കുഞ്ഞുങ്ങള്‍ക്ക് ഇപ്പോഴും നല്‍കുന്നത് മോശം ആഹാരം

Saturday 14 October 2017 2:49 pm IST

പത്തനാപുരം: അങ്കണവാടികളില്‍ വിതരണം ചെയ്യുന്നത് പഴകിയ ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ജോലി നഷ്ടമാകുമെന്ന പേടിയില്‍ ജീവനക്കാര്‍ പരാതിപ്പെടാന്‍ മടിക്കുന്നു. പയര്‍, ഗോതമ്പ് തുടങ്ങിയവയില്‍ പുഴുവും ചെറിയ പ്രാണികളും ഉണ്ടാകാറുണ്ട്. അങ്കണവാടികളില്‍ നിന്നും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാരപ്പൊടിയിലും മാലിന്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. പലപ്പോഴും കുട്ടികള്‍ക്ക് കൊടുക്കാന്‍ പോലും കഴിയാത്ത രീതിയില്‍ സാധനങ്ങളില്‍ നിന്നും ദുര്‍ഗന്ധവും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം പിറവന്തൂര്‍ അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ നിന്നും ചത്ത പല്ലിയെ ല‘ിച്ചിരുന്നു.പിറവന്തൂര്‍ പുളിമൂട്ടില്‍ വീട്ടില്‍ രാധികയുടെ മകന്‍ ആദിദേവിന് ലഭിച്ച അമൃതം പൊടിയില്‍ നിന്നാണ് ചത്ത പല്ലിയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. പത്തനാപുരം പഞ്ചായത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളായ മാങ്കോട്, പൂങ്കൂളഞ്ഞി, ചിതല്‍വെട്ടി മേഖലയിലെ അങ്കണവാടികളില്‍ തുടര്‍ച്ചയായി എത്തുന്ന ഭക്ഷ്യവസ്തുക്കളില്‍ മാലിന്യങ്ങള്‍ ഉണ്ടാകാറുണ്ട്. സാമൂഹ്യനീതിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസിനാണ് അങ്കണവാടികളുടെ ചുമതല.‘ഭക്ഷ്യവസ്തുക്കളടക്കം എത്തിക്കുന്നതിന് ഐസിഡിഎസ് കരാര്‍ നല്‍കുകയാണ് പതിവ്. കരാര്‍ വഴിയെത്തുന്ന വസ്തുക്കളിലാണ് മാലിന്യങ്ങള്‍ ഉണ്ടാകുന്നത്. പുനലൂര്‍ ഐക്കരക്കോണത്ത് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാല്യം ന്യൂട്രില്‍സ് യൂണിറ്റാണ് അങ്കണവാടികളില്‍ അമൃതം പൊടി എത്തിക്കുന്നത്. ഇത്തരം വസ്തുക്കളില്‍ യാതൊരു പരിശോധനയും നടത്താതെ നേരിട്ട് കുട്ടികളിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പട്ടാഴി തെക്കേത്തേരി അങ്കണവാടിയില്‍ പോഷകാഹാരപൊടിയില്‍ നിന്നും ചത്ത പല്ലിയെ കിട്ടുകയും അമൃതം പൊടിക്ക് പകരം കീടനാശിനി പായ്ക്കറ്റ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കളിലെ കേടുപാടുകളെപറ്റിയോ കാലപ്പഴക്കത്തെ പറ്റിയോ പരാതി പറയാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല. പരാതി പറഞ്ഞാല്‍ തന്നെ ഫണ്ടിന്റെ പോരായ്മയും ജോലിനഷ്ടവും പറഞ്ഞ് അധികാരികള്‍ ഇവരെ ഭീഷണിപ്പെടുത്തുന്നതായി രക്ഷിതാക്കള്‍ പറയുന്നു. കുട്ടികളുടെ പരിമിതികാരണം മേഖലയിലെ അങ്കണവാടികള്‍ എല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.