കാബൂളില്‍ ചാവേറാക്രമണം; ആറ്‌ മരണം

Saturday 8 September 2012 8:40 pm IST

കാബൂള്‍: കാബൂളില്‍ നാറ്റോ ആസ്ഥാനത്തിന്‌ സമീപത്തുണ്ടായ ചാവേറാക്രമണത്തില്‍ ആറ്‌ പേര്‍ കൊല്ലപ്പെട്ടു. ബൈക്കില്‍ സ്ഫോടക വസ്തുക്കളുമായെത്തിയ ചാവേര്‍ നാറ്റോ സൈനിക ക്യാമ്പിന്‌ മുന്‍വശത്ത്‌ സ്ഫോടനം നടത്തുകയായിരുന്നു. രണ്ടായിരത്തിലധികം അഫ്ഗാന്‍ സൈനികര്‍ക്ക്‌ ക്യാമ്പില്‍ പരിശീലനം നല്‍കുന്നതിനിടെയാണ്‌ സ്ഫോടനം നടന്നതെന്ന്‌ നാറ്റോ അധികൃതര്‍ അറിയിച്ചു. 2014 ല്‍ നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ പിന്‍മാറുന്നതിന്‌ മുന്നോടിയാണ്‌ അഫ്ഗാന്‍ സൈനികര്‍ക്ക്‌ പരിശീലനം നല്‍കുന്നത്‌. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുമെന്ന്‌ ആഭ്യന്തര മന്ത്രാലയം വക്താവ്‌ സിദ്ദിക്‌ സിദ്ദിഖി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.അക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. കാബൂളിലെ അമേരിക്കന്‍ ഇന്റലിജന്‍സ്‌ ഏജന്‍സി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പദ്ധതിയിട്ടുള്ളതായും താലിബാന്‍ വക്താക്കള്‍ അറിയിച്ചു.
ചാരപ്രവര്‍ത്തികള്‍ക്കായി അമേരിക്കക്കാരെയും അഫ്ഗാനികളെയും നിയമിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സി തലവനെ വധിക്കാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിട്ടുള്ളതായും താലിബാന്‍ അറിയിച്ചു. അഫ്ഗാനിലെ സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി അമേരിക്ക സത്യസന്ധമായല്ല പ്രവര്‍ത്തിക്കുന്നത്‌.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിന്‌ നേരെ വീണ്ടും ആക്രമണങ്ങള്‍ നടത്തുമെന്ന്‌ ഹഖാനി തലവന്‍ മുന്നറിയിപ്പ്‌ നല്‍കി. പാക്‌ ഭീകരവാദ സംഘടനയായ ഹഖാനി ശൃംഖലയെ കഴിഞ്ഞദിവസമാണ്‌ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌. ഇതിന്‌ പ്രതികാരമായിരിക്കും നാറ്റോ ആസ്ഥാനത്തിനു മുന്നില്‍ ആക്രമണം നടത്തിയതെന്ന്‌ സംശയിക്കുന്നതായി സിദ്ദിഖ്‌ സിദ്ദിഖി വ്യക്തമാക്കി.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.