ജനവിധി ഇന്ന്‌

Sunday 15 October 2017 8:06 am IST

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നടക്കും. ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണുക. പോസ്റ്റല്‍ വോട്ട് രാവിലെ എട്ടുമണിവരെ സ്വീകരിക്കും. ഇതിനു മുന്നോടിയായി രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിദ്ധ്യത്തില്‍ തുറക്കും. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. വോട്ടെണ്ണലിന് 14 മേശകളാണ് സജീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ നിരീക്ഷകനു ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നിന് ഒരു മേശ കൂടി സജ്ജീകരിക്കും. ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക. ടേബിളുകളില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ്. ഫലം ഉച്ചക്ക് 12 മുമ്പായി പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലീഗും അട്ടിമറി വിജയം സംഭവിക്കുമെന്ന് എല്‍ഡിഎഫും ചരിത്രം സൃഷ്ടിക്കുമെന്ന് എന്‍ഡിഎയും അവകാശപ്പെടുന്നു. നാല് വര്‍ഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ച വേങ്ങരയിലെ ജനങ്ങളുടെ പൊതുവികാരം ഇന്ന് വ്യക്തമാകും. കെ.ജനചന്ദ്രന്‍ മാസ്റ്റര്‍(എന്‍ഡിഎ), കെ.എന്‍.എ.ഖാദര്‍(യുഡിഎഫ്), പി.പി.ബഷീര്‍(എല്‍ഡിഎഫ്) എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം. മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി ഏപ്രില്‍ 25ന് രാജിവെച്ചതോടെ വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 15നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.