പാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു

Sunday 15 October 2017 8:08 am IST

തിരൂര്‍: ജില്ലയിലെ വിവിധ റോഡരികുകളില്‍ വ്യാപകമായി മാലിന്യം തള്ളുന്നത് ജനജീവിതം ദുസഹമാക്കുന്നു. പൊന്മുണ്ടം ബൈപ്പാസ് റോഡിലും പരിസരത്തെ വയലുകളിലേക്കും മാലിന്യം വലിച്ചെറിയുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയായണ്. കോഴിമാലിന്യവും കല്യണവീടുകളിലെ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങളും വായലുകളിലും റോഡരികിലും കുമിഞ്ഞുകൂടി കിടക്കുന്ന അവസ്ഥയാണ്. അറവുമാലിന്യങ്ങള്‍ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും നിക്ഷേപിച്ച് മാലിന്യ മാഫിയ പിടിമുറുക്കുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നിസ്സംഗത പാലിക്കുകയാണ്. കോഴി കച്ചവടം തകൃതിയാകുമ്പോള്‍ അവിടുത്തെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും നടപ്പില്‍ വരുത്താനും അധികൃതര്‍ക്ക് സാധിക്കുന്നില്ല. മാലിന്യം മാറ്റാന്‍ കച്ചവടക്കാര്‍ വേറെ ആളുകള്‍ക്ക് കരാര്‍ നല്‍കുകയാണ് പതിവ്. വലിയ തുകക്ക് മാലിന്യമെടുക്കുന്ന ഇത്തരം സംഘങ്ങള്‍ വഴികളിലും പൊതുസ്ഥലങ്ങളിലുമാണ് ഇവ തള്ളുന്നത്. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലടക്കം കോഴി മാലിന്യങ്ങള്‍ കൊണ്ടുവന്നിടുന്നു. സംസ്ഥാന പാതയടക്കമുള്ള പൊതുനിരത്തുകള്‍ക്കു സമീപവും കുറ്റികാടുകളിലുമാണ് ചാക്കുകളില്‍ നിറച്ച മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ നിക്ഷേപിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ട് തള്ളുന്ന മാലിന്യത്തിന്റെ അസഹ്യമായ ദുര്‍ഗന്ധം പരിസരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണ നഗരത്തെ ആകെ ദുര്‍ഗന്ധത്തിലാക്കി നാലിടങ്ങളില്‍ കോഴി മാലിന്യം തള്ളിയ രണ്ടുപേരടങ്ങുന്ന സംഘത്തെയും വാഹനവും നാട്ടുകാര്‍ പിടികൂടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.