കരിഞ്ചന്തയിലേക്ക് കടത്തിയ റേഷനരി പിടികൂടി

Friday 13 October 2017 10:38 pm IST

ചേര്‍ത്തല: റേഷന്‍ കടകളില്‍ നിന്നു കടത്തിയ 500 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ സ്വകാര്യ ഗോഡൗണില്‍ നിന്നു സപ്ലൈ ഓഫിസ് അധികൃതര്‍ പിടിച്ചെടുത്തു. ചേര്‍ത്തല വടക്കേ അങ്ങാടികവലയ്ക്ക് സമീപം വള്ളോന്തയ്യില്‍ ഹരോള്‍ഡിന്റെ ഗോഡൗണിലാണ് ഇന്നലെ വൈകിട്ട് ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ചാക്കില്‍ സൂക്ഷിച്ചിരുന്ന പച്ചരി, പുഴുക്കലരി, പുഞ്ചയരി എന്നിവയും ഗോതമ്പും ഉള്‍പ്പെടെ 500 ചാക്ക് ധാന്യങ്ങളാണ് കണ്ടെത്തിയത്. അരിമില്ലുകാര്‍ക്ക് കൈമാറി കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതിനായി റേഷന്‍ വ്യാപാരികളില്‍ നിന്നു സംഭരിച്ചവയായിരുന്നിത്. റേഷന്‍ കടകളില്‍ നിന്നു രാത്രിയില്‍ സാധനങ്ങള്‍ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. റേഷന്‍ ധാന്യങ്ങള്‍ വേറെ ചാക്കിലാക്കി വന്‍കിട അരിമില്ലുകള്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത സാധനങ്ങളുടെ തൂക്കം രേഖപ്പെടുത്തിയശേഷം രാത്രിയോടെ സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍. ഹരിപ്രസാദ്, താലൂക്ക് സപ്ലൈ ഓഫിസര്‍ എ.ജെ. മാത്യു, സിവില്‍സപ്ലൈസ് ഗോഡൗണ്‍ മാനേജര്‍ വി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ചേര്‍ത്തല എസ്‌ഐ ജി. അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ഉണ്ടായിരുന്നു. കേസെടുത്തതായി എസ്‌ഐ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.