദ് ദവ എന്നീ അന്താരാഷ്ട്ര ഭീകര സംഘടനകളുടെ ഇന്ത്യയിലെ കണ്ണികളാണ്. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ പിടിച്ചെടുത്ത സാധനങ്ങളില്‍പ്പെടുന്നു. അന്ന് അലക്‌സാണ്ടര്‍ ജേക്കബ് പിടിച്ചെടുത്ത സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അറിയിച്ചതിങ്ങനെ!

റെയ്ഡില്‍ വെടിമരുന്നും ആയുധങ്ങളും കഞ്ചാവും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ അനധികൃതമായി സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ വന്‍ശേഖരം പിടിച്ചെടുത്തു. ഏഴു മൊബൈല്‍ ഫോണുകള്‍, 27 ചാര്‍ജറുകള്‍, ഒമ്പത് മൊബൈല്‍ ബാറ്ററികള്‍, 22 കത്തികള്‍, റേഡിയോ, വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഇരുമ്പുവടികള്‍, പ്രഷര്‍കുക്കര്‍, ഭക്ഷണ സാധനങ്ങള്‍, വിറക് തുടങ്ങി നാലു ലോഡിലധികം സാധനങ്ങള്‍ പിടിച്ചെടുത്തവയില്‍പ്പെടുന്നു.
ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് നേരിട്ട് നേതൃത്വം വഹിച്ച റെയ്ഡിന് വന്‍പോലീസ് സംഘവും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ആരംഭിച്ചത്. അഞ്ചുമണിക്കൂറോളം നീണ്ടു. അമ്പതോളം സായുധ പോലീസുകാരും അത്രയും തന്നെ ജയില്‍ ഓഫീസര്‍മാരുമടക്കം 140 ഓളം പേര്‍ റെയ്ഡില്‍ പങ്കെടുത്തു. തടവുകാരുടെ ബ്ലോക്കുകളും സെല്ലുകളുമടക്കം ജയിലാകെ സംഘം അരിച്ചുപെറുക്കി.

സ്വന്തം നിലയില്‍ എന്തെങ്കിലും വസ്തുക്കള്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ലാത്ത തടവുകാരുടെ വാസസ്ഥലത്തുനിന്ന് ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഒരു സദ്യവട്ടത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളും പാത്രങ്ങളും വിറകുകളും പിടികൂടി. തടവുകാര്‍ സ്വന്തമായി ഭക്ഷണം പാകംചെയ്തു കഴിച്ചിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ജയില്‍ ജീവനക്കാരുടെ നിരീക്ഷണം കാര്യക്ഷമമായി നടന്നിരുന്നില്ലെന്നും കണ്ണൂര്‍ ജയിലില്‍ അച്ചടക്കം തീരെയില്ലായിരുന്നുവെന്നും റെയ്ഡില്‍ വെളിപ്പെട്ടു. അമ്മിക്കല്ല്, ചിരവ, ചായപ്പൊടി, പപ്പടം, അച്ചാര്‍, പഞ്ചസാര, പാല്‍പ്പൊടി, വെളിച്ചെണ്ണ, തീപ്പെട്ടി, സിഗരറ്റ്‌ലൈറ്ററുകള്‍ എന്നിവ പിടിച്ചെടുത്തതിലുണ്ട്.

മാങ്ങ ഉപ്പിലിട്ട് കൂറ്റന്‍ പാത്രവും കണ്ടെത്തി. മൂന്നു ഗ്ലാസുകള്‍ക്ക് മുകളില്‍ പ്ലേറ്റ് വച്ചശേഷം അടിയില്‍ മെഴുകുതിരി കത്തിച്ചുവച്ച് പാത്രം ചൂടാക്കിയാണ് പപ്പടം കാച്ചാറുള്ളതെന്ന് ചില തടവുകാര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ബ്ലോക്കുകള്‍ക്കുള്ളിലും ജയില്‍വളപ്പിലെ ഒളിത്താവളങ്ങളിലും ഭക്ഷണം പാകംചെയ്യല്‍ ഉള്‍പ്പെടെയുള്ളവ നടത്താറുണ്ട്. വിവിധയിടങ്ങളിലായി ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു പിടിച്ചെടുത്ത സാധനങ്ങള്‍.
സന്ദര്‍ശകരായെത്തുന്നവര്‍ നല്‍കുന്നതിന് പുറമെ മതിലിന് പുറത്തുനിന്ന് എറിഞ്ഞും തടവുകാര്‍ക്ക് സാധനങ്ങള്‍ ലഭിക്കാറുണ്ട്. ചില ജയില്‍ ജീവനക്കാരുടെ ഒത്താശയും ഇതിന് പിന്നിലുണ്ട്.

മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ണൂര്‍ ജില്ലയില്‍ വ്യപകമാണെന്നു പണ്ടേ ആക്ഷേപമുള്ളതാണ്. തടവുചാടിയ ജയാനന്ദനും റിയാസും ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. മൊബൈല്‍ ഉപയോഗം തടയാന്‍ ഇരുപത് ലക്ഷം രൂപമുടക്കി ജാമര്‍ സ്ഥാപിച്ചെങ്കിലും തടവുകാര്‍ ഇത് നശിപ്പിക്കുകയായിരുന്നു.
ചുട്ട കോഴിക്കാലുകളും വറുത്ത കോഴിയുമെല്ലാം ജയില്‍ വളപ്പിലേക്ക് പറന്നിറങ്ങാറുണ്ട്. ഭീകരര്‍ക്കും അത്രതന്നെ കൊടുംകുറ്റവാളികള്‍ക്കും വേണ്ടിയാണിതെന്നുള്ളതില്‍ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ജീവനക്കാരും തയ്യാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.