സോളാര്‍: ഹൈക്കമാന്‍ഡ് കൈവിട്ടു; നിലപാടില്ലാതെ രാഹുല്‍

Friday 13 October 2017 10:16 pm IST

ന്യൂദല്‍ഹി: സോളാര്‍ അഴിമതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ കയ്യൊഴിഞ്ഞ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇന്നലെ ഉപാധ്യക്ഷന്‍ രാഹുലുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രശ്‌നപരിഹാരം നിര്‍ദ്ദേശിക്കാനോ നിലപാട് വ്യക്തമാക്കാനോ തയ്യാറാകാതിരുന്ന രാഹുല്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിക്കട്ടെ എന്ന് മറുപടി നല്‍കി നേതാക്കളെ തിരിച്ചയച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍, മുന്‍ പ്രസിഡണ്ട് വി.എം. സുധീരന്‍, വി.ഡി. സതീശന്‍ എംഎല്‍എ എന്നിവരാണ് രാഹുലിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. നേതാക്കളുമായി വെവ്വേറെ ചര്‍ച്ചയും രാഹുല്‍ നടത്തി. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് നേതാക്കള്‍ രാഹുലിനെ അറിയിച്ചത്. സംസ്ഥാനത്ത് പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. പ്രശ്‌നത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ടതുണ്ട്. എന്നാല്‍ ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ വ്യക്തമായ മറുപടി പറയാന്‍ രാഹുല്‍ തയ്യാറായില്ല. സോളാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്തതായി എം.എം. ഹസ്സനും ഉമ്മന്‍ ചാണ്ടിയും മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുലിന്റെ പ്രതികരണം വ്യക്തമാക്കാന്‍ എന്നാല്‍ നേതാക്കള്‍ തയ്യാറായില്ല. എഐസിസിയുടെ നിലപാട് താനല്ല പറയേണ്ടതെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. നേതാക്കള്‍ ഒന്നടങ്കം കേസിലുള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഒറ്റക്കെട്ടായി നേരിടണമെന്ന് നേതാക്കളെ ഉപദേശിക്കുമ്പോഴും അതിനുള്ള വഴികള്‍ വിശദീകരിക്കാനോ മുന്‍കൈയെടുക്കാനോ ദേശീയ നേതൃത്വം തയ്യാറാവുന്നില്ല. ദേശീയ തലത്തിലും സോളാര്‍ പാര്‍ട്ടിക്ക് നാണക്കേടായിട്ടുണ്ട്. വിഷയം ബിജെപി കേന്ദ്ര നേതൃത്വം ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് കൂടുതല്‍ പരുങ്ങലിലായി. ഒത്തുതീര്‍പ്പില്ലാത്ത അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ ആവശ്യപ്പെട്ടു. ബെഗളുരുവില്‍ ബിജെപി മഹിളാ വിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങി. സോളാറില്‍ ഉള്‍പ്പെട്ട കെ.സി വേണുഗോപാലിനാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയുടെ ചുമതല. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് ദേശീയ നേതൃത്വം. സംഘടനാ തെരഞ്ഞെടുപ്പും നടക്കുകയാണ്. അതിനാല്‍ സംസ്ഥാന നേതൃത്വം തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്ന നിലപാടിലാണ് രാഹുലുള്‍പ്പെടെയുള്ളവര്‍. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മൗനം മാത്രമാണ് കോണ്‍ഗ്രസ്സിന് ആശ്വസിക്കാനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.