ജില്ലയില്‍ തിരുവങ്ങാട്ടും ബക്കളത്തും ശബരിമല സ്ഥിരം ഇടത്താവളം ഒരുക്കും

Saturday 14 October 2017 10:35 pm IST

കണ്ണൂര്‍: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ജില്ലയില്‍ തിരുവങ്ങാട്ടും ബക്കളത്തും സ്ഥരം ഇടത്താവളമൊരുക്കും. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാനത്ത് 145 കോടി രൂപ ചെലവില്‍ 19 ഇടത്താവളങ്ങളാണ് സ്ഥാപിക്കുന്നത്. ഓഡിറ്റോറിയം, വിശ്രമകേന്ദ്രം, ഡോര്‍മെറ്ററികള്‍, വെജിറ്റേറിയന്‍ ഹോട്ടല്‍, പാര്‍ക്കിങ്ങ് ഏരിയ, 500 പേര്‍ക്ക് ഒരേസമയം കുളിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുമുള്ള സൗകര്യം, വിവര വിനിമയകേന്ദ്രം എന്നിവക്ക് പുറമേ സ്ഥലസൗകര്യങ്ങളുള്ള കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ പമ്പുകളും ഒരുക്കും. ജില്ലയില്‍ ബക്കളം നെല്ലിയോട്ട് ഭഗവതിക്ഷേത്ര പരിരസരം, തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. ഓരോ ഇടത്താവളങ്ങള്‍ക്കും 10 കോടിയോളം രൂപ ചെലവ് വരും. സംസ്ഥാനത്തുടനീളം ഓരോ 50 കിലോമീറ്ററിലും ഒരു ഇടത്താവളം എന്ന കണക്കില്‍ 60 ഇടത്താവളങ്ങള്‍ക്ക് നിര്‍ദ്ധേശമുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ 19 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയപാതയുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്ന സ്ഥലങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഈ വര്‍ഷത്തെ ശബരിമല സീസണ്‍ അവസാനിച്ചാലുടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കാടാമ്പുഴ ഭഗവതിക്ഷേത്രം, ചിനക്കല്ലൂര്‍ ഭഗവതിക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം, തൃക്കേത്തടിയൂര്‍ മഹാദേവക്ഷേത്രം, തൃത്തല്ലൂര്‍ ശിവക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, ചിറക്കുളം ഭഗവതിക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം, മുടിക്കോട് ശിവക്ഷേത്രം, തൃക്കാക്കര വാമനമൂര്‍ത്തിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, വണ്ടാനം ക്ഷേത്രം, ചെങ്ങന്നൂര്‍ ശിവക്ഷേത്രം, പന്തളം ധര്‍മ്മശാസ്താക്ഷേത്രം, കഴക്കൂട്ടം മഹാദേവക്ഷേത്രം, ശംഖുമുഖം ദേവീക്ഷേത്രം, കല്‍പ്പറ്റി മണിയങ്ങാട് ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇടത്താവളങ്ങള്‍ സ്ഥാപിക്കുക. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇടത്താവളങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. നെല്ല്യോട്ട് ക്ഷേത്ര പരിസരത്ത് അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ ഏതാനും വര്‍ഷങ്ങളായി ഇടത്താവളം പ്രവര്‍ത്തിച്ചുവരുന്നുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മുതല്‍ അയ്യപ്പസേവാ സംഘത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബക്കളത്തുള്ള ഇടത്താവളം സിപിഎം സംഘത്തിന്റെ കയ്യിലെത്തിയിരുന്നു. കൊയ്യം ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ മറ്റൊര് ഇടത്താവളം പരിയാരത്തും നടത്തിയിരുന്നു. കേരളത്തിലെ തന്നെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ തളിപ്പറമ്പ് രാജരാജശ്വര ക്ഷേത്ര പരിസരത്ത് ഇടത്താവളം നിര്‍മ്മിക്കുമെന്ന് ദേവസ്വം അധികൃതര്‍ സൂചന നല്‍കിയിരുന്നുവെങ്കിലും പിന്നീട് അത് ബക്കളത്തേക്ക് മാറുകയായിരുന്നു. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ക്ഷേത്രത്തിലും ലഭിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് വര്‍ഷം തോറും ശബരിമല ദര്‍ശനത്തിനായി എത്തുന്നത്. ഇടത്താവളങ്ങള്‍ ഇവര്‍ക്ക് ഒരു പരിധിവരെ അനുഗ്രഹമായി മാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.