ഇരുപതിനായിരം കേന്ദ്രങ്ങളില്‍ 21ന് ലഹരിവിരുദ്ധ ജ്വാല

Sunday 15 October 2017 3:29 pm IST

ആലപ്പുഴ: ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തനപരിപാടികള്‍ തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. വിമുക്തി ജില്ലാതല യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറു നഗരസഭകളിലും 67 ഗ്രാമപഞ്ചായത്തുകളിലും വിമുക്തി കമ്മിറ്റികള്‍ രൂപീകരിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്‍.എസ്. സലിംകുമാര്‍ യോഗത്തെ അറിയിച്ചു. ബ്ലോക്ക് തലത്തില്‍ 19 വാര്‍ഡ് കമ്മിറ്റികളും നഗരസഭതലത്തില്‍ 40 വാര്‍ഡ് കമ്മിറ്റികളും ഗ്രാമപഞ്ചായത്ത് തലത്തില്‍ 323 വാര്‍ഡ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. വയലാര്‍, പള്ളിപ്പുറം, കഞ്ഞിക്കുഴി, പട്ടണക്കാട്, തണ്ണീര്‍മുക്കം പഞ്ചായത്തുകളില്‍ കൂടി ഉടന്‍ ഗ്രാമപഞ്ചായത്തുതല കമ്മിറ്റി രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശം നല്‍കി. വിവിധ പഞ്ചായത്തുകളിലെ പൊലീസ് സുരക്ഷാ ഗ്രൂപ്പുകളുടെ അവലോകനം നടത്താനും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. ഒക്‌ടോബര്‍ 21ന് വൈകിട്ട് ആറിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ 20,000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ ജ്വാല തെളിയിക്കും. ഇതോടനുബന്ധിച്ച് വൈകിട്ട നാലിന് കുടുംബശ്രീയുടെ 80 സിഡിഎസുകളില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളില്‍ മന്ത്രിമാരും എം.എല്‍.എ.മാരും ജനപ്രതിനിധികളും ക്ലാസെടുക്കും. സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബുകള്‍ സജീവമാക്കി പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ 183 സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബുകളാണുള്ളത്. വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.