കേരളത്തിന് 'തൊഴിലുറപ്പ് ' ഇല്ല

Sunday 15 October 2017 11:12 pm IST

കൊച്ചി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാവി കേരളത്തില്‍ അനിശ്ചിതത്വത്തില്‍. കേന്ദ്ര നിബന്ധനകള്‍ സംസ്ഥാനം വീണ്ടും അട്ടിമറിച്ചതോടെയാണ് പദ്ധതിക്കു മേല്‍ കരിനിഴല്‍ വീണത്. കേന്ദ്രം നല്‍കുന്ന കോടിക്കണക്കിനു രൂപ കൃത്യമായ കണക്കുകളും രേഖകളും നല്‍കാതെ കേരളം ധൂര്‍ത്തടിച്ചു. സോഷ്യല്‍ ഓഡിറ്റ് നടത്തി സുതാര്യമെന്ന് ഉറപ്പുവരുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശവും കേരളം പാലിച്ചില്ല. കേരളത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന സൂചനയാണ് ഇതു നല്‍കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ തൊഴിലുറപ്പ് അവലോകന യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ പദ്ധതി കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടിട്ടും കേരളം തയാറായിട്ടില്ല. പദ്ധതിയിലെ തട്ടിപ്പുകള്‍ പുറത്താകുമെന്ന പേടിയിലാണിതെന്നു സൂചന. ജില്ലാ തലങ്ങളില്‍ ഓംബുഡ്‌സ്മാനെ നിയമിക്കാനും കേരളം നടപടിയെടുത്തില്ല. ചെയ്യുന്ന ഓരോ ജോലിയുടെയും ദൃശ്യങ്ങള്‍ കേന്ദ്രത്തിന് കൈമാറണം. ഇതിലും വീഴ്ചയുണ്ടായി. നിര്‍മ്മാണം നടത്തിയ പ്രദേശങ്ങളില്‍ ഈ പദ്ധതിയിലാണ് അവ ചെയ്തതെന്നു കാണിക്കുന്ന ബോര്‍ഡ് സ്ഥാപിക്കണം. ഇതും പാലിച്ചില്ല. കൂലി നല്‍കുന്നതിന് ആധാര്‍ അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും കേരളം അവഗണിച്ചു. വന്‍ തിരിമറിയാണ് സംസ്ഥാനം നടത്തുന്നതെന്നാണ് കേന്ദ്ര വിലയിരുത്തല്‍. അതുകൊണ്ട് ഇനി കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കണമെങ്കില്‍ കൃത്യമായ കണക്കുകള്‍ ഹാജരാക്കണം, മാനദണ്ഡങ്ങള്‍ പാലിക്കണം. നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ നേരത്തെ കൂലിയിനത്തില്‍ 740 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന ഉറപ്പില്‍ ഉപാധികളോടെയാണ് പിന്നീട് ഈ പണം അനുവദിച്ചത്. എന്നാല്‍, കേരളം വീണ്ടും മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു.