ശബരി റെയില്‍, വിമാനത്താവളം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി : കണ്ണന്താനം

Sunday 15 October 2017 6:46 pm IST

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമായ ശബരി റെയില്‍, വിമാനത്താവളം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പത്തനംതിട്ട പ്രസ്‌ക്ലബില്‍ ശബരിമല സുഖദര്‍ശനം സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യാത്രാസൗകര്യം കാലാനുസൃതമായി ഒരുക്കേണ്ടതുണ്ട്. വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ വിധിവന്ന ശേഷം തുടര്‍ നടപടികള്‍ വേഗത്തിലാക്കും. ഭൂമിയെ സംബന്ധിച്ച കോടതി വിധി സര്‍ക്കാരിന് അനുകൂലമെങ്കില്‍ തടസങ്ങളൊന്നും ഉണ്ടാകില്ല. മറിച്ചാണെങ്കില്‍ ബിലീവേഴ്‌സ് ചര്‍ച്ചുമായി ചര്‍ച്ച നടത്തി ഭൂമി ഏറ്റെടുക്കേണ്ടിവരും. തീര്‍ത്ഥാടനകാലത്തു മാത്രമല്ല, പ്രവാസികളേറെയുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആളുകള്‍ക്കും വിമാനത്താവളം പ്രയോജനപ്പെടും. 25 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ശബരിറെയില്‍ പദ്ധതി എങ്ങും എത്തിയിട്ടില്ല. അലൈന്‍മെന്റിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ താന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ കുറെ ഭാഗങ്ങളില്‍ പരിഹരിച്ചിരുന്നു. ആവശ്യത്തിനു ഫണ്ടില്ലെന്നതാണ് പ്രശ്‌നം. ഇതു പരിഹരിക്കാനാവശ്യമായ ചര്‍ച്ചകളും നടപടികളും ഉണ്ടാകും. ശബരിമല, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവ ഉള്‍പ്പെടുത്തി തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതിക്ക് 100 കോടിയുടെ പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട്. ടൂറിസം സാധ്യതകള്‍ കൂടി പരിഗണിച്ച് വേറെയും തീര്‍ഥാടക സര്‍ക്യൂട്ടുകള്‍ പ്രഖ്യാപിക്കും. പണം അനുവദിക്കാന്‍ കേന്ദ്രത്തിനു കഴിയും. പക്ഷേ, കേരളം പലപ്പോഴും പദ്ധതികള്‍ സമയബന്ധിതമായി സമര്‍പ്പിക്കാതിരിക്കുകയും അനുവദിക്കുന്നവ യഥാസമയം പൂര്‍ത്തിയാക്കുകയും ചെയ്യാറില്ല. ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും സംസ്ഥാനത്ത് എല്ലാം മെല്ലെപ്പോക്കിലാണെന്നും കണ്ണന്താനം പറഞ്ഞു. സംസ്ഥാന ടൂറിസം മന്ത്രിയുമായി പ്രാഥമികമായ ചര്‍ച്ച നടത്തിയിരുന്നു. ബീച്ചുകളുടെ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ദേശീയ തീര്‍ഥാടനകേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കും. ശബരിമലയിലെ എല്ലാ വികസന കാര്യത്തിലും വനം വകുപ്പ് തടസവാദം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. വനം മേഖലയാണ് ഒരു ഇഷ്ടിക പോലും വയ്ക്കരുതെന്ന നിലപാട് ശരിയല്ല. മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ടു തര്‍ക്കം ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിഹരിക്കണം. അടിസ്ഥാന വികസനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനും താന്‍ തയ്യാറാണ്, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മതി. തീര്‍ത്ഥാടനവവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ വികസിപ്പിക്കാന്‍ വിനോദ സഞ്ചാര വകുപ്പിനു കഴിയും. ഗുജറാത്തിലെ വാട്‌നഗര്‍ റെയില്‍വേ സറ്റേഷന്‍ നവീകരിച്ചത് ഇതിനുദാഹരണമാണ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ളവ സംബന്ധിച്ച് പദ്ധതി നല്‍കിയാല്‍ പരിഗണിക്കാവുന്നതാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യന്‍, സുഖദര്‍ശനം പരിപാടി കോ ഓര്‍ഡിനേറ്റര്‍ സി.ജി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.