കൊലയ്ക്കുശേഷം സമാധാന ചര്‍ച്ച തട്ടിപ്പ്: കുമ്മനം

Sunday 15 October 2017 11:40 pm IST

കൊട്ടാരക്കര/അടൂര്‍: കൊലപാതകങ്ങളും അക്രമവും നടത്തിയശേഷം ചര്‍ച്ച നടത്തുന്നത് മുഖ്യമന്ത്രി പിണറായിവിജയന്റെ തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍. എല്ലാ സമാധാന ചര്‍ച്ചകളോടും ബിജെപി സഹകരിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ക്കു ശേഷം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ് സിപിഎം ചെയ്തത്. കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 21 രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. കൂടുതലും ആര്‍എസ്-ബിജെപി പ്രവര്‍ത്തകര്‍. ജനരക്ഷാ യാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന ചര്‍ച്ചയാരംഭിച്ച ശേഷമാണ് അഞ്ചുകൊലപാതകങ്ങള്‍ സിപിഎം നടത്തിയത്. ബിജെപി സമാധാന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ്. ചുവപ്പു രാഷ്ട്രീയവും ജിഹാദി രാഷ്ട്രീയവും അക്രമത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. നാട്ടില്‍ സമാധാനമുണ്ടായാലെ വികസനമുണ്ടാകൂ. പ്രകൃതി വിഭവങ്ങള്‍ കൂടുതലുള്ള സംസ്ഥാനമമാണ് കേരളം. എന്നാല്‍ അതൊന്നും പ്രയോജനപ്പെടുത്താന്‍ നമുക്കാകുന്നില്ല. രണ്ടുമുന്നണികള്‍ മാറിമാറി ഭരിച്ച് കേരളത്തില്‍ 1,59,000 കോടിരൂപയുടെ കടമാണ് സമ്പാദിച്ചത്. നമ്മുടെ കൃഷിയും പാരമ്പര്യവ്യവസായങ്ങളുമെല്ലാം അവര്‍ നശിപ്പിച്ചു. കേരളത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ഇടതു വലതുമുന്നണികളുടെ ഭരണം അവസാനിപ്പിക്കണമെന്നും കുമ്മനം പറഞ്ഞു. സിപിഎം ഭീകരപ്രസ്ഥാനമായിമാറിയന്ന് കുമ്മനംരാജശേഖരന്‍ അടൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമത്തിനിരയാകാത്ത ഒരുരാഷ്ട്രീയപാര്‍ട്ടിയും കേരളത്തിലില്ല. ഏറ്റവുംകൂടുതല്‍ കോണ്‍ഗ്രസ്സുകാരെ, ഏറ്റവുംകൂടുതല്‍മുസ്ലീം ലീഗ്കാരെ, ഏറ്റവും കൂടുതല്‍ സിപിഐക്കാരെ ആക്രമിച്ചത് ആര്എന്ന ചോദ്യത്തിന് അവര്‍ക്കു പറയാനുള്ള മറുപടി സിപിഎമ്മുകാരെന്നായിരിക്കും. ബിജെപിയടക്കം എല്ലാപാര്‍ട്ടിയുടേയും പ്രവര്‍ത്തകരെ സിപിഎംകാര്‍ അക്രമിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് കേന്ദ്രങ്ങള്‍ അക്രമിക്കുന്നതില്‍ മുന്നില്‍ സിപിഎമ്മുകാരാണ്. മറ്റ് പാര്‍ട്ടിഓഫിസുകള്‍ അക്രമിക്കുകയും ഇവരുടെ രീതിയാണ്. ബിജെപിയുടെ സംസ്ഥാനകമ്മറ്റി ഓഫീസ് രണ്ടുതവണയാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്.നൂറുകണക്കിന് വീടുകളാണ് മാര്‍ക്സിസ്റ്റ് അക്രമത്തില്‍ തകര്‍ന്നിട്ടുള്ളത്. അക്രമവും ഭീകരപ്രവര്‍ത്തനം തന്നെയാണെന്ന് കുമ്മനം പറഞ്ഞു. അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ തയ്യാറാക്കിയ പരുമലബലിദാനി നഗറില്‍ മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ റിച്ചാര്‍ഡ് ഹേ എം.പി, ബിജെപി സംസ്ഥാനനേതാക്കളായ എം.ടി.രമേശ്,പി.എംവേലായുധന്‍ ജെ.ആര്‍.പത്മകുമാര്‍ പികെകൃഷ്ണദാസ്,രേണുസുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.