മഹാക്ഷേത്രങ്ങളിലെ പൂജാവിശേഷങ്ങള്‍

Sunday 15 October 2017 5:54 pm IST

പ്രതിഷ്ഠ കഴിഞ്ഞാല്‍ ക്ഷേത്രങ്ങളില്‍ പൂജാദി കര്‍മ്മങ്ങള്‍ എങ്ങനെയെല്ലാം വേണമെന്ന് തന്ത്രിയാണ് നിശ്ചയിക്കേണ്ടത്. ആചാര്യനായ തന്ത്രി ക്ഷേത്ര ശില്‍പ്പത്തില്‍ കലശാഭിഷേകത്തോടെ പ്രതിഷ്ഠ നിര്‍വഹിക്കുമ്പോള്‍ തന്ത്രിയും ക്ഷേത്രവും തമ്മില്‍ ഒരു ഗുരുശിഷ്യഭാവമാണ് ഉളവാകുന്നത്. മന്ത്രോപദേശം കഴിഞ്ഞാല്‍ സാധനാക്രമങ്ങള്‍ ശിഷ്യന് ഗുരുനാഥന്‍ ഉപദേശിച്ചുകൊടുക്കണമല്ലോ. ഈ സ്ഥാനത്താണ് തന്ത്രി പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ പൂജാദികാര്യങ്ങളുടെ ക്രമം നിശ്ചയിക്കുന്നത്. മഹാക്ഷേത്രങ്ങളില്‍ അഞ്ച് പൂജകളും സാധാരണ ക്ഷേത്രങ്ങളില്‍ മൂന്ന് പൂജകളും പതിവുണ്ട്. ചിലപ്പോള്‍ ഇത് ഒരു പൂജ ആയെന്നുംവരാം. ചില ക്ഷേത്രങ്ങളില്‍ ദിവസേന പൂജയില്ലാതെയും ഉണ്ട്. അവിടങ്ങളില്‍ മാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ മറ്റോ പൂജകളേ ഉണ്ടാവുകയുള്ളൂ. ഇതെല്ലാം തന്ത്രി നിശ്ചയമാണ്. സാധനാക്രമങ്ങള്‍ മാറ്റാന്‍ ഗുരുനാഥനവകാശമുള്ളതുപോലെ പൂജാദിക്രമങ്ങള്‍ മാറ്റാന്‍ തന്ത്രിയ്ക്കധികാരമുണ്ട്. സാധാരണ ക്ഷേത്രങ്ങളിലുള്ള മൂന്നു പൂജകള്‍ ഉഷഃപൂജയും ഉച്ചപ്പൂജയും അത്താഴപ്പൂജയുമാണ്. ഗായത്രീ ഉപാസകന്മാര്‍ മൂന്ന് സന്ധ്യകളില്‍ ആണ് ഉപാസന നടത്താറുള്ളത്. അതിനോട് സാമ്യമുള്ളവയാണ് ഈ മൂന്നു പൂജകള്‍ എന്ന് മൊത്തത്തില്‍ പറയാം. അതില്‍ പ്രാതഃസന്ധ്യ താത്വികമായി മൂലാധാരസംബന്ധിയും മദ്ധ്യാഹ്‌ന സന്ധ്യ അനാഹത സംബന്ധിയും, സായംസന്ധ്യ ആജ്ഞാചക്രസംബന്ധിയുമാണ്. ഇവ യഥാക്രമം ബ്രഹ്മാണിയായും വൈഷ്ണവിയായും രുദ്രാണിയായും ഗായത്രീദേവിയെ ഉപാസിക്കുന്ന രീതിയിലാണെന്ന് സന്ധ്യാവന്ദന ക്രമങ്ങളില്‍ കാണാം. അത്താഴപ്പൂജക്കു മുമ്പുതന്നെ വൈകുന്നേരത്തെ ദീപാരാധന ഒരു പൂജയേ അല്ലെന്ന് ഇവിടെ പറഞ്ഞുകൊള്ളട്ടെ. ഉച്ചപൂജ കഴിഞ്ഞ് അടച്ചിരിക്കുന്ന നട വൈകുന്നേരത്തെ ക്രിയകള്‍ക്കായി തുറക്കുമ്പോള്‍ ഒരു ആരതി കൊടുക്കുന്നു എന്നു മാത്രം. സ്വാഭാവികമായും ആ സമയത്ത് ഭക്തന്മാര്‍ അധികമുണ്ടാകുമെന്നതിനാല്‍ സര്‍വ്വ ആഭരണങ്ങളും ചാര്‍ത്തി വിളക്കുകളെല്ലാം തെളിയിച്ച് നടതുറക്കുക മാത്രമാണ്, അവിടെ ചെയ്യുന്നത്. അവിടെ മറ്റ് പൂജാംഗങ്ങളൊന്നുമില്ല. അങ്ങിനെ നട തുറക്കുമ്പോള്‍ ഭക്തജനങ്ങള്‍ക്കുവേണ്ടി ദീപങ്ങള്‍ കൊണ്ടും കര്‍പ്പൂരങ്ങള്‍കൊണ്ടും ഒരാരതി നടത്തുകമാത്രം അവിടെ ചെയ്യുന്നു. പിന്നീട് അത്താഴപ്പൂജക്കുള്ള ഒരുക്കങ്ങളായി. ഇതില്‍ ഉച്ചപ്പൂജ സപരിവാരമായും മറ്റു പൂജകള്‍ ലഘുവായും ചെയ്യുകയാണ് പതിവ്. അങ്ങിനെ ഉച്ചപ്പൂജക്ക് ശ്രീഭൂതബലിയും പതിവുണ്ട്. മഹാക്ഷേത്രങ്ങളില്‍ ഉഷഃപൂജ കഴിഞ്ഞ് സൂര്യപ്രകാശം ബിംബത്തില്‍ തട്ടുമാറ് സൂര്യനുയരുമ്പോള്‍ ഒരു 'എതൃത്ത' പൂജയും ഉച്ചപ്പൂജക്ക് അല്‍പം മുമ്പ് ഏതാണ്ട് 10 മണിയാകുമ്പോള്‍ അതായത് പഴയകാലത്തെ നിഴല്‍ അളന്ന് സമയം കാണുന്ന രീതിയില്‍ 12 അടി നിഴല്‍ വരുന്ന അവസരത്തിലുള്ള 'പന്തീരടിപൂജ'യും നടപ്പുണ്ട്. മൂലാധാരത്തിലുള്ള കുണ്ഡലിന്യുദയമാണ് യഥാര്‍ത്ഥമായ പ്രഭാതം. അതുകഴിഞ്ഞ് അനാഹത ചക്രത്തിലേക്ക് കുണ്ഡലിനി പ്രവേശിക്കുമ്പോള്‍ സൂര്യമണ്ഡലമാരംഭിക്കുകയായി. അത് മദ്ധ്യാഹ്‌നമാണ്. ആ സൂര്യമണ്ഡലം അവസാനിക്കുന്നത്; ചന്ദ്രമണ്ഡലം ആരംഭിക്കുന്നത് ആജ്ഞാചക്രത്തിലാണ്. ഇത് സായംസന്ധ്യയാണ്. അതുകൊണ്ട് മൂന്ന് സന്ധ്യകളേയും സാധാരണക്കാര്‍ ഉപാസിക്കുന്നു. ആജ്ഞാചക്രത്തോടെയുള്ള ചാന്ദ്രമണ്ഡലം രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്നു. അത് കുണ്ഡലിനീശക്തിയുടെ അധോഗമനമാണ്. പിന്നെ വീണ്ടും പ്രഭാതത്തില്‍ കുണ്ഡലിനീശക്തി ഊര്‍ദ്ധ്വഗമനം ആരംഭിക്കുന്നു. ഇത് സാധാരണദേഹത്തില്‍ പിംഗളാനാഡിയിലൂടെയും ഇഡാനാഡിയിലൂടെയുമാണ് നടക്കുക. സാധകന്‍ ഉപാസിക്കേണ്ടത് ഊര്‍ദ്ധ്വഗമനത്തെയാണ്. അതായത് പിംഗളാനാഡിയെയാണ്. അതായത് ഇൗ മൂന്ന് സന്ധ്യകളെയുമാണ്. അങ്ങിനെ പൂജാക്രമങ്ങള്‍ മന്ത്രസാധകന്റെ ദൈനംദിന ഉപാസനാക്രമങ്ങളുടെ വിവിധ വശങ്ങളായി പരിണമിക്കുന്നു. മഹാക്ഷേത്രങ്ങളില്‍ അത്താഴപ്പൂജ കഴിഞ്ഞാല്‍ 'തൃപ്പുക' എന്ന ചടങ്ങുണ്ട്. ധൂപിക്കുക എന്നാണവിടെ പ്രധാന ക്രിയ. ധൂപം വായുവിന്റെ പ്രതീകമാണെന്നു മനസ്സിലാക്കണം. മഹാക്ഷേത്രങ്ങളാകുന്ന ഉഗ്ര സാധകദേഹങ്ങള്‍ അത്താഴപ്പൂജ പ്രതിനിധാനം ചെയ്യുന്ന സന്ധ്യാജപവും കഴിഞ്ഞ് ഉഗ്രമായ പ്രാണായാമത്തോടുകൂടി സമാധിസ്ഥിതിയെ പ്രാപിക്കുന്നു. പള്ളിയുണര്‍ത്തുന്നതോടുകൂടിയുള്ള നിര്‍മ്മാല്യദര്‍ശനം സമാധിയില്‍നിന്നുണര്‍ത്തുന്ന ഒരു യോഗീശ്വരന്റെ പ്രഥമ ദര്‍ശനമാണ്. അതാണ് നിര്‍മ്മാല്യദര്‍ശനത്തിന്റെ പ്രാധാന്യം. ഈ സമയത്ത് ദേവന്‍ യോഗപരമായി പൂര്‍ണ്ണശക്തിയിലായിരിക്കും ഉണ്ടാവുക. രാത്രിയില്‍, ദേവന്മാര്‍ വന്ന് പൂജിക്കുന്നു എന്നും പൂജകഴിഞ്ഞാണ് നിര്‍മ്മാല്യദര്‍ശനമെന്നും സാധാരണ വാദഗതിമേല്‍ പറഞ്ഞ യോഗശാസ്ത്രരഹസ്യത്തിന്റെ പ്രതീകാത്മക പ്രതിപാദനം മാത്രമാകുന്നു. (മാധവജിയുടെ ക്ഷേത്രചൈതന്യരഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.