സിപിഎം നേതൃത്വം വിചാരിച്ചിരുന്നെങ്കില്‍...

Sunday 15 October 2017 2:24 pm IST

കേരളത്തിലെ കൊലപാതകങ്ങള്‍ക്ക് തുടക്കംകുറിച്ചത് ആര്‍എസ്എസ് ആണെന്ന സിപിഎം വാദം കല്ലുവച്ച നുണയാണ്. എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ അക്രമം അഴിച്ചുവിടുക എക്കാലത്തെയും കമ്മ്യൂണിസ്റ്റ് ശൈലിയാണ്. കേരളത്തില്‍ സിപിഎം കൊലക്കത്തിക്ക് ഇരയായതില്‍ കോണ്‍ഗ്രസ്, സിപിഐ, മുസ്ലിംലീഗ് തുടങ്ങി എല്ലാ വിഭാഗങ്ങളുമുണ്ട്. ആര്‍എസ്എസും ബിജെപിയുമായി സിപിഎം സംഘര്‍ഷത്തിലേര്‍പ്പെടുന്നത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളായി സിപിഎം നില്‍ക്കുന്നതിനാലാണെന്ന പ്രചാരണം ശുദ്ധകളവാണ്. കണ്ണൂരില്‍ നടന്ന സിപിഎം-ആര്‍എസ്എസ്, ബിജെപി സംഘര്‍ഷത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ഒരിടത്തും ആര്‍എസ്എസ്-ന്യൂനപക്ഷ സംഘര്‍ഷം ഉണ്ടായിരുന്നില്ല. സിപിഎം പ്രചാരണം കേള്‍ക്കുന്ന ഏതൊരാളും കരുതുക ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി അക്രമം അഴിച്ചുവിട്ടപ്പോള്‍ അതു തടയാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് എന്നാണ്. കണ്ണൂരിലെ മതന്യൂനപക്ഷങ്ങള്‍ ആര്‍എസ്എസുമായി ഒരിടത്തും സംഘര്‍ഷത്തിലല്ല. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. കണ്ണൂരില്‍ വധിക്കപ്പെട്ടവര്‍ നോക്കിയാല്‍ അവരില്‍ 90 ശതമാനവും മുന്‍ സിപിഎമ്മുകാരാണെന്ന് വ്യക്തമാവും. സിപിഎം വിട്ടവര്‍ ആര്‍എസ്എസ്-ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളിലേക്ക് വലിയതോതില്‍ ചേര്‍ന്നതാണ് സംഘര്‍ഷകാരണം. സിപിഎം വിട്ടുപോകുന്നവര്‍ക്കുള്ള താക്കീതായിട്ടാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. സിപിഎമ്മിന്റെ ആശയപാപ്പരത്തം തിരിച്ചറിഞ്ഞാണ് ജനങ്ങള്‍ വന്‍തോതില്‍ ആര്‍എസ്എസിലേക്ക് ഒഴുകിയെത്തിയത്. ഇതിനെ ആശയപരമായി ചെറുക്കാന്‍ കഴിവില്ലാതെയാണ് സിപിഎം ആയുധം കയ്യിലേന്തുന്നത്. ഏതൊരക്രമത്തേയും ന്യായീകരിക്കാന്‍ മാര്‍ക്‌സിസ്റ്റ്കള്‍ നിരത്തുന്ന വാദഗതിയാണ് തങ്ങള്‍ ആര്‍എസ്എസ് ഫാസിസത്തെ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന്. രാഷ്ട്രീയ തിമിരം ബാധിച്ച ഒരുപറ്റം മാധ്യമങ്ങളും, രാഷ്ട്രീയപക്ഷപാതമുള്ള സാംസ്‌കാരിക നായകന്മാരും എത്ര വെള്ളപൂശാന്‍ ശ്രമിച്ചാലും മാര്‍ക്‌സിസ്‌ററുകളുടെ മുഖംമൂടി അഴിഞ്ഞുവീഴുകതന്നെ ചെയ്യും. കേരളത്തില്‍ ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന അക്രമത്തെ പ്രതിരോധിക്കുക മാത്രമേ ചെയ്യന്നുള്ളൂ എന്നുപറയുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം: കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതും പദ്ധതി തയ്യാറാക്കിയതും എന്തിനായിരുന്നു. മട്ടന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരായ അഞ്ചു നിരപരാധികളെ ചുട്ടുകൊന്നത് എന്തിനു വേണ്ടിയായിരുന്നു. മുഴക്കുന്നിലെ സിപിഐ നേതാവായ സഖാവ് പി. ദാമോദരനെ കൊന്നത് എന്തിനായിരുന്നു. കണ്ണൂരില്‍ മാത്രം അന്‍പതിലധികം കോണ്‍ഗ്രസ്സുകാരെ കൊന്നത് എന്തിനായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കാന്‍ പിണറായിയിലെ പാറപ്പുറത്ത് ഒരുമിച്ചുകൂടിയ 20 പേരില്‍ ഒരാളായിരുന്ന പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ കണ്ണിന് കാഴ്ചക്കുറവുള്ള പാണ്ട്യാല ഷാജിയെ കൊല്ലാക്കൊല ചെയ്തത് എന്തിനുവേണ്ടിയായിരുന്നു. സിപിഎമ്മിനുവേണ്ടി എഴുതിയും പ്രസംഗിച്ചും ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുള്ള പോള്‍ സക്കറിയയെ പയ്യന്നൂരിലെ പൊതുവേദിയില്‍ കയറി കയ്യേറ്റം ചെയ്തത് എന്തിനായിരുന്നു.നവോത്ഥാന നായകനായ ശ്രീനാരയണഗുരുദേവനെ കുരിശില്‍ തറച്ചും, കഴുത്തില്‍ കയറിട്ടും പൊതുജനമദ്ധ്യത്തില്‍ അപമാനിച്ചത് എന്തിനായിരുന്നു. സിപിഎം കൊലചെയ്ത അരിയില്‍ ഷുക്കൂറും മുഹമ്മദ് ഫസലും ആര്‍എസ്എസ്സുകാരായിരുന്നില്ലല്ലോ. എന്തിനാണ് അവരടക്കം അരഡസനോളം മുസ്ലിംലീഗ് പ്രവര്‍ത്തകരെ കൊന്നുതള്ളിയത്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് അക്രമത്തിന്റെ വഴികാട്ടിയായ എം.വി. രാഘവന്റെ വീടും പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്തല്‍ കേന്ദ്രവും തീയിട്ടു നശിപ്പിച്ചത് എന്തിനായിരുന്നു. തികഞ്ഞ കമ്മ്യൂണിസ്‌റ്റെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞ ടി.പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടികൊലപ്പെടുത്തിയത് എന്തിനായിരുന്നു. ഈരാറ്റുപേട്ട പത്താഴപ്പടി കുന്നുംപുറത്ത് നസീറും പെരിഞ്ഞനം നവാസും സിപിഎമ്മിന്റെ കൊലക്കത്തിയുടെ വെട്ടേറ്റ് മരിച്ചുവീഴുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ ആയിരുന്നില്ലേ, ആര്‍എസ്എസുകാര്‍ ആയിരുന്നില്ലല്ലോ. കോവളത്ത് വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ അന്താരാഷ്ട്ര പ്രശസ്തനായ ടി.പി. ശ്രീനിവാസനെ പോലിസ് സാന്നിദ്ധ്യത്തില്‍ പരസ്യമായി എസ്എഫ്‌ഐക്കാര്‍ അടിച്ചു താഴെയിട്ടത് എന്തിനായിരുന്നു. എറണാകുളം ജില്ലാ ആശുപത്രിയില്‍ പി. ജയരാജനെ ഹാജരാക്കിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച 'ജനയുഗം' ഫോട്ടോഗ്രാഫര്‍ വി.എന്‍. കൃഷ്ണപ്രസാദിനെ മര്‍ദ്ദിച്ച് ക്യാമറ തകര്‍ത്തത് ഏത് ഫാസിസത്തെ പ്രതിരോധിക്കാനാണ്. പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലായ ഡോ. സരസുവിന് വിരമിക്കുന്ന ദിവസം ശവമഞ്ചമൊരുക്കിയത് ഏത് അസഹിഷ്ണുതയെ ഇല്ലാതാക്കാനാണ്. കണ്ണൂരില്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി മര്‍ദ്ദിച്ചതും, ഇനിയും മര്‍ദ്ദിക്കുമെന്ന് ഫോണില്‍ ഭിഷണിപ്പെടുത്തിയതും ഏത് പത്രസ്വാതന്ത്ര്യത്തെ സംരക്ഷിക്കാനാണ്. വടകരയിലെ വിനീത കോട്ടായി എന്ന വീട്ടമ്മയും, ആലപ്പുഴ സ്വദേശി നിര്‍മ്മല്‍ മാധവനും, കണ്ണൂരിലെ ചിത്രലേഖ എന്ന ദളിത് വനിതയായ ഓട്ടോ ഡ്രൈവറും അനുഭവിക്കേണ്ടി വന്ന ഊരുവിലക്കുകളും കഷ്ടപ്പാടുകളും എന്തിനു വേണ്ടിയായിരുന്നു. സിപിഎം നിര്‍ദേശം ചെവിക്കൊള്ളാത്തതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍തന്നെയായ വിമുക്തഭടന്റെ വീട്ടിലെ വിവാഹം അലങ്കോലപ്പെടുത്താന്‍ റോഡ് തടസ്സപ്പെടുത്തിയത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയായിരുന്നോ. നാദാപുരത്തെ നിരവധി മുസ്ലിം വീടുകള്‍ കൊള്ളയടിച്ചതും സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ചതും കലാപം അഴിച്ചുവിട്ടതും ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടിയായിരുന്നോ. വേണ്ടിവന്നാല്‍ പോലീസ് സ്‌റ്റേഷനുമുന്നിലും ബോംബ് നിര്‍മ്മിക്കുമെന്നുള്ള മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ പരസ്യ വെല്ലുവിളി സമാധാനത്തിനു വേണ്ടിയായിരുന്നോ. പാര്‍ട്ടിയുടെ കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവായിരുന്ന പി. കൃഷ്ണപിള്ളയുടെ മുഹമ്മയിലെ പ്രതിമയുടെ തല സിപിഎമ്മുകാര്‍ തന്നെ തല്ലിത്തകര്‍ത്ത് സ്മാരകത്തിന് തീയിട്ടത് ആര്‍എസ്എസിനെ എതിര്‍ക്കാനായിരുന്നോ. കണ്ണൂര്‍ ജില്ലയിലെ കുട്ടിമാക്കൂല്‍ പഞ്ചായത്തിലെ രണ്ട് ദളിത് യുവതികള്‍ക്കെതിരെ കള്ളക്കേസെടുത്ത് അവരേയും അവരിലൊരാളുടെ കൈക്കുഞ്ഞിനേയും ജയിലിലടച്ചതിന്റെ പിന്നിലെ ദളിത് സ്‌നേഹം വിശദീകരിക്കാമോ. സിപിഎം പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് കേവലം പതിനാറ് വയസ് പ്രായമുള്ള കുട്ടിയെ നഗ്‌നനാക്കി മര്‍ദ്ദിച്ചത് എന്ത് മനുഷ്യാവകാശത്തിന്റെ പേരിലാണ്. ഇത് കേരളത്തില്‍ സിപിഎമ്മിന്റെ ഏതാനും ചില പ്രാകൃത ചെയ്തികളുടെ നേര്‍ചിത്രങ്ങള്‍ മാത്രം. മുകളില്‍ വിവരിച്ച സംഭവങ്ങളില്‍ ഒരാള്‍പോലും ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരോ അനുഭാവികളോ അല്ല. അല്‍പമെങ്കിലും മനുഷ്യത്വം വച്ചുപുലര്‍ത്തുന്നവര്‍ക്ക് ഇതിന് കൂട്ടുനില്‍ക്കാനാവുമോ? സിപിഎം കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു മാത്രമല്ല ഭീഷണി. പൊതുസമൂഹത്തിന്റെ സൈ്വരജീവിതത്തിന് ആകമാനം ഭീഷണിയാണ്. അതില്‍നിന്ന് സ്ത്രീകളോ കുട്ടികളോ ദളിതരോ ഉദ്യോഗസ്ഥരോ സഖ്യകക്ഷി നേതാക്കളോ പ്രവര്‍ത്തകരോ എന്തിനേറെ പറയുന്നു, സ്വന്തം പാര്‍ട്ടി അണികളും നേതാക്കള്‍ പോലും മുക്തരല്ല. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ ശൈലിയാണ് ഇന്ന് സാക്ഷരകേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 1969 ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തൊഴിലാളിയെ പട്ടാപ്പകല്‍ പരസ്യമായി വെട്ടിക്കൊന്ന് മാര്‍ക്‌സിസ്റ്റുകള്‍ കേരളത്തില്‍ തുടക്കമിട്ട രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇന്നും തുടരുകയാണ്. ഈ കേസില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്നുവെന്ന കാര്യം അക്രമരാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ആരും മറക്കാന്‍ പാടില്ല. മുരുക്കുംപുഴയില്‍ യാതൊരു പ്രകോപനവും കൂടാതെ കൗമാരപ്രായക്കാരായ മൂന്നു യുവാക്കളെ കൊന്ന് വയലില്‍ താഴ്ത്തിയതും, പരുമലയില്‍ മൂന്നു കോളജ് വിദ്യാര്‍ത്ഥികളെ പുഴയില്‍ തള്ളിയിട്ടശേഷം കല്ലെറിഞ്ഞുകൊന്നതും, കണ്ണൂരില്‍ സി. സദാനന്ദന്‍ മാസ്റ്ററുടെ ഇരുകാലുകളും വെട്ടിമാറ്റിയതും, ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ സ്വന്തം ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊന്നതും, യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയതും, തില്ലങ്കേരിയില്‍ ഒരു സ്ത്രീയെ ബോംബെറിഞ്ഞ് കൊന്നതും, ഒരു വീട്ടിലെ അച്ഛനേയും മകനേയും വെട്ടിക്കൊന്നതും ഉള്‍പ്പെടെ സിപിഎം നടത്തിയിട്ടുള്ള എണ്ണിയാലൊടുങ്ങാത്ത കൊലപാതകങ്ങള്‍ കേരള സമൂഹം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍, യഥാര്‍ത്ഥ കുറ്റക്കാരെ സമൂഹത്തിനു മുന്നില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ അക്രമപരമ്പരകള്‍ എന്നേ അവസാനിച്ചേനെ. മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരായി പ്രതിരോധത്തിന്റെ ഉരുക്കുമതില്‍ സൃഷ്ടിച്ച് സംഘപരിവാര്‍ മുന്നോട്ടു പോയപ്പോള്‍ സിപിഎമ്മിന് ഒരു കാര്യം മനസിലായി; എതിര്‍ക്കുന്തോറും പതിന്മടങ്ങ് ശക്തിയോടെ ആര്‍എസ്എസ് പ്രവര്‍ത്തനം വര്‍ദ്ധിക്കുകയാണ്. അതുവരെ ആര്‍എസ്എസിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് അക്രമം അഴിച്ചുവിട്ടുകൊണ്ടിരുന്നവര്‍ പതുക്കെ പതുക്കെ അടവുമാറ്റാന്‍ തുടങ്ങി. 1990 കളുടെ അവസാനംവരെ ഉന്മൂലന സിദ്ധാന്തവുമായി നടന്നിരുന്നവര്‍ രണ്ടായിരം കടന്നപ്പോഴേക്കും പ്രതിരോധത്തിന്റെ പരിച ഉയര്‍ത്താന്‍ തുടങ്ങി. മാര്‍ക്‌സിസ്റ്റ് അസഹിഷ്ണുതയുടേയും ഉന്മൂലനത്തിന്റേയും ചോരപുരണ്ട ഭൂതകാലത്തിന് നുണയുടെ കവചങ്ങള്‍ തീര്‍ത്ത് ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കുക എന്ന തന്ത്രമാണ് സിപിഎം പരീക്ഷിച്ചത്. അതിനവര്‍ക്ക് കൂട്ടായി കേരളത്തിലെ ആര്‍എസ്എസ് വിരുദ്ധ, ദേശവിരുദ്ധ ആശയഗതിക്കാരായ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ജിഹാദികളും രംഗത്ത് എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. ഇരയേയും വേട്ടക്കാരനേയും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതില്‍ ഒരുപരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു. സംഘടനാസ്വാതന്ത്ര്യം തങ്ങള്‍ക്കും തങ്ങളുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും മാത്രം എന്നതാണ് ജനമറിയുന്ന സിപിഎം നിലപാട്. വിശ്വസിക്കുന്ന ആശയത്തിലും സംഘടനയിലും പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നിരന്തരം ഭീഷണി നേരിടേണ്ടിവരുന്നു. സിപിഎം ആധിപത്യപ്രദേശങ്ങളില്‍ രണ്ടാംതരക്കാരായി മറ്റുള്ളവര്‍ അടങ്ങിയൊതുങ്ങിക്കഴിയേണ്ട സ്ഥിതിയാണ്. വിവാഹച്ചടങ്ങ്, എന്തിന് മരണാനന്തരച്ചടങ്ങുപോലും പാര്‍ട്ടിനേതാക്കളുടെ ഇംഗിതമനുസരിച്ചേ ആകാവൂ എന്നാണ് കല്‍പ്പന. ഈ സാഹചര്യം നാടിന് ശാന്തിയേകുന്നതാണോ? വരുംതലമുറയെങ്കിലും ഭയാശങ്കകള്‍ കൂടാതെ വളര്‍ന്നുവരേണ്ടതില്ലേ. അതിന് നാട്ടില്‍ സമാധാനമുണ്ടായേ തീരൂ. അതിന് ആദ്യ ചുവടുവയ്‌ക്കേണ്ടത് സിപിഎംതന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.