ബില്ലുകളില്ല, വില കച്ചവടക്കാര്‍ക്ക് തോന്നുന്നത്

Sunday 15 October 2017 7:48 pm IST

പൊന്‍കുന്നം: പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കച്ചവടക്കാര്‍ തോന്നും പോലെയാണ് വില ഈടാക്കുന്നതെന്ന് ആക്ഷേപം. പൊന്‍ കുന്നത്ത് ടൗണില്‍തന്നെ പല കടകളിലും പലതാണ് വില. ടൗണിന് ഒരുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഓരോ ജംഗ്ഷനിലും ഓരോ വിലയാണ്. ഏത്തപ്പഴം കിലോയ്ക്ക് 40 രൂപമുതല്‍ 80 രൂപവരെയാണ് കച്ചവടക്കാര്‍ തരംപോലെ ഈടാക്കുന്നത്. ഞാലിപ്പൂവനും ഇതേ വില തന്നെയാണ്. പാളയംകോടന്‍പഴം ഒരു കിലോയ്ക്ക് 30 മുതല്‍ 50 രൂപവരെയാണ് വിവിധ കച്ചവടക്കാര്‍ ഈടാക്കുന്നത്. പെനാംഗ്,റോബസ്റ്റ എന്നിവയ്ക്ക് 30, 40 രൂപയും. ഇതുപോലെ തന്നെയാണ് പച്ചക്കറികള്‍ക്കും വിലയെന്നാണ് പരക്കെ ആക്ഷേപമുയരുന്നത്. അടുത്തുള്ള പ്രദേശങ്ങളിലൊന്നും പഴങ്ങള്‍ക്ക് ഇത്രയും വിലയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഓണക്കാലത്ത് ഏത്തക്കായ്ക്കും മറ്റും വില ഉയരുന്നത് പതിവു സംഭവമാണ്.എന്നാല്‍ ഓണം കഴിയുമ്പോള്‍ വില പഴയതിലെത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഓണം കഴിഞ്ഞ് മാസം ഒന്ന് കടന്നുപോയിട്ടും ഏത്തക്കായ് വില കൂടുകയാണ് ചെയ്തത്.ഓണക്കാലത്ത് 75 രൂപയായിരുന്ന വില ഇപ്പോള്‍ 80 വരെയെത്തി. വാഴക്കുലകള്‍ക്ക് വിപണിയില്‍ ദൗര്‍ലഭ്യമുണ്ടെന്നും ഉള്ളതിന് വന്‍ വിലയാണെന്നും കച്ചവടക്കാര്‍ പറയുന്നു. തങ്ങള്‍ക്ക് കിട്ടുന്ന വിലയില്‍നിന്നും ചെറിയ ലാഭം മാത്രം ഈടാക്കിയാണ് വില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം വാഴക്കുലകള്‍ക്കും പഴങ്ങള്‍ക്കും വിലത്തകര്‍ച്ചയുണ്ടായതുമൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്. റോബസ്റ്റ, പെനാംഗ് എന്നിവയ്ക്ക് നാലു രൂപവരെയായിരുന്നു കഴിഞ്ഞവര്‍ഷത്തെ വില. അതുകൊണ്ട് കര്‍ഷകര്‍ വാഴകൃഷിയില്‍നിന്നും പിന്‍മാറിയതാണ് ദൗര്‍ലഭ്യത്തിനും വിലവര്‍ദ്ധനവിനും കാരണമെന്നും കച്ചവടക്കാര്‍ പറഞ്ഞു.വില ഏകീകരണത്തിന് അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.