മെഡിക്കല്‍ പ്രവേശനം ഫീസ് പുനര്‍നിര്‍ണയം ഇനിയും വൈകും

Sunday 15 October 2017 9:02 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെരിറ്റ് സീറ്റുകളിലെ ഫീസ് പുനര്‍നിര്‍ണയം ഈ മാസവും പൂര്‍ത്തിയാകില്ലെന്ന് സൂചന. ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച അഞ്ച് ലക്ഷം ഫീസ് സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ടാണ് ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ആഗസ്ത് 30 ന് നിര്‍ദ്ദേശം നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ ഫീസ് പുനര്‍നിര്‍ണയിച്ച് നല്‍കാം എന്നാണ് സര്‍ക്കാര്‍ അന്ന് സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ ഒന്നരമാസം ആയിട്ടും കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജിന്റെ ഫീസ് മാത്രമാണ് നിര്‍ണയിച്ച് നല്‍കിയത്. ഒക്‌ടോബറില്‍ 22 സ്വാകാര്യ മെഡിക്കല്‍ കോളേജുകളിലെയും ഫീസ് നിര്‍ണയിക്കുമെന്നാണ് ഫീസ് റഗുലേറ്ററി കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആര്‍.രാജേന്ദ്രബാബു അറിയിച്ചത്. മുഴുവന്‍ കോളേജുകളും വരവ് - ചെലവ് കണക്ക് നല്‍കിയെങ്കിലും ഫീസ് നിര്‍ണയം ഇഴഞ്ഞുനീങ്ങുകയാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ നവംബറിലും ഇത് പൂര്‍ത്തിയാകില്ല. കെഎംസിടിക്ക് നിര്‍ണയിച്ച് നല്‍കിയ 4.78 ലക്ഷം ഫീസിനെതിരെ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഫീസ് നിര്‍ണയമാണ് നടത്തിയതെന്നാണ് മാനേജ്‌മെന്റുകളുടെ ആരോപണം. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ മെരിറ്റ് സീറ്റില്‍ അഞ്ച് ലക്ഷം ഫീസും ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയും എന്ന വ്യവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്. ഫീസ് റഗുലേറ്ററി കമ്മീഷന്‍ ഫീസ് പുനര്‍നിര്‍ണയിച്ച് നല്‍കുമ്പോള്‍ തുക തങ്ങള്‍ക്ക് താങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കിടപ്പാടം പോലും പണയപ്പെടുത്തി പലരും പ്രവേശനം എടുത്തത്. ഫീസ് പുനര്‍നിര്‍ണയം വൈകുന്നത് രക്ഷിതാക്കളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. ബാങ്ക് ഗ്യാരണ്ടിയെ സംബന്ധിച്ചുള്ള നിരവധി പരാതികളും ഫീസ് റഗുലേറ്ററി കമ്മീഷന്റെ മുന്നില്‍ എത്തിയിട്ടുണ്ട്. ഇതിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പാലിക്കുന്നില്ല എന്നതിന് തെളിവാണ് ഈ പരാതികള്‍. സ്വാശ്രയ മെഡിക്കല്‍കോളേജുകളെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെയും സ്വാശ്രയ മാനേജ്‌മെന്റ് സംഘടന ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബില്‍ തയ്യാറാക്കിയതെന്നാണ് മാനേജ്‌മെന്റുകള്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പ്രവേശനം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും ഫീസിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രവേശന പരീക്ഷാ നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഫീസ് നിര്‍ണയം നിയമമനുസരിച്ച് നിര്‍ണയിച്ചിരുന്നെങ്കില്‍ ഇത്രയേറെ സാമ്പത്തിക-മാനസിക പ്രയാസങ്ങള്‍ അനുവിക്കേണ്ടി വരില്ലായിരുന്നെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.