ആഢ്യന്‍പാറ തുരങ്കം; പുനര്‍നിര്‍മ്മാണം ഇന്ന് ആരംഭിക്കും

Sunday 15 October 2017 8:07 am IST

നിലമ്പൂര്‍: കനത്തമഴയില്‍ മണ്ണിടിഞ്ഞ് വീണ് അടഞ്ഞ തുരങ്കം പുനര്‍ നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ പൂര്‍ത്തിയായി. ഇന്ന് പ്രവൃത്തി ആരംഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസം 18നാണ് കനത്ത മഴയെ തുടര്‍ന്ന് ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി തുരങ്കത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് പദ്ധതി തടസ്സപ്പെട്ടത്. ഇതോടെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 300 അടിയോളം ഉയരത്ത് നിന്നും കൂറ്റന്‍ പാറ ഉള്‍പ്പെടെ തുരങ്കത്തിന്റെ മുകളിലേക്ക് പതിച്ചത്. പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കത്തിന്റെ കവാടം പൂര്‍ണ്ണമായി അടഞ്ഞിരുന്നു. പിന്നീട് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും കുറഞ്ഞ തുകയുടെ പ്രവൃത്തി ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ പത്തിന് നടന്ന ഇ-ടെണ്ടറില്‍ താമരശ്ശേരി സ്വദേശിയാണ് ടെണ്ടര്‍ എടുത്തിരിക്കുന്നത്. മണ്ണും പാറകളും നീക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തി ഇന്ന് തുടങ്ങി 30ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 18 മുതല്‍ ജലവൈദ്യുതി പദ്ധതിയുടെപ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 1.8കോടിരൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. ഉല്‍പാദനം നവംബര്‍ ഒന്നുമുതല്‍ പുനരാരംഭിക്കാനാണ് വൈദ്യുതി വകുപ്പിന്റെ ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.