കാട്ടിക്കുളം ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ രണ്ടാംദിനത്തിലും ഒന്നാമത്

Friday 13 October 2017 9:30 pm IST

മാനന്തവാടി: മാനന്തവാടി ഗവ.വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഒമ്പതാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ 67 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 100 പോയിന്റുകളോടെ കാട്ടിക്കുളം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളാണ് രണ്ടാംദിനത്തിലും ഒന്നാം സ്ഥാനത്തുള്ളത്. 72 പോയിന്റോടെ മീനങ്ങാടി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടാംസ്ഥാനത്തും 50 പോയിന്റോടെ കാക്കവയല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാമതുമാണ്. ഉപജില്ലാടിസ്ഥാനത്തില്‍ 268 പോയിന്റോടെ ബത്തേരി ഒന്നാംസ്ഥാനത്തും 254 പോയിന്റോടെ മാനന്തവാടിയും 83 പോയിന്റോടെ വൈത്തിരിയും രണ്ടും മൂന്നാം സ്ഥാനങ്ങളിലുമാണ്. ആതിഥേയരായ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 21 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കി പരിസ്ഥിതി സൗഹൃദമായാണ് കായിക മേള നടക്കുന്നത്. 600 കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ ഒ.ആര്‍.കേളു എംഎല്‍എ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി പഴശ്ശികുടീരത്തില്‍നിന്ന് ഡിവൈഎസ്പി കെ.എം.ദേവസ്യ കൊളുത്തിയ ദീപശിഖ പ്രയാണത്തിന് ശേഷം മൈതാനത്ത് സ്ഥാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബു രാജന്‍ പതാക ഉയര്‍ത്തി. നഗരസഭാചെയര്‍ പേഴ്‌സണ്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. വടുവന്‍ചാല്‍ ജിഎച്ച്എസ്എസിലെ ദേശീയ ഫുട്‌ബോള്‍ താരം ഹാനിസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മേളയുടെ ലോഗോ ഡിസൈന്‍ ചെയ്ത ഷിതിന്‍ ചൊക്ലിക്ക് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി ഉപഹാരം സമര്‍പ്പിച്ചു. മുന്‍ കായിക അധ്യാപകനായ ദാമു മാസ്റ്ററുടെ പേരില്‍ കുടുംബം ഏര്‍പ്പെടുത്തിയ ട്രോഫി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമന്‍ ഏറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.