മലയാളി യുവാവിനെ ഹൈദരാബാദിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Monday 16 October 2017 9:59 am IST

ഹൈദരാബാദ്: മലയാളി യുവാവിനെ ഹൈദരാബാദിലെ താമസസ്ഥലത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശിയായ അരുണ്‍ പി ജോര്‍ജി (37) നെയാണ് സെക്കന്തരാബാദിനടുത്ത് രാംനഗറിലെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈദരാബാദിലെ ശാഖാ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശനിയാഴ്ച രാത്രി 9തോടെയാണ് അരുണിന്റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കണ്ടെത്തിയത്. ശനിയാഴ്ച നാട്ടിലേക്ക് വിമാനമാര്‍ഗം തിരിക്കാനിരുന്നതാണ് അരുണ്‍. എന്നാല്‍, വൈകുന്നേരമായിട്ടും എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സുഹൃത്തുക്കളെ വിളിച്ച്‌ അന്വേഷിക്കാന്‍ പറയുകയായിരുന്നു. സുഹൃത്തുക്കള്‍ അരുണ്‍ താമസിച്ചിരുന്ന വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുടമയുടെ സഹായത്തോടെ പൂട്ടുതകര്‍ത്ത് അകത്തു കടന്നപ്പോഴാണ് അരുണിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ തലയ്ക്കും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു അരുണ്‍. അലമാര തുറന്ന നിലയില്‍ ആയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കൊലയാളികളെപ്പറ്റി സൂചന ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തൊടുപുഴ പന്നൂര്‍ പറനിലയം വീട്ടില്‍ ജോര്‍ജിന്റെയും എല്‍സമ്മയുടെയും മകനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.