സ്തനാര്‍ബുദത്തെ അറിയാം; പ്രതിരോധിക്കാം

Saturday 14 October 2017 12:36 pm IST

സ്തനകോശങ്ങളുടെ അമിത വളര്‍ച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാര്‍ബുദം. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാം. ലോകത്താകമാനമുള്ള അര്‍ബുദ രോഗങ്ങളില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സ്തനാര്‍ബുദത്തിന്. സ്തനാര്‍ബുദബാധയ്ക്കുള്ള സാധ്യത സ്ത്രീകളില്‍ 12 ശതമാനമാണ്. പ്രായം വര്‍ദ്ധിക്കും തോറും സ്തനാര്‍ബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു. ലോകത്ത് എട്ടിലൊന്ന് സ്ത്രീകള്‍ക്ക് എന്ന തോതിലാണ് സ്തനാര്‍ബുദം ബാധിക്കുന്നത്. കുടുംബാംഗങ്ങളിലാര്‍ക്കും തന്നെ സ്തനാര്‍ബുദം വന്നിട്ടില്ല എന്നു കരുതി മുന്‍കരുതലെടുക്കാതിരിക്കരുത്. സാദ്ധ്യതകള്‍ ജനിതക സാഹചര്യവും കുടുംബപശ്ചാത്തലവും: സ്തനാര്‍ബുദം ഒരു പാരമ്പര്യരോഗമായി അവകാശപ്പെടുവാന്‍ സാധിക്കില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും വന്നിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും അത്തരക്കാരില്‍ സ്തനാര്‍ബുദത്തിന്റെ തോത് ഗണ്യമായി ഏറിവരുന്നതാണ്. ആര്‍ത്തവം നേരത്തെയള്ള ആര്‍ത്തവാരംഭവും വൈകിയുള്ള ആര്‍ത്തവവിരാമവും സ്തനാര്‍ബുദത്തിനുള്ള സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണവും ജീവിതരീതിയും കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം മൂലം, ആല്‍ക്കഹോളിന്റെ അമിതമായ ഉപയോഗം ഇവ, സ്തനാര്‍ബുദത്തിന് വഴിവെക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍ ആണ്. ഹോര്‍മോണുകളുടെ പങ്ക് ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണ്‍ സങ്കരങ്ങള്‍, ആര്‍ത്തവവിരാമക്കാരില്‍ ഉപയോഗത്തിനു നിര്‍ദ്ദേശിക്കപ്പെടുന്ന ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ എന്നിവ അനുകൂല സാഹചര്യം സൃഷ്ടിക്കുവാന്‍ പോന്നവയാണ്. പാലുല്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍, ക്ഷീര വഹന നാളികള്‍ എന്നിവയിലാണ് പ്രദാനമായും സ്തനാര്‍ബുദം കാണപ്പെടുന്നത് സാധ്യതയുള്ളവര്‍

 • 50- വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍
 • പാരമ്പര്യമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദമുണ്ടായിട്ടുണ്ടെങ്കില്‍
 • 10 വയസ്സിനുമുമ്പ് ആര്‍ത്തവം ആരംഭിച്ചിട്ടുള്ളവര്‍
 • 55 വയസ്സിനുശേഷം/വളരെ വൈകി ആര്‍ത്തവ വിരാമം ഉണ്ടായിട്ടുള്ളവര്‍
 • പാലൂട്ടല്‍ ദൈര്‍ഘ്യം കുറച്ചവര്‍
 • ഒരിക്കലും പാലൂട്ടാത്തവര്‍
 • ആദ്യത്തെ ഗര്‍ഭധാരണം 30 വയസ്സിനുശേഷം നടന്നവര്‍
 • ഒരിക്കലും ഗര്‍ഭിണിയാകാത്ത സ്ത്രീകള്‍
 • ആര്‍ത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവര്‍
 • ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാന്‍സര്‍ ജീനുകളുള്ളവര്‍
ലക്ഷണങ്ങള്‍
 • സ്തനത്തിലുണ്ടാകുന്ന മുഴകള്‍.
 • സ്തനാകൃതിയില്‍ വരുന്ന മാറ്റങ്ങള്‍.
 • തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍.
 • മുലഞെട്ട് ഉള്ളിലോട്ടു വലിഞ്ഞിരിക്കുക.
 • മുലക്കണ്ണില്‍ നിന്നുള്ള ശ്രവങ്ങള്‍
 • മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം
 • കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം
ചികിത്സ സ്തനാര്‍ബുദ ചികിത്സയുടെ ഏറ്റവും കാതലായ വശം, അര്‍ബുദത്തെ ആരംഭദശയില്‍ തന്നെ കണ്ടെത്തുകയെന്നതാണ്. രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവന്‍ തന്നെയോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. സ്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കക്ഷത്തിലെ ഗ്രന്ഥികളും നീക്കം ചെയ്യും. ഈ ഗ്രന്ഥികള്‍ കൂടാതെ സ്തനങ്ങള്‍ മാത്രമായും നീക്കംചെയ്യാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ സ്തനം നീക്കംചെയ്യാതെ, അര്‍ബുദകലകളെ മാത്രം വേരോടെ പറിച്ചുമാറ്റുന്ന രീതിയുമുണ്ട്. സ്ത്രീകള്‍ക്കുമാത്രം ബാധിക്കുന്ന രോഗമാണിതെന്ന് പലര്‍ക്കും ഒരു മിഥ്യാ ധാരണയുണ്ട്. പുരുഷന്മാര്‍ക്കും സ്താനാര്‍ബുദമുണ്ടാകാറുണ്ട്. എങ്കിലും രോഗസാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.