ഹര്‍ത്താല്‍ : ജനം തള്ളി, വ്യാപക അക്രമം

Monday 16 October 2017 9:30 pm IST

ഹര്‍ത്താലില്‍ വലഞ്ഞ്... യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അകപ്പെട്ട്
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്ന കുടുംബം

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ ജനം തള്ളി. ഹര്‍ത്താലില്‍ അക്രമം ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക അക്രമം അരങ്ങേറി. യുഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും സര്‍ക്കാര്‍ ഓഫീസുകളെല്ലാം പതിവ് പോലെ പ്രവര്‍ത്തിച്ചു.

ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ ബാധിച്ചില്ല. പിഎസ്‌സി പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നു. പ്രധാന റൂട്ടുകളിലെല്ലാം കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തി.
കെഎസ്ആര്‍ടിസി ബസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് ആര്യനാട് കെഎസ്ആര്‍ടിസി ബസ്സിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞ് ഗ്ലാസ്സുകള്‍ തകര്‍ത്തു. സെക്രട്ടേറിയറ്റിനു മുന്‍വശത്തുള്ള ടൂവീലര്‍ ഷോറൂമിന്റെ ഗ്ലാസ്സുകളും അടിച്ചു തകര്‍ത്തു.

ഹര്‍ത്താലിന്റെ തലേദിവസം യുഡിഎഫിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് നടത്തിയ പ്രകടനത്തിനിടയില്‍ പൂര്‍ണ്ണഗര്‍ഭിണിയുമായി പോയ വാഹനത്തെ തടഞ്ഞു. വാഹനത്തിനു നേരെ അക്രമമുണ്ടായി. പോലീസ് ഇടപെട്ടാണ് വാഹനത്തെ കടത്തിവിട്ടത്. പാറശ്ശാല, നെയ്യാറ്റിന്‍കര, തിരുവനന്തപുരം നഗരം എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. ബസ് സര്‍വ്വീസ് ഇല്ലാതിരുന്ന റൂട്ടുകളില്‍ യാത്രക്കാരെ സഹായിക്കുന്നതിനായി പോലീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, ഹര്‍ത്താലിനിടെ പ്രകോപനമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒറ്റപ്പെട്ട അക്രമങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

തൃശൂര്‍ ജില്ലയില്‍ പരക്കെ സംഘര്‍ഷം. മുണ്ടൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കുന്നംകുളം ഭാഗത്ത് നിന്ന് വന്ന കെ.എസ്.ആര്‍.ടി .സി ബസ് തടഞ്ഞതാണ് പോലീസ് ലാത്തിച്ചാര്‍ജിനിടയാക്കിയത്. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തതായി പേരാമംഗലം പോലീസ് അറിയിച്ചു.

പാലക്കാട് ഹര്‍ത്താല്‍ അനൂകൂലികള്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. പാലക്കാട് ഡിപ്പോയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് എലപ്പുള്ളി നോമ്പിക്കോട് വെച്ചും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസിന് കോട്ടായിയില്‍വെച്ചുമാണ് കല്ലേറ് നടന്നത്. കല്ലേറില്‍ രണ്ട് ബസുകളുടെയും ചില്ലുകള്‍ തകര്‍ന്നു.

ഇടുക്കിയില്‍ മൂന്നാര്‍, കുമളി മേഖലകളിലെത്തിയ വിനോദസഞ്ചാരികളെ ഹര്‍ത്താല്‍ വലച്ചു. ശബരിമല തീര്‍ത്ഥാടകരും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടി.
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴയില്‍ പോലീസുകാരെ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ സിഐ ബിജു വി. നായര്‍, പോലീസുകാരായ കെ.ആര്‍. ശരവണന്‍, സി.എസ്. പ്രദീപ് കുമാര്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കായംകുളത്ത് അക്രമത്തിനു മുതിര്‍ന്ന കോണ്‍ഗ്രസുകാരെ പോലീസ് ലാത്തിവീശി ഓടിച്ചു.

മാവേലിക്കരയില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അപ്പുക്കുട്ട(53)ന് പരിക്കേറ്റു. ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെത്തി ഭീഷണിമുഴക്കി. ആലപ്പുഴയില്‍ കടതുറന്ന ഉടമയെ കടയ്ക്കുള്ളിലിട്ട് പൂട്ടി ഹര്‍ത്താല്‍ അനുകൂലികള്‍ കടന്നുകളഞ്ഞു. നാട്ടുകാരും പോലീസുമെത്തി കടയുടമയെ രക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.