രായിരനല്ലൂര്‍ മലകയറ്റം 17നും 18നും

Sunday 15 October 2017 6:29 pm IST

പട്ടാമ്പി: ചരിത്ര പ്രസിദ്ധമായ രായിരനല്ലൂര്‍ മലകയറ്റം 17നും 18നും. പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനി നാറാണത്തുഭ്രാന്തന് ദേവീ ദര്‍ശനം ലഭിച്ചുവെന്ന ഐതിഹ്യത്തിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിനുള്ള മലകയറ്റം. ഇത്തവണ തുലാം ഒന്നിന് (17) ഉച്ചയ്ക്ക് സംക്രമം ആരംഭിക്കുന്നതിനാല്‍ രണ്ടിനും (18) മലകയറ്റമുണ്ട്. മലയ്ക്ക് മുകളിലെ ക്ഷേത്രത്തിലും ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകളുണ്ട്. ക്ഷേത്രം തന്ത്രിമാരായ മധുസൂദനന്‍ ഭട്ടതിരിപ്പാട്, രാമന്‍ ഭട്ടതിരിപ്പാട് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പൂജകള്‍. ഇതിന് മുന്നോടിയായി മലമുകളിലെ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും വേദജപവും ആരംഭിച്ചിട്ടുണ്ട്. പട്ടാമ്പിക്കടുത്ത് കൊപ്പം വളാഞ്ചേരി പാതയില്‍ നടുവട്ടത്തിന് സമീപമാണ് ചരിത്രപ്രസിദ്ധമായ രായിരനെല്ലൂര്‍ മല. രണരാഘവനെല്ലൂര്‍ എന്ന പേര് ലോപിച്ചാണ് രായിരനെല്ലൂര്‍ ആയതെന്ന് വിശ്വാസം. നാറാണത്ത് ഭ്രാന്തന്‍ മലയുടെ മുകളിലേക്ക് കല്ലുരുട്ടിക്കയറ്റുകയും താഴേക്ക് തള്ളിയിട്ട് അട്ടഹസിച്ചു ചിരിക്കുകയും ചെയ്തിരുന്നുവെന്നാണ് ഐതിഹ്യം. ആയിരങ്ങള്‍ രായിരനെല്ലൂര്‍ മലയുടെ മുകളിലെത്തി, കുന്നിനുമുകളിലുള്ള നാറാണത്ത് ഭ്രാന്തന്റെ പ്രതിമയും സമീപമുള്ള ദേവീക്ഷേത്രവും ദര്‍ശിക്കും. നാറാണത്ത് ഭ്രാന്തന്‍ തപസ് ചെയ്തു എന്ന് വിശ്വസിക്കുന്ന രായിരനെല്ലൂര്‍ മലയോടു ചേര്‍ന്നുള്ള ഭ്രാന്താചല ക്ഷേത്രത്തിലും തുലാം ഒന്നിന് ഭക്തരെത്തും. ഇത്തവണ രണ്ടു ദിവസം മലകയറ്റമുള്ളതിനാല്‍ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.