വള്ളക്കടവ് പാലം നിര്‍മാണം: കളക്ടറുടെ തീരുമാനം നടപ്പാക്കണമെന്ന് ജനകീയവേദി

Saturday 14 October 2017 2:23 pm IST

തിരുവനന്തപുരം: പുരാതനമായ വള്ളക്കടവ് പാലം അടിയന്തരമായി പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗ തീരുമാനം നടപ്പാക്കണമെന്നും വള്ളക്കടവ് ജനകീയവേദി ആവശ്യപ്പെട്ടു. നൂറ്റിമുപ്പതോളം വര്‍ഷം പഴക്കമുള്ളതും നഗരത്തില്‍ നിന്ന് ശംഖുംമുഖത്തുള്ള ആഭ്യന്തര വിമാനത്താവളത്തിലേക്കും ബീമാപള്ളി, വെട്ടുകാട് തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുമുള്ള പ്രധാനവഴിയുമാണ് വള്ളക്കടവ് പാലം. മാത്രമല്ല വര്‍ഷത്തില്‍ രണ്ടുതവണ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി, പൈങ്കുനി ആറാട്ടുകള്‍ കടന്നുപോകുന്നതുമൂലം ചരിത്രപ്രസിദ്ധവുമാണ്. ഇത് പുനര്‍നിര്‍മിക്കാനുള്ള നടപടി കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നടന്നുവരുന്നുവെങ്കിലും യാഥാര്‍ഥ്യമായില്ല. ഈ അനിശ്ചിതത്വം നീക്കുന്നതിനാണ് മാര്‍ച്ച് 29 ന് കളക്ടര്‍ പ്രദേശത്തെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമുദായിക സന്നദ്ധസംഘടനാ നേതാക്കളുടെയും യോഗം വിളിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയപാലം നിര്‍മിക്കുമ്പോള്‍ വരാവുന്ന കാലതാമസം പരിഗണിച്ച് നിലവിലെ പാലം ശാസ്ത്രീയമായി ബലപ്പെടുത്താനും ശേഷം വിദഗ്ധപഠനം നടത്തി ആവശ്യമായ ഭൂമി ഏറ്റെടുത്ത് പുതിയപാലത്തിന്റെ പണി പൂര്‍ത്തിയാക്കാനുമാണ് യോഗം തീരുമാനിച്ചത്. പാലം പണി ആരംഭിക്കും മുമ്പ് യാത്രയ്ക്ക് ബദല്‍ സംവിധാനമൊരുക്കാനും ധാരണയായിരുന്നു. ഇതിന് വിരുദ്ധമായി മറ്റു കാര്യങ്ങളൊന്നും നടപ്പാക്കാതെ മനുഷ്യാവകാശകമ്മീഷനില്‍ പാലം അപകടത്തിലാണെന്ന് ഒരുവ്യക്തി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ വള്ളക്കടവ് പാലം വഴിയുള്ള വാഹന ഗതാഗതം തിരിച്ചുവിടാന്‍ അധികൃതര്‍ നടപടിക്കൊരുങ്ങിയത് നാട്ടുകാരില്‍ ശക്തമായ പ്രതിഷേധത്തിനു കാരണമായി. ഇതിനെതിരെ വള്ളക്കടവ് ജനകീയവേദിയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ ചേരുകയും പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു. വള്ളക്കടവ് മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് എ. സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷാജിതാ നാസര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി വള്ളക്കടവ് നിസാം, ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എന്‍. വിക്രമന്‍ നായര്‍, ഡോ സ്റ്റാന്‍ലി ജോണ്‍സ്, അഡ്വ ജി. മുരളീധരന്‍, ഇ. സനോഫര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.